വനത്തിലുള്ളതിലുമധികം കടുവകൾ ഇവിടെ?

നൂറുവർഷം മുൻപ് ഒരുലക്ഷത്തോളം എണ്ണമുണ്ടായിരുന്ന ഇന്ത്യയിലെ ബംഗാൾ കടുവകൾ ഇന്ന് അവശേഷിച്ചിട്ടുള്ളതു വെറും രണ്ടായിരത്തോളം എണ്ണം മാത്രമാണ്. ഭക്ഷ്യശൃംഖലയുടെ ആരോഗ്യകരമായ നിലനിൽപിന് ഒഴിച്ചുകൂടാനാവാത്ത ഇരപിടിയന്മാരിൽ മുൻപന്മാരാണ് കടുവകൾ.

ഇരുപതിനായിരം വർഷം മുൻപു പടിഞ്ഞാറ് ടർക്കിമുതൽ കിഴക്ക് ഇന്തൊനീഷ്യയിലെ ബാലിവരെയും അങ്ങ് വടക്ക് സൈബീരിയവരെയും നിറഞ്ഞുജീവിച്ച കടുവവംശങ്ങൾ ഇപ്പോൾ പലനാടുകളിൽനിന്നു പൂർണമായും അപ്രത്യക്ഷമായി. Panthera tigris എന്നു ശാസ്ത്രീയനാമമുള്ള കടുവകളിൽ ഒൻപത് ഉപസ്പീഷിസുകൾ ആണ് ഉള്ളത്, ഇവയിൽ ബാലികടുവ, കാസ്പിയൻ കടുവ, ജാവൻ കടുവ എന്നീ മൂന്നെണ്ണത്തിനും കഴിഞ്ഞനൂറ്റാണ്ടിൽ വംശനാശം സംഭവിച്ചുകഴിഞ്ഞു.

നേരത്തെ കടുവകൾ ജീവിച്ചിരുന്ന 93 ശതമാനം സ്ഥലങ്ങളിൽനിന്നും അവ എന്നേക്കുമായി ഇല്ലാതായി. ഇന്നു വെറും 13 രാജ്യങ്ങളിലേ കടുവകളെ കാണാനാവുകയുള്ളൂ.

ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ദേശീയമൃഗമായ കടുവയെക്കുറിച്ച് അറിയാം

ഒരു ജൈവമേഖലയുടെ വൈവിധ്യത്തിനും ആവാസവ്യവസ്ഥയ്ക്കും നിലനിൽപിനും മാർജ്ജാരകുടുംബത്തിലെ ഏറ്റവും വലുപ്പമേറിയ ജീവിയായ കടുവയെപ്പോലെ പ്രാധാന്യമുള്ള മറ്റൊരു മൃഗവും ഇല്ലെന്നുതന്നെ പറയാം. മൂന്നു മീറ്ററിലേറെ നീളം വയ്ക്കുന്ന കടുവകൾക്ക് 300 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. ഇത്രയ്ക്കും ഭാരമുണ്ടെങ്കിലും മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കടുവയ്ക്കു കഴിയും. ഭക്ഷ്യശൃംഖലയുടെ ഏറ്റവും ഉയർന്നസ്ഥാനത്തുള്ള ഇരപിടിയനായ കടുവയാണു വനത്തിലെ സസ്യാഹാരികളായ വലിയ സസ്തനികളുടെ എണ്ണം നിയന്ത്രിച്ചുനിർത്തുന്നത്. അതുവഴി മാംസാഹാരികളും സസ്യാഹാരികളുമായ ജീവികളുടെ എണ്ണത്തെ സമതുലിതാവസ്ഥയിൽ നിലനിർത്താനും അങ്ങനെ ആ ജൈവവ്യവസ്ഥ തകരാതിരിക്കാനും വളരെ വലിയ സംഭാവന നൽകുന്നുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ മനുഷ്യന്റെതന്നെ നിലനിൽപിനും കടുവയ്ക്ക് വലിയപ്രാധാന്യമുണ്ട്.

മറ്റു മൃഗങ്ങളെപ്പോലെ കടുവകളും ‘സ്വന്തം ഇടം’ അതിര് തിരിച്ച് ഇടാറുണ്ട്. മൂത്രമൊഴിച്ചാണ് കടുവകൾ പ്രധാനമായും അതിർത്തികൾ അടയാളപ്പെടുത്തുക.

മൂന്നുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഗർഭകാലത്തിനൊടുവിൽ പിറക്കുന്ന കണ്ണുകാണാത്ത കൊച്ചുകടുവക്കുഞ്ഞുങ്ങളെ മൂന്നുവർഷത്തോളം വളർത്തുന്നതു പെൺകടുവതന്നെയാണ്. കടുവക്കുട്ടികളുടെ പകുതിയും രണ്ടുവയസ്സുകടക്കാറില്ല. 10-15 വർഷമാണു കടുവകളുടെ ആയുസ്സ്. മുൻകാലുകളേക്കാൾ നീളംകൂടിയ പിൻകാലുകൾ ഉപയോഗിച്ച് ഇവയ്ക്ക് ഒറ്റച്ചാട്ടത്തിൽ 20-30 അടി ദൂരത്തിൽ വരെ എത്താൻ കഴിയും. മൂന്നടി നീളമുള്ള വാൽ ചാട്ടത്തിന്റെ ബാലൻസ് നിലനിർത്താൻ സഹായിക്കും. ശബ്ദം പുറത്തുവരാതെ മൃദുവായി നടക്കാൻ സഹായിക്കുന്ന വലിയ പാദങ്ങളാണ് കടുവയ്ക്ക് ഉള്ളത്.

പല സംസ്കാരങ്ങളിലും കടുവയെ ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണു കടുവ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾ. കരുത്തിന്റെ പ്രതീകമായ കടുവയെ കീഴടക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമായി പണ്ടുകാലത്ത് കരുതിപ്പോന്നു. രാജാക്കന്മാർ അവരുടെ പ്രൗഢി കാണിക്കാൻ കടുവകളെ കൊല്ലുന്നതും കൊല്ലപ്പെട്ട കടുവകളുടെ ഒപ്പം നിന്നു ചിത്രമെടുക്കുന്നതും വീരലക്ഷണമായിക്കരുതി. പക്ഷേ അവയുടെ എണ്ണം ആപൽക്കരമായരീതിയിൽ കുറഞ്ഞുതുടങ്ങുകയായിരുന്നു.

മനുഷ്യർ കടുവയുടെ പ്രാധാന്യം മനസ്സിലാക്കാൻ വളരെയധികം വൈകിപ്പോയി. പരിസ്ഥിതിയുടെയും അതുവഴി മനുഷ്യന്റെ തന്നെയും നിലനിൽപിന് ഇത്രയും പ്രാമുഖ്യമുള്ളൊരു ജീവി ഇല്ലെന്ന വസ്തുത ബോധ്യമായപ്പോഴേക്ക് അവയുടെ എണ്ണം പരിതാപകരമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പലതരത്തിലുള്ള കടുവാസംരക്ഷണമാർഗങ്ങൾ നിലവിൽവന്നത്. ഇത്തരത്തിലുള്ളവയിൽ ഏറ്റവും മികച്ച പരിപാടിയായിരുന്നു ഇന്ത്യയുടെ പ്രോജക്ട് ടൈഗർ എന്ന പദ്ധതി.

1972-ൽ എണ്ണമെടുക്കുമ്പോൾ ഇന്ത്യയിൽ ആകെ 1800 കടുവകളാണ് ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1973 -ൽ തുടങ്ങിയ പ്രോജക്ട് ടൈഗർ, വളരെയധികം കുറഞ്ഞ ബംഗാൾ കടുവയുടെ എണ്ണം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വർധിപ്പിക്കാനും നിലനിർത്താനും ലക്ഷ്യമിട്ടായിരുന്നു. അവയ്ക്കു വംശനാശഭീഷണിയുണ്ടാവില്ലെന്ന് ഉറപ്പുവരുത്താനും രാജ്യമെങ്ങും കടുവയുടെ വാസസ്ഥലം ജൈവപ്രാധാന്യത്തോടെ നിലനിർത്താനും ഇത് വിഭാവനം ചെയ്തു. ഇതനുസരിച്ച് ടൈഗർ റിസർവിലും മനുഷ്യപ്രവൃത്തികൾ മുഴുവൻ നിരോധിക്കുന്ന ഒരു കോർ ഏരിയയും പരിപാലനോദ്ദേശ്യത്തോടെയുള്ള ഒരു ബഫർ സോണും ഉണ്ടായിരിക്കും.

1973 -ൽ കോർബറ്റ് ദേശീയോദ്യാനത്തിൽ തുടങ്ങിയ ടൈഗർ റിസർവുകൾ കേരളത്തിലെ പെരിയാർ, പറമ്പിക്കുളം അടക്കം ഇന്ന് അൻപത് എണ്ണത്തിൽ എത്തിനിൽക്കുന്നു. ഇവയ്ക്ക് ആകെ 71,000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്, ഏതാണ്ട് കേരളത്തിന്റെ ഇരട്ടിയോളം. ഇന്ത്യയിലെ ടൈഗർ റിസർവുകൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. 2014 - കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2226 കടുവകൾ ആണ് ഉള്ളത്. 408 എണ്ണവുമായി കർണാടകയാണ് മുന്നിൽ. 2018 -ലെ കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളൂ.

മിക്കവാറും രാത്രി ഏകനായി ഭക്ഷണം തേടുന്ന ഇവ ഇര അടുത്തെത്തുന്നതുവരെ കാത്തിരുന്നു കഴുത്തിലോ തലയ്ക്കു പിന്നിലോ കടിച്ചാണ് ഇരയെ കൊല്ലുന്നത്. കടുവകളുടെ ഇരപിടിക്കാനുള്ള ശ്രമങ്ങളിൽ പത്തിലൊന്നോളമേ ഫലവത്താവാറുള്ളൂ. പൂച്ചകുടുംബത്തിലെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി വെള്ളമുള്ളസ്ഥലങ്ങൾ ഇഷ്ടപ്പെടുന്ന കടുവകൾ നല്ല നീന്തൽക്കാരുമാണ്.

പലരാജ്യങ്ങളിലും കൂടുകളിലും മൃഗശാലകളിലും സ്വകാര്യസ്ഥലങ്ങളിലും കടുവകളെ വളർത്താറുണ്ട്. ഇപ്പോൾ ലോകത്ത് ആകെ വനത്തിൽ കഴിയുന്നതിലും അധികം കടുവകളെ ഇങ്ങനെ അമേരിക്കയിൽ മാത്രം വളർത്തിവരുന്നുണ്ട്. ചൈന 2022 ആവുമ്പോഴേക്കും അവരുടെ സൈബീരിയൻ കടുവകളുടെ എണ്ണം ഇരട്ടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.