അമേരിക്കയുടെ ആ ആഗ്രഹത്തിൽ നിന്നാണ് നാസയുടെ ജനനം!
ഒക്ടോബർ 4–10: രാജ്യാന്തര ബഹിരാകാശ വാരം
ചന്ദ്രൻ: നക്ഷത്രങ്ങളിലേക്കൊരു പടിവാതിൽ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ബഹിരാകാശ വാരം. ബഹിരാകാശയാത്രകൾക്കുള്ള ഇടത്താവളമായി ചന്ദ്രനെ മാറ്റുക എന്നതാണ് ഗവേഷകരുടെ ലക്ഷ്യം.
1957 ഒക്ടോബർ 4. സോവിയറ്റ് യൂണിയന്റെ ഭാഗമായ കസഖ്സ്ഥാനിലെ ബെയ്ക്കനൂരിൽ നിന്നു ലോകത്തെ ആദ്യ കൃത്രിമോപഗ്രഹം, സ്പുട്നിക് 1 കുതിച്ചുയർന്നു. 83 കിലോഗ്രാം ഭാരമുള്ള ആ കുഞ്ഞൻ ഗോളം 3 ആഴ്ച, ചെറിയ റേഡിയോ സിഗ്നലുകൾ അയച്ചുകൊണ്ട് ഭൂമിയെ ചുറ്റിക്കറങ്ങി.
സ്പുട്നിക് ക്രൈസിസ്
250 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന കുഞ്ഞു റേഡിയോ നിലയം– ലോകം മുഴുവൻ അദ്ഭുതത്തോടെ സ്പുട്‌നിക്കിനെ കണ്ടു. സോവിയറ്റ് യൂണിയന്റെ ഈ നേട്ടം അമേരിക്കയിൽ കോളിളക്കമുണ്ടാക്കി. അവർക്കു മുന്നിൽ കൊച്ചായിപ്പോയി എന്നതായിരുന്നു അമേരിക്കക്കാരുടെ സങ്കടം. സോവിയറ്റ് യൂണിയനെ കടത്തിവെട്ടാൻ എന്തു ചെയ്യാമെന്ന് അമേരിക്ക തലപുകച്ചു. സ്പുട്നിക് ക്രൈസിസ് എന്ന വാക്കുതന്നെ ഉണ്ടായി. അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിലുള്ള ശീതസമരത്തിനും കാരണമായി സ്പുട്നിക് എന്ന കുഞ്ഞുപേടകം.സ്പുട്നിക് 1 വിക്ഷേപിച്ച് ഒരു മാസം തികഞ്ഞപ്പോൾത്തന്നെ അതാ സ്പുട്നിക് 2 പേടകവും ആകാശത്ത്. അതിൽ ലെയ്ക്ക എന്ന നായയും ഉണ്ടായിരുന്നു. ഇതുകൂടിയായപ്പോൾ അമേരിക്കയുടെ പിടിവിട്ടു.
മനുഷ്യൻ ബഹിരാകാശത്ത്
സോവിയറ്റ് യൂണിയനു തിരിച്ചടി നൽകാനുള്ള അമേരിക്കയുടെ ആഗ്രഹത്തിൽ നിന്നാണ് 1958ൽ നാസയുടെ ജനനം പോലും.
1958 ജനുവരി 31ന് എക്സ്പ്ലോറർ 1 എന്നു പേരിട്ട പേടകം അമേരിക്കയുടെ ആർമി ബാലിസ്റ്റിക് മിസൈൽ ഏജൻസി വിക്ഷേപിച്ചു.
പിന്നീട് അമേരിക്കയും റഷ്യയും മൽസരിച്ച് പര്യവേക്ഷണം നടത്തി. അമേരിക്ക ഭൂമിക്കു ചുറ്റും കളിക്കുമ്പോൾ റഷ്യ ഭൂമിയെ വിട്ട് ചന്ദ്രനിലേക്കുപോയി. ലൂണ 1 ചന്ദ്രന്റെ ആറായിരം കിലോമീറ്റർ അടുത്തുകൂടി കടന്നുപോയി. ലൂണ 2 ചന്ദ്രനിൽ ഇടിച്ചിറങ്ങി. നാസ ഇതിനിടയിൽ പയനിയർ പേടകം വിക്ഷേപിച്ചു. ഇന്റർപ്ലാനറ്ററി പര്യവേക്ഷണങ്ങളുടെ തുടക്കമായിരുന്നു പയനിയർ. 1961ൽ മനുഷ്യനെ ശൂന്യാകാശത്ത് എത്തിച്ച് ഭൂമിക്കു ചുറ്റും കറക്കി റഷ്യ ശരിക്കും ഞെട്ടിച്ചു.
ഔട്ടർ സ്പേസ് ട്രീറ്റി
ഗവേഷണങ്ങൾ മുന്നേറിയതോടെ ഭൂമിക്കു പുറത്തെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ മനുഷ്യനു കീഴടക്കാൻ പറ്റും എന്നു ലോകത്തിനു ബോധ്യമായി. അവിടത്തെ അധികാരത്തർക്കങ്ങളും ചർച്ച ആയതോടെ ഒരു രാജ്യാന്തര ഉടമ്പടിയുടെ ആവശ്യം ഉയർന്നുവന്നു.
1967 ജനുവരിയിൽ അമേരിക്കയും റഷ്യയും ബ്രിട്ടനും ചേർന്ന് ഒരു ഉടമ്പടിയുണ്ടാക്കി ഒപ്പുവച്ചു. അതേ വർഷം ഒക്ടോബർ 10ന് പ്രാബല്യത്തിലായ ഉടമ്പടി പ്രകാരം ബഹിരാകാശം ആരുടെയും സ്വന്തമല്ല. ഭൂമിക്കു പുറത്തുള്ള ഒരു വസ്തുവിനും ആർക്കും അവകാശം ഉന്നയിക്കാൻ കഴിയില്ല. അവ എല്ലാവരുടേതുമാണ്. സമാധാനപരമായ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ആർക്കും ബഹിരാകാശത്തെയും മറ്റു ജ്യോതിർഗോളങ്ങളെയും പ്രയോജനപ്പെടുത്താം. ഔട്ടർ സ്പേസ് ട്രീറ്റി എന്ന മനോഹരമായ ആ ഉടമ്പടിയിൽ ഇന്ത്യ ഉൾപ്പെടെ 109 രാജ്യങ്ങൾ ഇപ്പോൾ ഒപ്പുവച്ചിട്ടുണ്ട്.
സ്പുട്നിക് വിക്ഷേപിച്ച ഒക്ടോബർ 4, ഔട്ടർ സ്പേസ് ട്രീറ്റി പ്രാബല്യത്തിൽ വന്ന ഒക്ടോബർ 10 എന്നീ 2 സംഭവങ്ങളെ കോർത്തിണക്കിയാണ് രാജ്യാന്തര ബഹിരാകാശ വാരം ആചരിക്കുന്നത്.
റോക്കറ്റ് വിക്ഷേപണം കാണാൻ അവസരം
ബഹിരാകാശ വാരത്തോടനുബന്ധിച്ച് തിരുവനന്തപുരം ഐഎസ്ആർഒ കേന്ദ്രം റോക്കറ്റ് വിക്ഷേപണം കാണാൻ അവസരം ഒരുക്കുന്നു. തിരുവനന്തപുരത്തെ സ്പേസ് മ്യൂസയത്തിൽ 9,10 തീയതികളിലാണ് വിക്ഷേപണം കാണാൻ അവസരം. വിവരങ്ങൾക്ക്: 0471 2564949