ഇന്റർനെറ്റിൽ കാണുന്നതെല്ലാം എടുക്കാമോ?
മറ്റാരും കാണാതെ ഇന്റർനെറ്റിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങൾ രഹസ്യമായിരിക്കുമെന്ന ധാരണ വേണ്ട. സൈബറിടങ്ങളിൽ ഒന്നും ഒളിക്കാനാകില്ല. നമ്മുടെ തിരച്ചിലുകൾപോലും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. ഇത് ബോധ്യപ്പെടാനായി നിങ്ങളുടെ ഗൂഗിൾ അകൗണ്ടിൽ ലോഗിൻ ചെയ്ത് myactivity.google.com/myactivity എന്നു വെബ് ബ്രൗസറിന്റെ അഡ്രസ്ബാറിൽ ടൈപ്പ് ചെയ്ത് സൈറ്റ് സന്ദർശിച്ചുനോക്കാവുന്നതെയുള്ളൂ.
ലോഗിൻ ചെയ്തയാളുടെ ഇതുവരെയുള്ള എല്ലാ തിരച്ചിൽ ചരിത്രവും കൃത്യമായി അടുക്കിവച്ചിരിക്കുന്നതുകാണാം. സ്മാർട് ഫോൺ ഉപയോഗിച്ചുള്ള തിരയലുകൾക്കും ഇതു ബാധകം തന്നെ. അതിൽത്തന്നെ Other Google Activity -> Location History-> View Timeline എന്ന ക്രമത്തിൽ നാം എവിടെയൊക്കെ സന്ദർശിച്ചുവെന്ന കാര്യവും രേഖപ്പെടുത്തിയിട്ടുണ്ടാവും. കൂടാതെ, നമുക്ക് നെറ്റ് സംവിധാനം നൽകുന്ന ബിഎസ്എൻഎൽ, ജിയോ, വോഡഫോൺ–ഐഡിയ, എയർടെൽ പോലുള്ള ഐഎസ്പി(Internet Service Provider)കൾ ഇതുസംബന്ധിച്ച കൃത്യമായ ലോഗുകൾ സൂക്ഷിക്കുന്നുണ്ട്.
കാണുന്നതെല്ലാം എടുക്കാമോ?
എന്താവശ്യത്തിനാണെങ്കിലും, ടെക്സ്റ്റുകൾ, ചിത്രങ്ങൾ, രേഖകൾ, സംഗീതം, വിഡിയോ എന്നിങ്ങനെ തിരച്ചിലിൽ കണ്ണിൽപെട്ടതെല്ലാം ഡൗൺലോഡ് ചെയ്തെടുക്കുന്ന സ്വഭാവമുണ്ടോ?
വലിയ ശിക്ഷ ലഭിക്കാവുന്ന തെറ്റാണതെന്ന് നാം അറിയണം. ഉടമസ്ഥന്റെ അനുവാദമില്ലാതെ അവയൊന്നും കോപ്പി/ഡൗൺലോഡ് ചെയ്യരുത്. എന്നാൽ ക്രിയേറ്റീവ് കോമൺസ് (Creative commons)പോലുള്ള ലൈസൻസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടവ മതിയായ കടപ്പാടു നൽകി നമുക്ക് പുനരുപയോഗിക്കാം. വിക്കിപീഡിയ/വിക്കിമീഡിയ പോലുള്ള സന്മനസ്സുള്ളവരുടെ കൂട്ടായ്മകളിൽ നിന്നും ഇങ്ങനെ നമുക്ക് വിഭവങ്ങൾ ശേഖരിക്കാം. കടപ്പാട് നൽകണമെന്നുമാത്രം.
ഗൂഗിളിൽ ഒരു ചിത്രം തിരയുമ്പോൾ Images -> Tools -> Usage rights എന്നിങ്ങനെ കടന്നുപോയാൽ, പുനരുപയോഗിക്കുവാനും മാറ്റംവരുത്തി ഉപയോഗിക്കുവാനും അവകാശമുള്ള ചിത്രങ്ങളിലേക്ക് നമ്മുടെ തിരച്ചിലിനെ പരിമിതപ്പെുത്താം.
യൂട്യൂബിൽ വിഡിയോ തിരയുമ്പോൾ FILTER -> Features -> Creative Commons വഴിയും അത്തരം വിഡിയോകൾ കണ്ടെത്താം.
ഗൂഗിൾ സെർച്ചിങ് ടിപ്‌സ്
ഇന്റർനെറ്റിലൂടെയുള്ള തിരച്ചിൽ എളുപ്പമാക്കുന്ന ചില മാർഗങ്ങൾ ഓർത്തുവയ്ക്കുന്നത് പ്രയോജനം ചെയ്യും.
Settings -> Advanced Search -> Narrow your results by..എന്നിങ്ങനെ നമ്മുടെ തിരച്ചിലുകൾ കൂടുതൽ കാര്യക്ഷമമാക്കാം,
തിരച്ചിൽ ഫലങ്ങളിൽ നിർദ്ദിഷ്ടയിനം ഫയലുകൾമാത്രം പ്രത്യക്ഷപ്പെട്ടാൽ മതിയെങ്കിൽ keyword filetype:
ഉദാ:- indianflag filetype:png എന്ന തിരച്ചിൽ png ചിത്രങ്ങൾ മാത്രം നൽകും.
ഒരു പ്രത്യേക വാക്കിന്റെയോ പ്രയോഗത്തിന്റെയോ നിർവചനം ലഭിക്കാൻ define എന്ന് ചേർത്താൽ മതി.
ഉദാ:- define socialism
ഒരു ഗണിതക്രിയയുടെ ഉത്തരം ലഭിക്കാൻ നേരിട്ട് ആ ക്രിയ സെർച്ച് ചെയ്താൽ മാത്രം മതി
ഉദാ:- 1678+1234