ജീവനുണ്ടോ ചൊവ്വയിൽ? ഗവേഷകരെ അമ്പരപ്പിച്ച് വൻ മീഥെയ്ൻ ശേഖരം!, Manorama Online

ജീവനുണ്ടോ ചൊവ്വയിൽ? ഗവേഷകരെ അമ്പരപ്പിച്ച് വൻ മീഥെയ്ൻ ശേഖരം!

ചൊവ്വയിൽ ജീവനുണ്ടോ? കാലങ്ങളായി ഗവേഷകർ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാര്യം. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയും യുറോപ്യൻ ബഹിരാകാശ ഏജൻസിയുമെല്ലാം പല പേടകങ്ങളും അയച്ചിട്ടും ചൊവ്വയിൽ നിന്നു കാര്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സിനിമയിലൊക്കെ കാണുന്നതു പോലെ ഉണ്ടക്കണ്ണുകളും വാലും വലിയ തലയുമൊക്കെയുള്ള ജീവികളൊന്നും ചൊവ്വയിലില്ലെന്ന് എന്തായാലും ഉറപ്പായിട്ടുണ്ട്. നിലവിൽ ഏതെങ്കിലും വിധത്തിലുള്ള സൂക്ഷ്മജീവികൾ ഉണ്ടോയെന്ന കാര്യത്തിലാണു ഗവേഷകർക്കു സംശയം. അതല്ല, കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്നും തെളിഞ്ഞാലും ഗംഭീര കണ്ടെത്തലാകും.

സൂക്ഷ്മജീവികളെ കണ്ടെത്തിയില്ലെങ്കിലും ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച നിർണായക കണ്ടെത്തലിലേക്ക് നാസ എത്തിക്കഴിഞ്ഞു. പക്ഷേ അപ്പോഴും ചെറുതല്ലാത്ത ആശയക്കുഴപ്പവും ബാക്കിയാണ്. 2012ലാണ് നാസ ചൊവ്വയിലേക്ക് ക്യൂരിയോസിറ്റി എന്ന പേടകം അയയ്ക്കുന്നത്. അടുത്തിടെ ഈ പേടകം ഒരു കാര്യം കണ്ടെത്തി. ചൊവ്വയിലെ ഒരു പ്രത്യേക ഭാഗത്തു നിന്ന് മീഥെയ്ൻ വാതകം വൻതോതിൽ അന്തരീക്ഷത്തിൽ നിറയുന്നു! അതിനെന്താ പ്രശ്നമെന്നല്ലേ? ഈ മീഥെയ്ൻ വാതകമുണ്ടല്ലോ ജീവന്റെ അടിസ്ഥാന അടയാളങ്ങളിലൊന്നാണ്. അതായത് ജൈവ വസ്തുക്കളിൽ നിന്നാണ് ഈ വാതകം ഉൽപാദിപ്പിക്കപ്പെടുന്നത്(ഭൂമിക്കടിയിലെ ചില പ്രത്യേകതകൾ കാരണവും ഈ വാതകം ഉൽപാദിപ്പിക്കപ്പെടാറുണ്ട്) ചൊവ്വയിലാകട്ടെ ഇന്നേവരെ ജീവന്റെ അംശം പോലും കണ്ടെത്തിയിട്ടുമില്ല. പിന്നെ എവിടെ നിന്നാണ് മീഥെയ്ന്റെ വരവ്?

ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് കടന്നാലും മീഥെയ്ന്റെ സാന്നിധ്യം പിടിച്ചെടുക്കാനും ബുദ്ധിമുട്ടാണ്. സൂര്യന്റെ അതികഠിനമായ വികിരണങ്ങൾ കാരണം വാതകം ഇല്ലാതായിപ്പോകുന്നതാണ് പ്രശ്നം. എന്തായാലും രണ്ടു കാര്യം ഉറപ്പ്– ഒന്നുകിൽ ചൊവ്വയിൽ ‘ഒളിച്ചിരിക്കുന്ന’ സൂക്ഷ്മജീവികൾ പുറത്തുവിട്ടത്. അല്ലെങ്കിൽ വർഷങ്ങൾക്കു മുൻപ് മീഥെയ്ൻ ഉൽപാദിപ്പിക്കപ്പെട്ട് ചൊവ്വയിലെ മണ്ണിനടിയിൽ കുടുങ്ങിക്കിടന്നിരുന്നത്. രണ്ടാണെങ്കിലും തങ്ങളുടെ അന്വേഷണം കൃത്യമായ ദിശയിലാണെന്നും നാസയിലെ ഗവേഷകർ പറയുന്നു. പക്ഷേ ഈ മീഥെയ്ൻ പുതുതായി ഉൽപാദിപ്പിക്കപ്പെട്ടതാണോ അതോ പഴയതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. അക്കാര്യം കണ്ടെത്താനുള്ള ഉപകരണങ്ങളൊന്നും നിലവിൽ ചൊവ്വയിലേക്കയച്ച പേടകങ്ങളിൽ ഇല്ല എന്നതാണു കാരണം.

ഇതാദ്യമായല്ല ക്യൂരിയോസിറ്റി മീഥെയ്ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. പക്ഷേ ഇത്രയും കൂടിയ അളവിൽ മീഥെയ്ൻ കണ്ടെത്തുന്നത് ആദ്യമായാണ്. 2013 ജൂണിൽ ഗെയ്ൽ ക്രേറ്റർ എന്നറിയപ്പെടുന്ന ചൊവ്വയിലെ പ്രത്യേക ഭാഗത്ത് മീഥെയ്ന്റെ സാന്നിധ്യം ക്യൂരിയോസിറ്റിയിലെ ലേസർ സ്പെക്ട്രോമീറ്റർ കണ്ടെത്തിയിരുന്നു. എന്നാൽ ഏതാനും മാസം നിലനിന്ന് അത് അപ്രത്യക്ഷമായിപ്പോയി. മീഥെയ്ന്റെ സാന്നിധ്യം നാസ കണ്ടെത്തിയിട്ടുണ്ടെങ്കിലും യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഒരു പേടകവും ഇതുവരെ അത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടില്ല. ചൊവ്വയിലെ വാതകങ്ങളെക്കുറിച്ചു മാത്രമായി പഠിക്കാൻ അയച്ച ട്രേസ് ഗ്യാസ് ഓർബിറ്റർ പേടകം ഒരു വർഷത്തോളം ചുറ്റിക്കറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.

ചൊവ്വയിലെ സീസണുകൾ മാറുന്നതിനനുസരിച്ചാണ് മീഥെയ്ന്റെ അളവും മാറുന്നതെന്ന നിഗമനത്തിലാണ് നിലവിൽ ഗവേഷകർ എത്തിനിൽക്കുന്നത്. എവിടെയെല്ലാം മീഥെയ്നുണ്ട്, അവ എത്രനേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലേ ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കാനാകൂ. അതിനു വേണ്ടി നാസയുടെ മാർസ് എക്സ്പ്ലൊറേഷൻ പ്രോഗ്രാമിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ അയയ്ക്കാനിരിക്കുകയാണ് ഗവേഷകർ.