ആദ്യ ഗഗൻയാനു പിന്നാലെ ഇന്ത്യൻ വനിതയും ബഹിരാകാശത്തു പോകും !
ഐഎസ്ആർഒ (ഇസ്റോ) ചെയർമാൻ ഡോ. കെ. ശിവൻ ഹായ് കിഡ്സ് കൂട്ടുകാരോട് സംസാരിക്കുന്നു
അങ്ങയുടെ ജീവിതത്തിലെ മാതൃക ആരാണ്?
മനുഷ്യത്വത്തിന്റെ വിശ്വവ്യാപകമായ ആദർശങ്ങൾ സ്വീകരിച്ചാണ് ഞാൻ മുന്നോട്ടു പോകുന്നത്. എനിക്ക് ഒരു മാതൃകാബിംബം ഇല്ല.
ഡോ. എപിജെ അബ്ദുൽ കാലം ഞങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്തുള്ള അങ്ങയുടെ അനുഭവം എങ്ങനെയാണ്?
ഞാൻ ഇസ്റോയിൽ ചേർന്നപ്പോഴേക്ക് അദ്ദേഹം ഡിആർഡിഒയിലേക്കു (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) മാറിയിരുന്നു. ഒപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്കുണ്ടായില്ല. ഇന്ത്യയിലെ മഹാനായ ശാസ്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. സാധാരണ ചുറ്റുപാടുകളിൽ ജനിച്ചു വളർന്ന്, ഒരുപാട് തടസ്സങ്ങളെ അതിജീവിച്ചാണ് അദ്ദേഹം ആ നിലയിലും പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തും എത്തിയത്. ജനങ്ങളുടെ രാഷ്ട്രപതി എന്നറിയപ്പെട്ട അദ്ദേഹം ആ രംഗത്തും പ്രാഗല്‌ഭ്യം തെളിയിച്ചു.
ജിഎസ്എൽവി വിക്ഷേപണം പലതവണ പരാജയപ്പെട്ടു. എന്നിട്ടും അതിന്റെ ചുമതലയേറ്റെടുക്കുമ്പോൾ എന്തായിരുന്നു മനസ്സിൽ?
‘ഐഎസ്ആർഒയുടെ വികൃതിക്കുട്ടൻ’ എന്നാണ് ജിഎസ്എൽവിയെ വിളിച്ചിരുന്നത്! റോക്കറ്റുകളുടെ വിക്ഷേപണം അങ്ങേയറ്റം സങ്കീർണമാണ്. പരാജയങ്ങളിൽനിന്നു പല
പാഠങ്ങൾ നമ്മൾ പഠിക്കും. ലോകത്ത് പലതവണ പരാജയപ്പെട്ട റോക്കറ്റ് ജിഎസ്എൽവി മാത്രമല്ല. അതിന്റെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നമ്മൾ അൽപം സമയമെടുത്തു. കൂട്ടായ ശ്രമങ്ങളിലൂടെ അവ പരിഹരിച്ചു. പിൽക്കാലത്ത്, ജിഎസ്എൽവികൾ കിറുകൃത്യമായി പറന്നുയർന്നു എന്നതിൽ സന്തോഷവും തൃപ്തിയുമുണ്ട്.
തമോഗർത്തം, നെബുല എന്നിവയെക്കുറിച്ച് നമ്മൾ എന്തൊക്കെ പഠിച്ചു?
2015ൽ ഇസ്റോ ആസ്ട്രോസാറ്റ് എന്ന ബഹിരാകാശ ടെലിസ്കോപ് നമ്മൾ വിക്ഷേപിച്ചിരുന്നു.അൾട്രാ വയലറ്റ്, എക്സ് റേ തുടങ്ങി വ്യത്യസ്ത തരംഗങ്ങൾ പഠിക്കാൻ ആസ്ട്രോസാറ്റിനു ശേഷിയുണ്ട്. ഒരു തമോഗർത്തത്തിൽ നിന്നുള്ള അതീവ ഊർജ വികിരണം ആസ്ട്രോസാറ്റ് പഠിച്ചിരുന്നു.നമ്മുടെ ക്ഷീരപഥത്തിന്റെ ഭാഗമായ എൻജിസി 2808 എന്ന നക്ഷത്ര സംഘത്തിലെ ഒരു കൂട്ടം അൾട്രാവയലറ്റ് നക്ഷത്രങ്ങളെ കണ്ടെത്തിയതും ഈ ടെലിസ്കോപ്പാണ്. ക്രാബ് നെബുലയുടെ മധ്യത്തിലുള്ള പൾസറിന്റെ (ന്യൂട്രോൺ നക്ഷത്രം) വിശദാംശങ്ങളും ആസ്ട്രോസാറ്റ് നമുക്ക് നൽകി.
രാഷ്ട്രപതി സ്ഥാനം അങ്ങേക്കു വാഗ്ദാനം ചെയ്താൽ എന്തായിരിക്കും പ്രതികരണം?
ബുദ്ധിമുട്ടുള്ള ചോദ്യമാണ്. ഇപ്പോൾ എന്റെ കയ്യിൽ ഇപ്പോൾ അതിനുള്ള ഉത്തരമില്ല. പാലം വരുമ്പോൾ അതു കടക്കുന്ന കാര്യം ആലോചിക്കുന്നതല്ലേ നല്ലത്.
ഇസ്റോയിൽ ശാസ്ത്രജ്ഞരാകാൻ ഞങ്ങൾ എങ്ങനെ തയാറെടുക്കണം? എന്തു പഠിക്കണം?
എല്ലാ വിഷയങ്ങളും – എൻജിനീയറിങ്ങും സയൻസും മാനവിക വിഷയങ്ങളുമൊക്കെ – പഠിച്ചവർ ഐഎസ്ആർഒയിലുണ്ട്. ജിജ്ഞാസയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള ശേഷിയുമാണ് പ്രധാനം.
ഞാൻ കേൾവിശക്തി കുറഞ്ഞ ഒരു വിദ്യാർഥിയാണ്. എനിക്ക് ഇസ്റോയിൽ ജോലി സാധ്യതയുണ്ടോ?
ഭിന്നശേഷിയുള്ള ഒട്ടേറെപ്പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അപകടസാധ്യതയുള്ള ചില രംഗങ്ങളിൽ പോകാൻ തടസ്സമുണ്ടാകുമെന്നു മാത്രമേയുള്ളൂ.
ഒട്ടേറെ വിക്ഷേപണങ്ങൾക്ക് നേതൃത്വം കൊടുത്ത അങ്ങേക്കു സ്വയം ബഹിരാകാശ യാത്ര എന്ന സ്വപ്നമുണ്ടോ?
അവസരം കിട്ടിയാൽ തീർച്ചയായും ഞാനും പോകും. പക്ഷേ, ബഹിരാകാശ സഞ്ചാരിയാവുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്. അങ്ങേയറ്റം ആരോഗ്യവാനായിരിക്കണം, പെട്ടെന്നു കാര്യങ്ങൾ പഠിക്കണം. ഏതു സാഹചര്യവുമായും ഇണങ്ങാൻ കഴിയണം.
സ്പേസ് സയൻസ് മേഖലയിൽ സ്ത്രീകൾക്ക് തുല്യാവസരമുണ്ടോ? ഇസ്റോയിൽ ചേരുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരേ അവസരങ്ങളാണോ കിട്ടുക?
ഇസ്റോയിൽ ഒരു രീതിയിലുള്ള അസമത്വവും ഇല്ല. എല്ലാവർക്കും ഒരേ പരിഗണനയാണ്. ഇസ്റോയുടെ ഏറ്റവും വലിയ സ്ഥാനങ്ങളിൽ സ്ത്രീകൾ എത്തിയിട്ടുണ്ട്. ചന്ദ്രയാൻ 2 മിഷന്റെ പ്രോജക്ട് ഡയറക്ടർ ഒരു സ്ത്രീ ആയിരുന്നല്ലോ– റിതു കരിദൽ.
പക്ഷേ, ലോകം മൊത്തമെടുത്താൽ ബഹിരാകാശത്തു പോയ സ്ത്രീകളുടെ എണ്ണം ഇപ്പോഴും കുറവാണല്ലോ?
ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ പരിമിതമായ സ്ഥലമാണ്. എങ്കിലും അതുമായി ബന്ധപ്പെട്ടു കൂടുതൽ വനിതകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഇനിയും അതു വർധിക്കും.
ഗഗൻയാനിൽ, വനിതാ ബഹിരാകാശ സഞ്ചാരിയെ കൊണ്ടുപോയി, സ്ത്രീകൾക്കും ഇതു സുരക്ഷിതമാണ് എന്നു തെളിയിക്കുക നമ്മുടെ ലക്ഷ്യമാണ്. ആദ്യ യാത്രയ്ക്കു
ശേഷം ഒട്ടും വൈകാതെ അതു യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ.
(അവസാനിച്ചു)
(ഒട്ടേറെ പേർ ഒരേ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആദ്യം ചോദിച്ചവരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചോദ്യങ്ങൾക്ക് ഒറ്റ മറുപടിയാണ് ഡോ.ശിവൻ നൽകിയിട്ടുള്ളത്.)
ചോദ്യങ്ങൾ: ∙അന്നബെൽ ബിനോയ്, സിഎസ്ഐ എച്ച്എസ്എസ് ഫോർ പാർഷ്യലി ഹിയറിങ് ∙സ്റ്റീഫൻ ജോസഫ്, യുഎച്ച്എസ്എസ്, മമ്പറ ∙ ദേവശ്രീ, വിദ്യാരംഭം പബ്ലിക്
സെൻട്രൽ സ്കൂൾ, ശാസ്താംകോട്ട ∙ ബി.എസ്. ശ്രേയ, ജിഎച്ച്എസ്എസ് തട്ടത്തുമല, കിളിമാനൂർ ∙അഭിരാമി പ്രദീപ്, എംഎസ്‍വിഎച്ച്എസ്എസ്, വാളകം ∙ ഗീതാഞ്ജലി സുർജിത്, കെഇ ഇഎംഎസ്, മാന്നാനം, കോട്ടയം ∙ അമിത റെജി, എസ്ജിഎച്ച്എസ്എസ്, കൊട്ടാരക്കര ∙ജോയൽ, എൻഎസ്എസ് എച്ച്എസ്, തിരുവനന്തപുരം ∙അനഘ ശങ്കർ, എസ്ജിവിഎച്ച്എസ്എസ്, ചുനക്കര ∙അബു സ്വാലിഹ്, എജി പബ്ലിക് സ്കൂൾ, കടയ്ക്കൽ ∙ മേഘ, സെന്റ് തോമസ് എച്ച്എസ്എസ്, കോഴഞ്ചേരി ∙അഖില. എസ്. അഗസ്റ്റിൻ, സിബിഎംഎച്ച്എസ്, നൂറനാട് ∙ അന്നലിസ് ആന്റണി, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ചാത്തേടം