ജയിംസ് ബോണ്ട് 1964ൽ ഓടിച്ച കാർ സൂപ്പർസ്റ്റാറായതെങ്ങനെ?

നവീൻ മോഹൻ

പാഞ്ഞു വരുന്ന കാർ. മുന്നിൽ തുരുതുരാ വെടിയുതിർത്തു വില്ലന്മാർ. നായകന്റെ കയ്യിൽ തോക്കില്ല. പക്ഷേ എവിടെ നിന്നെന്നറിയാതെ വെടിയേറ്റ് വില്ലന്മാർ ഓരോരുത്തരായി മരിച്ചു വീഴുന്നു. സംഗതി സിനിമാസീനാണ്. സിനിമയിലെ നായകൻ മറ്റാരുമല്ല, ജയിംസ് ബോണ്ടും. വില്ലന്മാരെ വെടിവച്ചിട്ടതാകട്ടെ അദ്ദേഹത്തിന്റെ കാറും. സീക്രട്ട് ഏജന്റ് ബോണ്ടിനൊപ്പം ഒരു കാറും സ്റ്റാറായി മാറിയ സിനിമയിലേതാണു മേൽപ്പറഞ്ഞ രംഗം. 1964ലിറങ്ങിയ ‘ഗോൾഡ്ഫിംഗറാ’ണ് ചിത്രം. ഷോൺ കോണറി ബോണ്ടായി തകർത്തഭിനയിച്ച ചിത്രം. പക്ഷേ ബോണ്ടിനോളം തന്നെ അതിലെ ആസ്റ്റൺ മാർട്ടിൻ ഡിബി5 കാറും പ്രശസ്തമായി. കാരണം സാധാരണക്കാർക്കൊന്നും അത്തരമൊരു കാർ അക്കാലത്ത് ലഭിക്കില്ലായിരുന്നു. അത് ‘മിസ്റ്റർ ക്യു’ എന്ന ആയുധവിദഗ്ധൻ ബോണ്ടിനു വേണ്ടി പ്രത്യേകം തയാറാക്കിയതായിരുന്നു.

കാറിൽ നിന്നു തലനീട്ടി വെടിയുതിർക്കുന്ന മെഷീൻ ഗണ്ണുകളായിരുന്നു ഒരു പ്രത്യേകത. ഗിയറിനോടു ചേർന്നുള്ള ചുവപ്പു ബട്ടണിൽ മറ്റൊരു സൂത്രവുമുണ്ടായിരുന്നു– അതിൽ ക്ലിക്ക് ചെയ്താൽ കാറിന്റെ മേൽക്കൂര മാറി സീറ്റോടു കൂടി ഡ്രൈവർ തെറിച്ചു പോകും. എവിടെയെങ്കിലും ഇടിച്ചാൽ ഡ്രൈവർക്കു രക്ഷപ്പെടാൻ വേണ്ടിയായിരുന്നു അത്. മിസ്റ്റർ ക്യു ചുമ്മാ തമാശ പറയുകയാണെന്നായിരുന്നു ബോണ്ട് ഇതിനെപ്പറ്റി കേട്ടപ്പോൾ പറഞ്ഞത്. അന്നത്തെ കാലത്ത് അതെല്ലാം ഒരു അദ്ഭുതവുമായിരുന്നു. എന്നാൽ തന്റെ കണ്ടുപിടിത്തങ്ങളെപ്പറ്റി താൻ തമാശ പറയാറില്ലെന്നായിരുന്നു ബോണ്ടിനോടു കണ്ണുരുട്ടി ‘ക്യു’വിന്റെ മറുപടി.

എന്തായാലും പടവും കാറും സൂപ്പർ ഹിറ്റായതിനു പിന്നാലെ ആസ്റ്റൺ മാർട്ടിൻ ഡിബി5 കാർ കളിപ്പാട്ടമായും വിപണിയിലെത്തി. യുകെ കമ്പനിയായ കോർഗി ടോയ്സ് ആയിരുന്നു നാലു ലക്ഷത്തോളം ടോയ് കാറുകൾ വിൽപനയ്ക്കെത്തിച്ചത്. വന്നിറങ്ങിയതിനു തൊട്ടുപിന്നാലെ കാറുകളിലേറെയും വിറ്റുപോയി. ചിലയിടങ്ങളിൽ കടകളിൽ സ്റ്റോക്ക് തീർന്നതിന്റെ പേരിൽ സംഘട്ടനം വരെയുണ്ടായെന്നായിരുന്നു റിപ്പോർട്ടുകൾ. സിനിമയിൽ സിൽവർ നിറത്തിലായിരുന്നു ബോണ്ടിന്റെ കാർ. എന്നാൽ കോർഗി ടോയ്സ് കാറിനു നൽകിയത് സ്വർണ നിറമായിരുന്നു. ചിത്രത്തിലെ വില്ലനോടുള്ള ‘സ്നേഹം’ കൊണ്ടായിരുന്നു അത്.

ജയിംസ് ബോണ്ട് ചിത്രങ്ങളിലെ ഏറ്റവും ഭീകരനായ വില്ലനായാണ് ഓറിക് ഗോൾഡ്ഫിംഗർ എന്ന കഥാപാത്രം അറിയപ്പെടുന്നത്. കാറിൽ സ്വർണം ഉരുക്കിച്ചേർത്ത് ഒളിച്ചു കടത്തുന്നതുൾപ്പെടെ സ്വർണക്കടത്തിന്റെ ആശാനാണു കക്ഷി. ലോക സ്വർണവിപണി കയ്യടക്കുകയാണു ലക്ഷ്യം. ആ കഥാപാത്രത്തെ അനുസ്മരിച്ച് സ്വർണനിറമുള്ള കാറുകൾ പുറത്തിറക്കിയതിനൊപ്പം ഒറിജിനൽ സ്വർണം പൂശിയും ഏതാനും കാറുകൾ കോർഗി ടോയ്സ് പുറത്തിറക്കിയിരുന്നു. ഫാക്ടറി സന്ദർശിക്കാനെത്തുന്ന വിഐപികൾക്കു സമ്മാനിക്കാനായിരുന്നു അത്. ആ കാറുകളിലെ ഏകദേശം പത്തെണ്ണം മാത്രമേ നിലവിൽ ബാക്കിയുള്ളൂ. അവയിലൊന്ന് ലേലത്തിനും വയ്ക്കാനൊരുങ്ങുകയാണ്. സെപ്റ്റംബർ 11നാണ് യുകെയിൽ ലേലം നടക്കുക. കുറഞ്ഞത് രണ്ടായിരം പൗണ്ടെങ്കിലും (ഏകദേശം 1.87 ലക്ഷം രൂപ) ലേലത്തിലൂടെ ലഭിക്കുമെന്നാണു കരുതുന്നത്. മാത്രവുമല്ല, ആസ്റ്റൺ മാർട്ടിൻ ഡിബി5ന്റെ ബോണ്ട് സിനിമയിലെ അതേ മോഡൽ കമ്പനി യഥാർഥത്തിൽ പുറത്തിറക്കുകയാണെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു.