ശാസ്ത്രത്തിന്റെ ബോസ്‍

സീമ ശ്രീലയം

ഊർജതന്ത്രത്തെയും സസ്യശാസ്ത്രത്തെയും ഒരു പോലെ സ്നേഹിക്കുകയും ഇരു രംഗങ്ങളിലും ലോകശ്രദ്ധ കവർന്ന നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്ത ജഗദീശ് ചന്ദ്രബോസിന്റെ 160ാം ജന്മവാർഷികമായിരുന്നു കഴിഞ്ഞ നവംബർ 30.

അനുഭവങ്ങളുടെ പാഠശാല

ഇപ്പോൾ ബംഗ്ലദേശിന്റെ ഭാഗമായ ബിക്രംപുരിൽ ഭഗവൻ ചന്ദ്ര ബോസിന്റെയും ബനസുന്ദരീദേവിയുടെയും മകനായി 1858ലാണ് ജെ.സി.ബോസിന്റെ ജനനം. ഡപ്യൂട്ടി മജിസ്‌ട്രേട്ട് ആയിരുന്നുവെങ്കിലും നാട്ടിലെ അന്നത്തെ രീതിയിൽ നിന്നു വ്യത്യസ്തമായി, സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിലാണ് പിതാവ് ബോസിനെ ചേർത്തത്. നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അറിയാനും മാതൃഭാഷയുടെ മഹത്വം മനസ്സിലാക്കാനും ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കാനും പഠിച്ചത് അക്കാലത്തായിരുന്നുവെന്ന് പിന്നീട് ജെ.സി.ബോസ് പറഞ്ഞിട്ടുണ്ട്.

കേംബ്രിജും ബോസും

1875ൽ കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളജിൽ പ്രവേശനം നേടി. അവിടുത്തെ പഠനകാലത്തിനിടെ ഫാദർ യൂജിൻ ലാഫോണ്ടിന്റെ സ്വാധീന ഫലമായി ജീവശാസ്ത്രത്തിൽ വലിയ താൽപര്യമുണ്ടായി. 1879 ൽ ഊർജതന്ത്രത്തിൽ ബിരുദം നേടിയശേഷം വൈദ്യശാസ്ത്രം പഠിക്കാൻ ബോസ് കേംബ്രിജിലേക്ക് പോയി. ആരോഗ്യപ്രശ്നങ്ങൾ കാരണം വൈദ്യശാസ്ത്രപഠനം മുടങ്ങി. അങ്ങനെ കേംബ്രിജിലെ ക്രൈസ്റ്റ്സ് കോളജിൽ ചേർന്നു നാച്ചുറൽ സയൻസ് പഠിക്കാനാരംഭിച്ചു. 1884 ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സി ബിരുദം നേടി.

വിവേചനങ്ങൾക്ക് എതിരെ

1885 ൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ ഭൗതികശാസ്ത്ര പ്രഫസറായി. എന്നാൽ, ബ്രിട്ടിഷ് ഇന്ത്യാ ഗവൺമെന്റിന്റെ കടുത്ത വിവേചനമാണ് ബോസിന് നേരിടേണ്ടി വന്നത്. ബ്രിട്ടിഷുകാരായ അധ്യാപകർക്ക് നൽകുന്ന ശമ്പളത്തിന്റെ പകുതിയേ ഇന്ത്യക്കാക്ക് നൽകിയിരുന്നുള്ളൂ. ജോലിസ്ഥിരതയും ഉണ്ടായിരുന്നില്ല. ബോസ് ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ആദ്യ 3 കൊല്ലം ശമ്പളം വാങ്ങാതെ ജോലി ചെയ്തു. ഭൗതികശാസ്ത്ര ലാബിൽ പരീക്ഷണങ്ങൾക്കു വേണ്ട ഉപകരണങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്നു കാശു മുടക്കി. അതോടെ അധികാരികൾക്ക് ബോസിനെ അംഗീകരിക്കാതെ തരമില്ലെന്നു വന്നു. ബ്രിട്ടിഷ് പ്രഫസർമാർക്കൊപ്പം ശമ്പളവും 3 കൊല്ലത്തെ കുടിശികയും നൽകി. സാമൂഹിക പ്രവർത്തകയായ അബലാദാസിനെ ബോസ് 1887ൽ വിവാഹം കഴിച്ചു.

റേഡിയോയുടെ ബോസ്

റേഡിയോ കണ്ടുപിടിച്ചത് ഗുഗ്ലിമോ മാർക്കോണി എന്നല്ലേ കൂട്ടുകാർ കേട്ടിരിക്കുന്നത്. മാർക്കോണി റേഡിയോ യാഥാർഥ്യമാക്കുന്നതിന് രണ്ട് വർഷം മുൻപേ ജെ.സി. ബോസ് സമാന കണ്ടുപിടിത്തം നടത്തിയിരുന്നു. റേഡിയോ തരംഗങ്ങളെ വായുവിലൂടെ പ്രേഷണം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. വയർലെസ് വാർത്താവിനിമയം സാധ്യമാവുമെന്ന് ഇൻവിസിബിൾ ലൈറ്റ് എന്ന പേരിൽ എഴുതിയ ഗവേഷണപ്രബന്ധത്തിൽ അദ്ദേഹം സമർഥിച്ചു. വയർലെസ് ആശയവിനിമയം കൊൽക്കത്ത ടൗൺഹാളിലും മറ്റും അവതരിപ്പിച്ചു ജനങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്തു. 1896 ൽ ബോസ് മാർക്കോണിയെ നേരിൽക്കണ്ടു സംസാരിച്ചിരുന്നു. ബോസിന്റെ ഗവേഷണങ്ങൾ മാർക്കോണിയും ശ്രദ്ധിച്ചിരുന്നു. എന്നാൽ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കാനോ അതിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനോ ബോസ് ശ്രമിച്ചില്ല. അന്നത്തെ സാഹചര്യത്തിൽ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തം വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്തു. അതേസമയം ഇറ്റലിക്കാരനായ മാർക്കോണി കണ്ടെത്തലുകൾക്ക് പേറ്റന്റ് എടുക്കുകയും റേഡിയോ തരംഗപ്രേഷണത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ഇതിൽ വാദപ്രതിവാദങ്ങൾ നടത്താനോ അവകാശവാദങ്ങൾ ഉന്നയിക്കാനോ ഒന്നും ബോസ് മുതിർന്നതുമില്ല.

ശാസ്ത്ര പ്രചാരകൻ

1915ൽ പ്രസിഡൻസി കോളജിനോടു വിട പറഞ്ഞ ബോസ് 1917ൽ കൊൽക്കത്തയിൽ ബോസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ശാസ്ത്രത്തെ ജനകീയമാക്കാനുള്ള ഏറ്റവും നല്ല മാർഗം മാതൃഭാഷയിലുള്ള ശാസ്ത്രപ്രചാരണമാണെന്ന് മനസ്സിലാക്കി സാധാരണക്കാർക്കു വേണ്ടി ബംഗാളി ഭാഷയിൽ ശാസ്ത്ര രചനകൾ നടത്തി. പ്രഭാഷണങ്ങളിലൂടെ അവരോടു സംവദിച്ചു. ബംഗാളി സയൻസ് ഫിക്‌ഷന്റെ വളർച്ചയിലും ഈ ശാസ്ത്രജ്ഞനു വലിയ പങ്കുണ്ട്. ബംഗാളി ഭാഷയിൽ ‘Niruddesher Kahini ‘ ( The Story of the Missing One) എന്ന ശാസ്ത്രകൽപിത കഥ രചിച്ചു. ഒപ്പം ‘ റെസ്പോൺസ് ഇൻ ദ് ലിവിങ് ആൻഡ് നോൺ ലിവിങ്’ , ‘ദ് നെർവസ് മെക്കാനിസം ഓഫ് പ്ലാന്റ്സ് ’ തുടങ്ങിയ ശ്രദ്ധേയമായ ശാസ്ത്ര ഗ്രന്ഥങ്ങളും ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളും എഴുതി. ബോസിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു കവിത തന്നെ എഴുതിയിട്ടുണ്ട് രവീന്ദ്രനാഥ ടഗോർ.

ബഹുമതികൾ

റോയൽ സൊസൈറ്റി അംഗത്വം, ബ്രിട്ടനിൽ നിന്ന് സർ ബഹുമതി എന്നിവയൊക്കെ അദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യൻ സയൻസ് കോൺഗ്രസ് അധ്യക്ഷൻ, ബംഗാളി സാഹിത്യ പരിഷത് പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം അലങ്കരിച്ചു. കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡൻ, ആചാര്യ ജഗദീശ് ചന്ദ്ര ബോസ് ബൊട്ടാണിക്കൽ ഗാർഡൻ എന്നാണറിയപ്പെടുന്നത്. ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ജെ.സി.ബോസ് ഫെലോഷിപ് ഏർപ്പെടുത്തിയിട്ടുണ്ട്. കേംബ്രിജിലെ ക്രൈസ്റ്റ്സ് കോളജിൽ ബോസിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 1937 നവംബർ 23 ന് അദ്ദേഹം അന്തരിച്ചു.