അലൂമിനിയത്തിന് സ്വർണ്ണത്തേക്കാൾ വിലയോ?, Periodic table,Gold, Aluminium Padhippura, Manorama Online

അലൂമിനിയത്തിന് സ്വർണ്ണത്തേക്കാൾ വിലയോ?

സീമ ശ്രീലയം

ഡിമിട്രി ഇവാനോവിച്ച് മെൻഡലിയേഫ് ആവർത്തനപ്പട്ടികയുടെ ആദ്യരൂപം യാഥാർഥ്യമാക്കിയതിന്റെ 150-ാം വാർഷികം ആവർത്തനപ്പട്ടികയുടെ രാജ്യാന്തര വർഷമായി ലോകമെങ്ങും കൊണ്ടാടുകയാണല്ലോ. ഈ ആവർത്തനപ്പട്ടികാ വർഷത്തിൽ കുറച്ചു മൂലക കൗതുകങ്ങൾ നോക്കാം

അലൂമിനിയം മതി സ്വർണം വേണ്ട
ഒരിക്കൽ സ്വർണ്ണത്തെക്കാൾ വിലയുണ്ടായിരുന്നു അലുമിനിയത്തിന് (Al) എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അന്ന് അയിരിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുക എന്നത് ദുഷ്ക്കരവും ചെലവേറിയതുമായിരുന്നു. 1825 ൽ ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തു.പിൽക്കാലത്ത് അലൂമിനിയത്തിന്റെ അയിരായ ബോക്സൈറ്റിൽ നിന്ന് എളുപ്പത്തിലും ലാഭകരമായും അലുമിനിയം വേർതിരിച്ചെടുക്കാം എന്ന് ചാൾസ് മാർട്ടിൻ ഹാൾ, പോൾ ഹെറൗൾട്ട് എന്നിവർ കണ്ടുപിടിച്ചതോടെ അലുമിനിയം സർവസാധാരണമായി.

ഇരട്ടത്തലയൻ രാക്ഷസൻ
ഹൈഡ്രജനെ(H) വിശേഷിപ്പിക്കുന്ന പേരാണ് ഇത്. ഒന്നാം ഗ്രൂപ്പ് മൂലകങ്ങളായ ആൽക്കലി ലോഹങ്ങളുടെ സ്വഭാവവും പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളായ ഹാലജനുകളുടെ സ്വഭാവവും ഉള്ളതുകൊണ്ടാണ്ടാണ് ഈ പേരു വന്നത്. അതുകൊണ്ടു തന്നെ ആവർത്തനപ്പട്ടികയിൽ ഹൈഡ്രജന്റെ സ്ഥാനം ഇപ്പോഴും ഒരു ചർച്ചാവിഷയമാണ്. ആവർത്തന വ്യവസ്ഥ ഹൈഡ്രജനിൽ നിന്നു തുടങ്ങണമെന്ന് തനിക്കൊരിക്കലും തോന്നിയിരുന്നില്ലെന്ന് പിൽക്കാലത്ത് മെൻഡലിയേഫ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം എന്ന റെക്കോർഡും ഹൈഡ്രജനു സ്വന്തം.

ഭൂമിയും സൂര്യനും
ഭൂമിയുടെ ലാറ്റിൻ നാമമായ ടെല്ലസിൽ നിന്നു പേരു ലഭിച്ച മൂലകമാണ് ടെല്ലൂറിയം (Te). സൂര്യന്റെ ഗ്രീക്ക് നാമമായ ഹീലിയോസിൽ നിന്നു പേരു ലഭിച്ച മൂലകമാണ് ഹീലിയം (He).ചന്ദ്രന്റെ ഗ്രീക്ക് നാമമാണ് സെലിൻ. ഇതിൽ നിന്നാണ് സെലിനിയം (Se) എന്ന മൂലകത്തിനു പേരു ലഭിച്ചത്.

സൂര്യഗ്രഹണവും ഹീലിയവും
1868 ഓഗസ്റ്റ് 18 ന് ഇപ്പോൾ ആന്ധ്രാപ്രദേശിൽ ഉൾപ്പെടുന്ന ഗുണ്ടൂരിൽ ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം നിരീക്ഷിക്കുകയായിരുന്നു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ പിയറി ജാൻസൺ. സൗര കൊറോണയിൽ നിന്നുള്ള സ്പെക്ട്രം പരിശോധിച്ച അദ്ദേഹം ഒരു അജ്ഞാത മൂലകത്തെ സൂചിപ്പിക്കുന്ന മഞ്ഞ സ്പെക്ട്രൽ രേഖകൾ കണ്ടെത്തി. അതേ വർഷം തന്നെ ഇംഗ്ലിഷ് ജ്യോതിശാസ്ത്രജ്ഞനായ നോർമൻ ലോക്കിയറും സമാന നിരീക്ഷണം നടത്തി. ആ മൂലകമായിരുന്നു ഹീലിയം (He).

പ്രാണവായു
ഭൂവൽക്കത്തിലും മനുഷ്യശരീരത്തിലും ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജനാണ് (O). 16–ാം ഗ്രൂപ്പിലെ ആദ്യ അംഗം. അമ്ലം ഉത്പാദിപ്പിക്കുന്നത് എന്നർഥമുള്ള ഓക്സിജനേസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓക്സിജൻ എന്ന പേരിന്റെ വരവ്. 1774-ൽ ജോസഫ് പ്രീസ്റ്റ്‌ലി കണ്ടുപിടിച്ചു. ഇതേ കാലത്തു തന്നെ കാൾ വിൽഹെം ഷീലെയും ഓക്സിജൻ കണ്ടുപിടിച്ചിരുന്നെങ്കിലും ക്രെഡിറ്റ് പ്രീസ്റ്റ്‌ലിക്കാണ് ലഭിച്ചത്.

വിസ്മയ ഗ്രാമം
സ്വീഡിഷ് ദ്വീപായ റെസാറോയിലെ യിറ്റേർബി ഗ്രാമം മൂലക ഖനിയാണെന്നു പറയാം. ഇവിടെ നിന്നു കണ്ടുപിടിക്കപ്പെട്ട 4 മൂലകങ്ങൾക്ക് പേരു നൽകിയിരിക്കുന്നത് ഗ്രാമത്തിന്റെ പേരുമായി ബന്ധപ്പെടുത്തിത്തന്നെ. എർബിയം(Er), ടെർബിയം (Tb), യിട്രിയം (Y), യിട്ടെർബിയം (Yb) എന്നിവയാണാ മൂലകങ്ങൾ. സ്കാൻഡിയം (Sc), ഗാഡോലിനിയം (Gd), ഹോൾമിയം (Ho), തൂളിയം (Tm)എന്നിവയും ഈ ഗ്രാമത്തിൽ നിന്നാണ്.

കാർബൺ ജാലം
കാർബൺ (C) ആറ്റങ്ങൾക്ക് തമ്മിൽ തമ്മിൽ ചേർന്ന് ശൃംഖലാ രൂപത്തിലും വലയ രൂപത്തിലുമുള്ള സംയുക്തങ്ങൾ രൂപീകരിക്കാനുള്ള കഴിവുണ്ട് (കാറ്റനേഷൻ). അതുകൊണ്ട് ബാക്കി 117 മൂലകങ്ങൾ രൂപീകരിക്കുന്ന സംയുക്തങ്ങൾ എല്ലാം ചേർന്നാലും കാർബണിന്റെ സംയുക്തങ്ങളോളം വരില്ല! കാർബണിക സംയുക്തങ്ങളെക്കുറിച്ചു പഠിക്കുന്ന രസതന്ത്ര ശാഖയാണ് കാർബണിക രസതന്ത്രം (ഓർഗാനിക് കെമിസ്ട്രി).

ഏഷ്യൻ നിഹോണിയം
ഏഷ്യയിൽ നിന്ന് ആദ്യമായി പേരു ലഭിച്ച മൂലകം എന്ന വിശേഷണം നിഹോണിയത്തിനു (Nh) സ്വന്തം. ജാപ്പനീസ് ഭാഷയിൽ ഉദയസൂര്യന്റെ നാട് എന്നർഥം വരുന്ന നിഹോൺ എന്ന വാക്കിൽ നിന്നാണ് നിഹോണിയം എന്ന പേരിന്റെ വരവ്. ജപ്പാനിലെ റൈകൺ നിഷിന സെന്റർ ഫോർ ആക്സിലറേറ്റർ ബേസ്ഡ് സയൻസിലെ കോസുക്കെ മോറിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഈ മൂലകത്തെ പരീക്ഷണശാലയിൽ സൃഷ്ടിച്ചത്.