കുട്ടി ലഹരി ഉപയോഗിക്കുന്നതായി അറിഞ്ഞാൽ രക്ഷിതാക്കൾ ചെയ്യേണ്ടത്!
ഡോ.കിരൺ നാരായണൻ
ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്ത ലഹരി വിരുദ്ധ ദിനം (International Day Against Drug Abuse and Illicit Trafficking) ആയി ആചരിക്കാൻ തീരുമാനിച്ചത്.
ലക്ഷ്യം: ലഹരിയുടെ വ്യാപനം തടയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക. അങ്ങനെ ആരോഗ്യമുള്ള, ലഹരിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കുക
എവിടെത്തിരിഞ്ഞാലും ലഹരിമരുന്ന് ഉപയോഗം ക്യാംപസുകളിലും സ്കൂളുകളിലും ഇപ്പോൾ വളരെ കൂടിയിരിക്കുന്നു. പുകവലി മദ്യപാനം എന്നിവയെപ്പോലെ ഉടൻ പ്രകടമാകുന്ന ലക്ഷണങ്ങൾ ലഹരിമരുന്നുകൾക്കില്ല, ഇവ സ്വകാര്യമായി ഉപയോഗിച്ചാൽ പെട്ടെന്നാരും അറിയില്ല എന്നീ ധാരണകൾ വിദ്യാർഥികളെ ലഹരിമരുന്നിലേക്ക് അടുപ്പിക്കാൻ കാരണമാകുന്നു. ഒപ്പം അവയുടെ ലഭ്യതയും. വിദ്യാർഥികൾ തന്നെ ലഹരിവിൽപനയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുമുണ്ട്.
തുടക്കം തമാശയ്ക്ക്
കൗതുകത്തിന്റെ പേരിൽ ലഹരി വസ്തുക്കളുടെ രുചി അറിയാനോ, തമാശയ്‌ക്കായോ, കൂട്ടുകാരുടെ മുന്നിൽ ഹീറോ ആകാനോ, മുതിർന്ന ആളായി മാറാനുള്ള വ്യഗ്രതയിലോ മറ്റോ തുടങ്ങുന്ന ശീലം പിന്നീട് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത വിധം അവരെ കീഴ്‌പ്പെടുത്തുന്നു. ലഹരി അത് ഉപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ അയാളുടെ കുടുംബത്തെയും, ആ വ്യക്തി ഉൾപ്പെടുന്ന സമൂഹത്തെയും, രാജ്യത്തെയും, രാജ്യസുരക്ഷയെയും വരെ ബാധിക്കുന്ന ഗൗരവമായ പ്രശ്നമാണ്.
നശിപ്പിക്കും ശരീരവും മനസ്സും രക്ഷിച്ചെടുക്കാൻ
കുട്ടി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി അറിഞ്ഞാൽ രക്ഷകർത്താക്കൾ ചെയ്യേണ്ടത്
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധം ഉറപ്പുള്ളതായിരിക്കണം. സ്‌കൂളിലും സ്‌കൂളിൽ നിന്നു വീട്ടിലേക്കുള്ള യാത്രയിലും എന്തൊക്കെ സംഭവിച്ചാലും അതൊക്കെ കുട്ടിക്ക് ഭയം കൂടാതെ വന്നു പറയാനുള്ള സാഹചര്യം നിലവിലുണ്ട് എന്ന് ഓരോ രക്ഷകർത്താവും ഉപ്പു വരുത്തണം. പ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ അതുവന്നു പറഞ്ഞാൽ, അവർക്കു വേണ്ട മാർഗനിർദ്ദേശങ്ങളും സുരക്ഷിതത്വവും നിങ്ങൾ ഉറപ്പു നൽകും എന്നതു കുഞ്ഞുന്നാൾ തൊട്ടേ കുട്ടിക്കു മനസ്സിലാക്കാനാവുന്ന വിധം തന്നെ പറഞ്ഞു ബോധ്യപ്പെടുത്തണം. കുട്ടി ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ അധികൃതരുടെ സഹായത്തോടെ തന്നെ ഒരു വിദഗ്ധ കൗൺസിലറുടെയും മാനസികാര്യോഗ്യ വിദഗ്ധന്റെയും നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കണം.
എക്സൈസ് വകുപ്പ്
കേരളത്തിലെ എക്സൈസ് വകുപ്പ് അവരുടെ കീഴിലെ ഉദ്യോഗസ്ഥർക്ക് അതതു മേഖലയിലെ സ്കൂളുകളുടെ ചുമതല വീതിച്ചു നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്ന വേള മുതൽ, തുടർന്നങ്ങോട്ട് കൃത്യമായ ഇടവേളകളിൽ ആ വിദ്യാലയത്തിലെ കുട്ടികൾക്കായി വിവിധ ബോധവൽക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കുന്നത് ആ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരിക്കും. വിദ്യാർഥികളുടെ ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ, വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുപോകുന്നില്ല എന്ന് ഉറപ്പുവരുത്തി, ആ മേഖലയിൽ ലഹരി എത്തിപ്പെടുന്ന വഴികൾ അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതും പ്രധാനമായും അതത് എക്സൈസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും.
ലഹരിപദാർത്ഥങ്ങൾ നൽകുന്ന ലഹരിക്കുമപ്പുറമാണു നമ്മുടെ ജീവിതം എന്നും, ലഹരിയുടെ നൈമിഷിക സുഖങ്ങൾക്കു പുറത്ത് വളരെ വിശാലവും മനോഹരവുമായ ഒരു ലോകം നമുക്കായി കാത്തിരിപ്പുണ്ട് എന്നും ഓരോ കുട്ടികൾക്കും മനസ്സിലാക്കിക്കൊടുക്കണം. ഈ വിഷയത്തിൽ നമ്മുടെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഈ പ്രചാരണ വാചകം
ലഹരി പിടിച്ചാൽ
ശരീരത്തിലും തലച്ചോറിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് ഭൂരിഭാഗം ലഹരിവസ്തുക്കളും. ഉള്ളിലെത്തുന്ന അളവും, ഉള്ളിലേക്ക് എത്തുന്ന രീതിയും (പുക, കഴിക്കൽ, കുത്തിവയ്പ്പ്) അനുസരിച്ചു ഇവ ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന പരുക്കുകൾ വ്യത്യസ്തമായിരിക്കും. പല ലഹരികളും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, തലച്ചോറിനുള്ളിൽ ഡോപമിൻ എന്ന ഉദ്ദീപന രാസവസ്തുവിന്റെ അളവ് ഉയർത്തുക വഴിയാണ് ഈ ' കിക്ക് ' ലഭ്യമാക്കുന്നത്. കാലക്രമേണ ഇവ തലച്ചോറിന്റെ പൂർണ്ണമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന നിലയിലേക്ക് എത്തിച്ചേരുന്നു.
1. കുറഞ്ഞ രോഗപ്രതിരോധശേഷി, അതുമൂലമുണ്ടാകുന്ന മറ്റ് അസുഖങ്ങൾ
2. ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന അണുബാധകൾ.
3. ദഹനക്കുറവ്, വയറുവേദന, ഓക്കാനം. ഇവ ക്രമേണ വിശപ്പില്ലായ്മയിലേക്കും ശരീരം ശോഷിക്കുന്നതിലേക്കും നയിക്കുന്നു.
4. കരൾവീക്കം.
5. ചുഴലി, പക്ഷാഘാതം, സ്വഭാവ വ്യതിയാനങ്ങൾ.
6. ശ്വാസകോശരോഗങ്ങൾ
7. ഓർമക്കുറവ്, ശ്രദ്ധക്കുറവ്, വേണ്ട സമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതിരിക്കൽ എന്നിങ്ങനെ ദൈനംദിന ജീവിതം അസാധ്യമാകുന്നു.
8. ആത്മനിയന്ത്രണമില്ലായ്മ, സംശയരോഗം, ഉന്മാദാവസ്ഥ, എടുത്തുചാട്ടം.
9. ഗർഭസ്ഥശിശുക്കളിലെ വൈകല്യങ്ങൾ.
10. പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ അനാവശ്യ ശാരീരിക വളർച്ചയിലേക്കും വന്ധ്യതയിലേക്കും നയിക്കുന്നു.
ലഹരിക്ക് അടിമപ്പെട്ട ഏതൊരാൾക്കും അതിൽ നിന്ന് പുറത്തു വരാൻ ആഗ്രഹം ഉണ്ടെങ്കിലും ശരീരവും മനസ്സും അതിന് അനുവദിക്കാറില്ല. അവിടെയാണ് ശാസ്ത്രീയ ചികിത്സയുടെ പ്രാധാന്യം.