'അവർ ഇന്ത്യയെ മോഹിക്കുന്നു' ; ഐഎസ്ആർഒ ചെയർമാൻ ഡോ.കെ. ശിവൻ,  different types of wind, Padhippura, Manorama Online

'അവർ ഇന്ത്യയെ മോഹിക്കുന്നു' ; ഐഎസ്ആർഒ ചെയർമാൻ ഡോ.കെ. ശിവൻ

ഐഎസ്ആർഒ ചെയർമാൻ ഡോ.കെ. ശിവൻ ഹായ് കിഡ്സ് കൂട്ടുകാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നു

അതിവേഗം വികസിക്കുന്ന രാജ്യമാണെങ്കിലും ഇന്ത്യയിൽ ഇന്നും ഒട്ടേറെ ആളുകൾ ദാരിദ്ര്യത്തിൽ തന്നെയാണ്. അങ്ങനെയുള്ള അവസ്ഥയിൽ ബഹിരാകാശ ഗവേഷണത്തിനുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?
രാജ്യത്തിന്റെ വികസനവും പുരോഗതിയും ബഹിരാകാശ നേട്ടങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. വികസ്വര രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ബഹിരാകാശ പദ്ധതികൾ താരതമ്യേന ചെറിയ മുതൽമുടക്കിലാണ് ആരംഭിച്ചത്. ഉപഗ്രഹ വിക്ഷേപണത്തിനും മറ്റും വൻ തുകയാണ് വിദേശ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. വിവിധ കാര്യങ്ങൾക്ക് ഉപഗ്രഹങ്ങൾ അത്യാവശ്യമാണുതാനും. അങ്ങനെ നോക്കുമ്പോൾ, ബഹിരാകാശ ഗവേഷണത്തിനായി നമ്മൾ ചെലവാക്കുന്ന തുകയേക്കാൾ പതിന്മടങ്ങാണ് അതിൽ നിന്നുള്ള നേട്ടങ്ങൾ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് ബഹിരാകാശ ഗവേഷണത്തിന്റെ ഫലങ്ങൾ പല തരത്തിൽ പ്രതിഫലിക്കുന്നുണ്ട്. അഞ്ഞൂറിലേറെ ഫാക്ടറികൾ നമ്മുടെ ബഹിരാകാശ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണ്. അവിടങ്ങളിലെല്ലാം കൂടി ഇരുപതിനായിരത്തോളം ആളുകൾ ജോലി ചെയ്യുന്നുമുണ്ട്.

ഈ ആധുനിക, ശാസ്ത്ര യുഗത്തിലും വിക്ഷേപണങ്ങൾക്കു മുൻപ് പൂജകളും മറ്റും നടത്തുന്നത് എന്തിനാണ്? അതു നമ്മുടെ രാജ്യത്തിന്റെ പ്രതിഛായയ്ക്കു മോശമല്ലേ?
പൂജകളും മറ്റും വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വ്യക്തിപരമായിട്ടാണ് അതു ചെയ്യുന്നത്. അതിനെ അന്ധവിശ്വാസമായി കാണാനാകില്ല. മിക്കവാറും രാജ്യങ്ങളിലെ ആളുകൾ അതു ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ നമ്മുടെ പ്രതിഛായയ്ക്കു കോട്ടമൊന്നുമുണ്ടാകില്ല.

ഭൂമിക്ക് അപരനുണ്ടോ? ആത്മാവ് എന്നു പറയുന്നത് ഉള്ളതു തന്നെയാണോ? മനുഷ്യൻ ചന്ദ്രനിലിറങ്ങിയ അപ്പോളോ ദൗത്യം കെട്ടുകഥയാണെന്നു പറയുന്നത് ശരിയാണോ? അന്യഗ്രഹജീവകളും പറക്കും തളികകളുമൊക്കെ യഥാർഥമാണോ?
ഇത്തരം സമസ്യകൾ കൂടുതലും ഉടലെടുത്തിരിക്കുന്നത് സയൻസ് ഫിക്ഷനിൽനിന്നാണ്. പണ്ടത്തെ പല സങ്കൽപങ്ങളും ഇന്നു യാഥാർഥ്യമായതായി കൂട്ടുകാർ കാണുന്നുണ്ടല്ലോ. അതുകൊണ്ട്, ഈ ചോദ്യങ്ങൾക്കൊന്നും ഞാൻ ഉത്തരം നൽകുന്നില്ല. അവ കണ്ടുപിടിക്കുന്നതും തെളിയിക്കുന്നതും ഒക്കെ നിങ്ങൾ ഓരോരുത്തരും ആകണമെന്നാണ് എന്റെ ആഗ്രഹം.

ലോകം കാലാവസ്ഥാ വ്യതിയാനത്തെ നേരിടുമ്പോൾ റോക്കറ്റ് വിക്ഷേപണങ്ങൾ മൂലമുള്ള മലിനീകരണവും വികിരണവും തടയാൻ എന്തെല്ലാം നടപടികൾ എടുക്കാൻ സാധിക്കും?
റോക്കറ്റുകൾ പുറന്തള്ളുന്ന വാതകങ്ങളുടെ അളവ് കൂടുതലാണ്. എന്നാൽ റോക്കറ്റ് വിക്ഷേപണങ്ങൾ വല്ലപ്പോഴും മാത്രം നടക്കുന്നതുകൊണ്ടും അവയുടെ യാത്രാസമയം വളരെ കുറവായതിനാലും ഇതിൽനിന്നുള്ള അന്തരീക്ഷ മലിനീകരണം പൊതുവേ കുറവാണ്. മിക്ക രാജ്യങ്ങളും ഹരിത ഇന്ധനം (green propellant) ഉപയോഗിച്ചുള്ള റോക്കറ്റ് വിക്ഷേപണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. നമ്മളും ഈ മേഖലയിൽ ഗവേഷണം നടത്തുന്നുണ്ട്.

ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ബാഹുല്യമുണ്ട് ഇപ്പോൾ. അവശിഷ്ടങ്ങളും കൂടുന്നു. ഇത് സ്വാഭാവികമായ ബഹിരാകാശ ഘടനയെയും ഭൂമിയിലെ കാലാവസ്ഥയെയും ബാധിക്കുമോ?
ശരിയാണ്, ബഹിരാകാശം കൂടുതൽ തിരക്കേറിയതായി (crowded) മാറിക്കൊണ്ടിരിക്കുകയാണ്. ഇതു ഭാവിയിൽ ഒരു പ്രശ്നമാകുമെന്ന് എല്ലാ ബഹിരാകാശ ഏജൻസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ ചെറുക്കാനുള്ള പദ്ധതികൾ പലരും തുടങ്ങിയിട്ടുണ്ട്. വലിയ അവശിഷ്ടങ്ങളുടെ (debris) ഭ്രമണപഥം കണ്ടെത്താനും പ്രവചിക്കാനും സാധ്യമാണ്. ഇത്തരം അവശിഷ്ടങ്ങളുമായി നമ്മുടെ ഉപഗ്രഹങ്ങൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്. എന്നാൽ, ചെറിയ അവശിഷ്ടങ്ങൾ വലിയ പ്രശ്നമാണ്, അവയുടെ സഞ്ചാരപഥം കണ്ടെത്തുക എളുപ്പമല്ല.

രാജ്യത്തെ മിടുക്കരായ വിദ്യാർഥികളും തൊഴിലാളികളും വിദേശത്തേക്കു പോകുന്നതു മൂലമുണ്ടാകുന്ന നഷ്ടം (brain drain) രാജ്യത്തെ ശാസ്ത്രഗവേഷണത്തെ ബാധിക്കുന്നുണ്ടോ? ഇതിനു തടയിടാൻ മാർഗമുണ്ടോ?
വിദേശജോലികൾ ആണ് ഏറ്റവും ആകർഷകം എന്ന നില ഇപ്പോൾ മാറിയിട്ടുണ്ട്. തിരിച്ചുള്ള ബ്രെയിൻ ഡ്രെയിനാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യയിലേക്കു തിരിച്ചുവന്ന് ഇവിടുത്തെ ശാസ്ത്ര, സാങ്കേതിക രംഗത്തു ജോലി ചെയ്യാൻ അവസരമുണ്ടോ എന്ന് വിദേശത്തുള്ള വിദ്യാർഥികളിൽനിന്നും പ്രഫഷനലുകളിൽനിന്നും ഒട്ടേറെ അന്വേഷണങ്ങൾ എനിക്കു ലഭിക്കാറുണ്ട്. ഗഗൻയാനിൽ ബഹിരാകാശ സഞ്ചാരി ആകാൻ വിദേശത്തുള്ള ഇന്ത്യക്കാരിൽനിന്നു ലഭിച്ച അപേക്ഷകളുടെ എണ്ണം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അവർ ഇന്ത്യയെ മോഹിച്ചുതുടങ്ങുകയാണ്.

വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ എല്ലാം ചേർന്ന് ഒറ്റ ഏജൻസിയായിക്കൂടേ? ഒരേ പദ്ധതികൾക്കു വേണ്ടി പല രാജ്യങ്ങൾ പണം ചെലവഴിക്കുന്നത് ഒഴിവാക്കിക്കൂടേ?
ബഹിരാകാശ ഗവേഷണം ഒരു തന്ത്രപ്രധാനമേഖലയാണ്. ഓരോ രാജ്യത്തിനും സവിശേഷമായ ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ വൻകിട പദ്ധതികൾ ഒരുമിച്ചു തുടങ്ങിയാൽ അവയുടെ നടത്തിപ്പ് വെല്ലുവിളിയാണ്. ഇതേസമയം, സാധ്യമായ മേഖലകളിലെല്ലാം പല രാജ്യങ്ങളുടെ സ്പേസ് ഏജൻസികളും കൈകോർക്കാറുണ്ട്. ഇന്റർനാഷനൽ സ്പേസ് സ്റ്റേഷന്റെ ഉദാഹരണം നമുക്കറിയാമല്ലോ. യൂറോപ്യൻ സ്പേസ് ഏജൻസിയിൽ വിവിധ രാജ്യങ്ങൾ സഹകരിക്കുന്നു. ഏഷ്യയുടെ കാര്യത്തിലാണെങ്കിൽ നമ്മൾ ദക്ഷിണേഷ്യ സാറ്റലൈറ്റ് അയച്ചു, അതു നമ്മുടെ അയൽ രാജ്യങ്ങൾക്കു വേണ്ടിയാണ്. ചന്ദ്രയാനിലും മംഗൾയാനിലും പല രാജ്യങ്ങളുടെ സഹകരണമുണ്ടായി. ഭൗമനിരീക്ഷണ വിവരങ്ങൾ രാജ്യങ്ങൾ സൗജന്യമായി പരസ്പരം പങ്കുവയ്ക്കുന്നു. സാറ്റലൈറ്റ് സാങ്കേതിക വിദ്യ, റിമോട്ട് സെൻസിങ് തുടങ്ങിയവയിലൊക്കെ ഐഎസ്ആർഒ ഒട്ടേറെ വിദേശ ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും പരിശീലനം നൽകുന്നുണ്ട്.
(തുടരും)

ചോദ്യങ്ങൾ:
റോഷ്നി സാറ ജോയ്സ്, സിഎംഎസ് എച്ച്എസ്എസ് , കുഴിക്കാല, പത്തനംതിട്ട.
നമിത രാമചന്ദ്രൻ, ഗവ. എച്ച്എസ്എസ്, പെരിങ്ങോം, കണ്ണൂർ.
ഫെബിൻ ചാക്കോ മുണ്ടക്കൽ, ചാവറ പബ്ലിക് സ്കൂൾ, പാല .
നാനാക് ജോജൻ വർഗീസ്, ചോയ്സ് പബ്ലിക് സ്കൂൾ, കൊച്ചി
അമീൻ പരീസ സിദീഖ്, ഗവ. എച്ച്എസ്എസ്, പുനലൂർ
നേഹ ഷാജി സഖറിയ, മാർ ഡയനീഷ്യസ് എസ്എസ്എസ്, മല്ലപ്പള്ളി,
ആർ. ദേവകൃഷ്ണൻ, വേദവ്യാസ വിദ്യാലയം , കോഴിക്കോട്
ജീവ ശിവൻ, ജിവിഎച്ച്എസ്എസ്, കീഴുപറമ്പ് അമാൻ, ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ
ഹന്ന മരിയ, സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, ഞാറയ്ക്കൽ എസ്.എ. ആവണി, ഗവ. എച്ച്എസ്എസ്, കിളിമാനൂർ.
(ഒട്ടേറെ പേർ ഒരേ ചോദ്യങ്ങൾ ചോദിച്ചു. ആദ്യം ചോദിച്ചവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചോദ്യങ്ങൾ ചേർത്ത് ഒറ്റ മറുപടിയാണ് ഡോ.ശിവൻ നൽകിയത്.)