നെപ്പോളിയൻ ഒളിപ്പിച്ച വിലമതിക്കാനാകാത്ത നിധി, റഷ്യൻ തടാകത്തിനടിയിലെ ‘കൊട്ടാരത്തിൽ’!

നവീൻ മോഹൻ

‘ഒരു നിധി കിട്ടിയിരുന്നെങ്കില്‍ എന്തു സുഖമായി ജീവിക്കാമായിരുന്നു...!’ ഒരിക്കലെങ്കിലും ഇങ്ങനെ ആലോചിക്കാത്തവര്‍ ലോകത്തു തന്നെ വളരെ കുറവായിരിക്കും. ചിലർ ഇതൊരു സ്വപ്നം മാത്രമായി കൊണ്ടുനടക്കും, മറ്റു ചിലർ ശരിക്കും നിധി തേടിയിറങ്ങുകയും ചെയ്യും. അതിനാൽത്തന്നെ നിധിക്കഥകൾക്ക് ലോകത്തിൽ ഒരു കുറവുമില്ല. അന്വേഷിച്ചു പോയ ഒട്ടേറെപ്പേർക്കു നിധി കിട്ടിയിട്ടുമുണ്ട്. പക്ഷേ നിധിവേട്ടക്കാർ കാലങ്ങളായി ശ്രമിച്ചിട്ടും ഇന്നും പിടി തരാത്ത ഒരിടമുണ്ട്. ഇരുനൂറിലേറെ വർഷമായി അത് കഥകളിൽ മാത്രമായങ്ങനെ കറങ്ങി നടക്കുകയുമാണ്. നിധിയുടെ ഉടമ മറ്റാരുമല്ല, ഫ്രഞ്ച് ചക്രവർത്തിയും സേനാധിപതിയുമായ നെപ്പോളിയൻ ബോണപ്പാർട്ട്.

ലോകം കീഴടക്കാനുള്ള വ്യഗ്രതയുമായി 1812ലാണ് നെപ്പോളിയന്റെ സൈന്യം റഷ്യയിലെത്തുന്നത്. എന്നാല്‍ നെപ്പോളിയന്റെയും സൈന്യത്തിന്റെയും വരവനുസരിച്ച് ഓരോ പ്രദേശവും വിട്ടൊഴി‍ഞ്ഞ് ജനങ്ങളും പട്ടാളവും പിന്മാറിക്കൊണ്ടേയിരുന്നു. എത്തുന്നയിടത്തെല്ലാം തീയിൽ ചുട്ടെരിയുന്ന കെട്ടിടങ്ങളും മറ്റുമാണ് നെപ്പോളിയനെ കാത്തിരുന്നത്. അതിനിടെ മരം കോച്ചുന്ന തണുപ്പെത്തി. ഒപ്പം റഷ്യൻ ഒളിപ്പോരാളികളുടെ ആക്രമണവും. വിശാലമായി കിടക്കുന്ന റഷ്യൻ സാമ്രാജ്യത്തിലേക്കു നെപ്പോളിയനെയും സൈന്യത്തെയും എത്തിച്ചു ക്ഷീണിപ്പിക്കുകയെന്നതായിരുന്നു തന്ത്രം. അതിൽ റഷ്യ വിജയിക്കുകയും ചെയ്തു.

ജൂൺ 21ന് റഷ്യയിൽ പ്രവേശിച്ച സൈന്യം സെപ്റ്റംബർ 14 ആയതോടെ ക്ഷീണിച്ചവശരായി മോസ്കോയിലെത്തി. പക്ഷേ അവിടെയും ഒരാളുടെയും പൊടിപോലും കണ്ടെത്താനായില്ല. ഒക്ടോബറിൽ ശൈത്യകാലം കൂടിയെത്തിയതോടെ ഫ്രഞ്ച് സൈന്യം പിന്തിരിഞ്ഞു. അപ്പോഴേക്കും അഞ്ചു ലക്ഷത്തോളമുണ്ടായിരുന്ന സൈനികരിൽ മുക്കാൽ പങ്കും മരിച്ചു മണ്ണടിഞ്ഞിരുന്നു. എന്നാൽ റഷ്യയിൽ നിന്നു മോഷ്ടിച്ച സ്വർണക്കട്ടികളും ആഭരണങ്ങളുമെല്ലാം നെപ്പോളിയന്‍ കൂടെക്കൂട്ടി. അവ ഫ്രാൻസിലേക്ക് എത്തിയില്ലെന്നാണു ചരിത്രകാരന്മാർ പറയുന്നത്. മടക്കയാത്രയിലെവിടെയോ നെപ്പോളിയന്റെ സൈന്യം അത് ഒളിപ്പിച്ചു.

ആ നിധി റഷ്യയിലെ ബൾഷായ റുട്ടവെക്ക് എന്ന തടാകത്തിലുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. റഷ്യൻ ചരിത്രകാരൻ വിയാഷെ‌സ്‍ലാവ് റിസ്കോവാണ് ഇക്കാര്യം തെളിവുകൾ സഹിതം വിശദമാക്കിയത്. റഷ്യയുടെ പടിഞ്ഞാറ് ബെലാറസുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിലാണ് ബൾഷായ തടാകം. ഇതിലെ മണ്ണും ജലവും റിസ്കോവ് പരിശോധിച്ചിരുന്നു. 1989ലെ ഒരു ജലപരിശോധന റിപ്പോർട്ടും ലഭിച്ചു. അസാധാരണമാം വിധം തടാകത്തിലെ വെള്ളത്തിൽ സിൽവർ അയണുകളുടെ സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ഇതു നിധിയിൽ നിന്നാണെന്നാണു റിസ്കോവിന്റെ വാദം.

റഷ്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ സൈന്യത്തെ നെപ്പോളിയൻ രണ്ടായി വിഭജിച്ചെന്നും അദ്ദേഹം പറയുന്നു. ഒരു സംഘത്തെ ബൾഷായയിലേക്ക് അയച്ചു, മറുവിഭാഗത്തെ പടിഞ്ഞാറൻ റഷ്യയിലെത്തന്നെ മറ്റൊരു തടാകമായ സെംലെവ്സ്കയയിലേക്കും. ഇവിടേക്കയച്ച സംഘത്തിലായിരുന്നു കുതിരകൾ വലിക്കുന്ന പെട്ടികളും മറ്റുമുണ്ടായിരുന്നതെന്നു ചരിത്രകാരന്മാർ പറയുന്നു. വർഷങ്ങളായി നെപ്പോളിയനുമായി ബന്ധപ്പെട്ട രേഖകൾ പഠിച്ചായിരുന്നു ഈ വാദം. എന്നാൽ നിധിയുടെ യഥാർഥ സ്ഥാനം അറിയാതിരിക്കാൻ വേണ്ടി നെപ്പോളിയൻ നടത്തിയ കബളിപ്പിക്കൽ നാടകമായിരുന്നു അതെന്നാണ് റിസ്കോവിന്റെ വാദം.

ബൾഷായയിലെത്തിയ ഫ്രഞ്ച് സൈന്യം തടാകത്തിൽ ഒരു താൽക്കാലിക അണക്കെട്ടുണ്ടാക്കി വെള്ളം തടഞ്ഞു നിർത്തി. പിന്നീട് തടാകക്കരയില്‍ നിന്ന് ഏകദേശം 50 മീ. മാറി അടിത്തട്ടിൽ ഒരു വിള്ളലുണ്ടാക്കി ഒരു പേടകത്തിനു സമാനമായ ഇടം സൃഷ്ടിച്ചു. അതിലേക്ക് സ്വർണവും ആഭരണങ്ങളും ആയുധങ്ങളും ഉൾപ്പെടെയുള്ള അപൂർവ വസ്തുക്കൾ ഇറക്കിവച്ചു. എല്ലാറ്റിനും ശേഷം അണക്കെട്ട് തുറന്നതോടെ നിധിയിരിക്കുന്നയിടം വെള്ളത്തിനടിയിലാവുകയും ചെയ്തു.

വെള്ളത്തിനടിയിലെ ഈ ‘കൊട്ടാരത്തിലാണ്’ നിധിയെന്നും റിസ്കോവ് പറയുന്നു. നിധി കണ്ടെത്താനുള്ള സാങ്കേതിക സഹായം അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ അതു തനിക്കു സ്വന്തമാക്കാനല്ല, മറിച്ച് റഷ്യയിലെ പല ചരിത്ര സ്മാരകങ്ങളിലെയും ഏറെ വിലപിടിപ്പുള്ള അപൂർവ വസ്തുക്കൾ ആ നിധിയിലുണ്ടെന്നാണു കരുതുന്നത്. അതു തിരിച്ചെടുത്തു നൽകുകയാണത്രേ റിസ്കോവിന്റെ ലക്ഷ്യം!