മരത്തിൽ തറച്ചനിലയിൽ ഓസ്ട്രേലിയൻ കല്ലായുധം; കാരണം ഇന്നും ദുരൂഹം..! ,   Irish, schoolboy, Cathel, discovers 4000 year old boat, Padhippura, Manorama Online

മരത്തിൽ തറച്ചനിലയിൽ ഓസ്ട്രേലിയൻ കല്ലായുധം; കാരണം ഇന്നും ദുരൂഹം..!

കൂട്ടുകാരെല്ലാം ഹോം വര്‍ക്ക് ചെയ്യാറില്ലേ? പക്ഷേ കുറേ നേരം ഹോംവര്‍ക്ക് ചെയ്തിരുന്നാൽ ആർക്കായാലും ബോറടിക്കും. എഴുന്നേറ്റൊന്നു നടക്കാനൊക്കെ തോന്നും. കേതല്‍ മക്‌ഡൊണാഫ് എന്ന കുട്ടിയും അതുതന്നെയാണു ചെയ്തത്. അങ്ങനെ അയര്‍ലന്‍ഡിലെ വീടിനു പുറത്തേക്കിറങ്ങി ആ പന്ത്രണ്ടുകാരന്‍ ചുമ്മാതൊന്ന് ചുറ്റിയടിച്ചതാണ്. കേതലിന്റെ വീടിനു പിന്നില്‍ ഒരു തടാകമുണ്ട്. അയര്‍ലന്‍ഡില്‍ പലയിടത്തും ഇപ്പോള്‍ കനത്ത ചൂടാണ്. അതു കാരണം തടാകത്തില്‍ കേതലിന്റെ മുട്ടിനൊപ്പം പോലും വെള്ളമുണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോഴാണ് വെള്ളത്തില്‍ ഒരു മരക്കുറ്റി ഉയര്‍ന്നു നില്‍ക്കുന്നതു കണ്ടത്. ചെന്നു നോക്കുമ്പോഴുണ്ട് അതിനു നല്ല നീളം. ഒരു തോണി പോലെ തോന്നിപ്പിക്കുന്നു. വലിച്ചെടുക്കാൻ നോക്കിയിട്ടും സാധിക്കുന്നില്ല. കേതല്‍ അച്ചനെയും അമ്മയെയും വിളിച്ചു കാര്യം പറഞ്ഞു.

സമീപപ്രദേശങ്ങളിലെല്ലാം ഒട്ടേറെ കൃഷിയിടങ്ങളുള്ളതിനാല്‍ അവിടത്തെ ഏതെങ്കിലും വേലി നിര്‍മിക്കാന്‍ ഉപയോഗിച്ച കുറ്റിയാണെന്നായിരുന്നു അമ്മ ആദ്യം കരുതിയത്. പക്ഷേ വീട്ടിലെ മറ്റുള്ളവരെല്ലാം കൂടി അതു വലിച്ചു പുറത്തെത്തിച്ചപ്പോഴാണ് സംഗതി ഒരു വഞ്ചിയാണെന്നു മനസ്സിലായത്. കാലപ്പഴക്കം കാരണം വഞ്ചിയുടെ രണ്ടറ്റവും നശിച്ചു പോയിരുന്നു. ഏകദേശം 9 ഇഞ്ച് ഉയരത്തില്‍ ഇരു വശത്തെയും മരങ്ങള്‍ മാത്രം ചരിത്രത്തിന്റെ ശേഷിപ്പു പോലെ ബാക്കിനിന്നു. കേതലിന്റെ വീട്ടിലുള്ളവര്‍ അത്തരം മരം കൊണ്ടുള്ള വഞ്ചി ഉപയോഗിക്കാറില്ല. അവിടെ നിന്ന് ഏകദേശം 320 അടി മാറി ഒരു കൃത്രിമ ദ്വീപുണ്ടായിരുന്നു. പണ്ടുകാലത്ത് അയര്‍ലന്‍ഡില്‍ താമസിക്കാനും കൃഷിക്കും മറ്റുമായി അത്തരം ദ്വീപുകള്‍ നിര്‍മിക്കുന്ന പതിവുണ്ട്. അതുപക്ഷേ വളരെക്കാലം മുന്‍പാണ്. അങ്ങനെയെങ്കില്‍ വഞ്ചിക്കും നൂറുകണക്കിനു വര്‍ഷത്തെ പഴക്കം കാണണം!


കേതലിന്‌റെ വീട്ടുകാര്‍ വിവരം പുരാവസ്തു ഗവേഷകരെ അറിയിക്കാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞയുടനെ അവര്‍ പറഞ്ഞു- ഉടന്‍ ആ വഞ്ചി തിരികെ വെള്ളത്തിലേക്ക് ഇറക്കിവയ്ക്കണം. ഗവേഷകര്‍ വന്ന് ആ വഞ്ചി പരിശോധിച്ചപ്പോഴാണ് കേതലിനും തന്റെ കണ്ടെത്തല്‍ എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു മനസ്സിലായത്. പ്രാരംഭ നിഗമനം പ്രകാരം ബിസി 2000ത്തില്‍ ഉപയോഗിച്ചിരുന്നതാണ് ആ വഞ്ചി! എന്നാല്‍ കൃത്യമായ കാലപ്പഴക്കം കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ മാത്രമേ നിർണയിക്കാനാവുകയുള്ളൂ. അതിനായി മരത്തിന്റെ സാംപിളെടുത്തിരിക്കുകയാണു ഗവേഷകര്‍. 1922ലും ഇത്തരത്തില്‍ ഈ തടാകത്തില്‍നിന്നു രണ്ട് മരക്കുറ്റികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് വെള്ളത്തില്‍ നിന്നെടുത്ത് വേലി കെട്ടാനും വീടിനു കഴുക്കോലാക്കാനും ഉപയോഗിച്ചതോടെ വെയിലേറ്റ് നശിച്ചുപോയി.

വഞ്ചി വെയിലേറ്റ് നശിക്കാതിരിക്കാനും കൃത്യമായി പരിശോധിക്കാനുമാണ് വെള്ളത്തില്‍ തന്നെ നിര്‍ത്താന്‍ ഗവേഷകർ പറഞ്ഞത്. വരള്‍ച്ച വന്ന് വെള്ളം വറ്റിയാല്‍ മാത്രം അവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു വഞ്ചി നീക്കും. ബിസി 8000 മുതല്‍ അയര്‍ലന്‍ഡിലെ തടാകങ്ങളില്‍ മരവഞ്ചികള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയതിന് ഏകദേശം 18 അടിയാണു നീളം. മൂന്നടി വീതിയും. ഇത്തരം വഞ്ചികള്‍ പതിനെട്ടാം നൂറ്റാണ്ടു വരെ ഉപയോഗത്തിലുണ്ടായിരുന്നു. പക്ഷേ ഒറ്റ നോട്ടത്തില്‍ത്തന്നെ ആയിരക്കണക്കിനു വര്‍ഷത്തെ പഴക്കം വ്യക്തമാക്കുന്നതാണ് ഈ വഞ്ചിയെന്നാണ് അയര്‍ലന്‍ഡിലെ ദേശീയ സ്മാരക സേവന വിഭാഗം പറയുന്നത്. എന്തായാലും ഫലം വന്നതിനു ശേഷം കൂടുതല്‍ പരിശോധനയ്‌ക്കൊരുങ്ങുകയാണു പുരാവസ്തു ഗവേഷകര്‍.