കടലിനെ രക്ഷിക്കാന്‍ കുഞ്ഞന്‍ ജെല്ലിബോട്ട്‌സ്; ഇതൊരു ഒന്നൊന്നര കണ്ടുപിടിത്തം!
മനുഷ്യന്റെ തെറ്റായ പ്രവൃത്തികള്‍ കാരണം ലോകമെമ്പാടും കാലാവസ്ഥ മാറിമറിയുകയാണ്. അതിന്റെ ഫലമായി ഭൂമിയിലെ സമുദ്രങ്ങളില്‍ ജലത്തിനു ചൂടും കൂടുകയാണ്. ഇതും പോരാതെ കടലിലേക്കു കോടിക്കണക്കിനു ടണ്‍ മാലിന്യങ്ങളാണ് ഒഴുക്കുന്നത്. ഈ പ്രവൃത്തികളിലൂടെ ഇല്ലാതാകുന്നതാകട്ടെ കടലിലെ അസാധാരണമായ ജൈവവ്യവസ്ഥയും. പ്രത്യേകിച്ച് അതിസുന്ദരമായ പവിഴപ്പുറ്റുകള്‍. ലോകത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ത്തന്നെ സമുദ്രജലത്തിലെ ചൂടുകൂടിയതിനാല്‍ പവിഴപ്പുറ്റുകളെല്ലാം നിറംമങ്ങിത്തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളില്‍ അവ പൊടിഞ്ഞില്ലാതാകാന്‍ വരെ തുടങ്ങി. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഇവയുടെ അവസ്ഥ പരിശോധിക്കാന്‍ പോകുന്നതു പോലും കനത്ത തിരിച്ചടിയാണുണ്ടാക്കുക.
മനുഷ്യനോ മറ്റു യന്ത്രങ്ങളോ പവിഴപ്പുറ്റുകളുടെ സമീപത്തുകൂടെ പോയാല്‍ മതി, അതിന്റെ ഓളത്തള്ളിച്ചയില്‍ത്തന്നെ ചിലപ്പോള്‍ പുറ്റുകള്‍ ഇടിഞ്ഞു വീണേക്കാം. ഇക്കാര്യം മനസ്സിലുള്ളതു കൊണ്ടാണ് ഗവേഷകര്‍ ഒരു പ്രത്യേക സൂത്രം കണ്ടെത്തിയത്. ഒരു കുഞ്ഞന്‍ റോബട്ടായിരുന്നു അത്. ജെല്ലിഫിഷിന്റെ രൂപത്തിലുള്ള ആ റോബട്ടിന് അവയുടെ തന്നെ സ്വഭാവ സവിശേഷതകളുമുണ്ടായിരുന്നു. അതായത്, ജെല്ലിഫിഷുകളെപ്പോലെ സഞ്ചരിക്കാനുള്ള കഴിവ്. തങ്ങളുടെ ശരീരത്തേക്കാള്‍ ചെറിയ, ഇടുങ്ങിയ വഴികളിലൂടെ പോലും ഇവ എളുപ്പം നൂണ്ടുപോകും. ചുറ്റിലുമുള്ള യാതൊന്നിനും ഒരനക്കം പോലും സംഭവിക്കുകയുമില്ല. ഇവ ചെന്നു തട്ടിയാല്‍പ്പോലുമില്ല പ്രശ്‌നം. ജെല്ലി ബോട്ട്‌സ് എന്നാണ് ഇവയ്ക്കു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. നിര്‍മിച്ചെടുത്തതാകട്ടെ ഫ്‌ളോറിഡ അറ്റ്‌ലാന്റിക് സര്‍വകലാശാലയിലെ ഗവേഷകരും.
ജെല്ലിഫിഷിനുള്ളതു പോലെ ഒരു ശരീരവും ചുറ്റിലും ടെന്റക്കിളുകളുമുണ്ട്. ആകെ എട്ട് ടെന്റക്കിളുകളാണുള്ളത്. അവ നിര്‍മിച്ചതാകട്ടെ സിലിക്കണ്‍ കൊണ്ടും. സാധാരണ ജെല്ലിഫിഷുകള്‍ ഇരപിടിക്കാനാണ് ടെന്റക്കിളുകള്‍ ഉപയോഗിക്കുക എന്നാല്‍ ജെല്ലിബോട്ട്‌സ് ഇവ ഉപയോഗിക്കുന്നതു സഞ്ചരിക്കാന്‍ വേണ്ടിയാണ്. അതായത്, കടലിലേക്കിറക്കിയാല്‍ ഈ ടെന്റക്കിളുകളിലേക്കു ചുറ്റില്‍ നിന്നും വെള്ളം വന്നു കയറും. അതോടെ ഇവ വീര്‍ത്തു വരും. പിന്നെ പതിയെ ആ വെള്ളം പുറത്തേക്കു വിടും. അതോടെ ടെന്റക്കിളുകള്‍ ചുരുങ്ങും. ഇങ്ങനെ ടെന്റക്കിളുകള്‍ ചുരുങ്ങിയും വലുതായും വരുന്നതനുസരിച്ച് പതിയെപ്പതിയെ ജെല്ലിബോട്ട്‌സിനു സഞ്ചരിക്കാന്‍ സാധിക്കും. ശരിക്കും ജെല്ലിഫിഷ് സഞ്ചരിക്കുന്നതു പോലെത്തന്നെ. അതു കൊണ്ട് ഹൈഡ്രോളിക് ടെന്റക്കിള്‍സ് എന്നാണ് ഇവയ്ക്കു പേരു നല്‍കിയിരിക്കുന്നതും. ഇവ ഉപയോഗിച്ച് ഇഷ്ടമുള്ളയിടത്തേക്കും നീങ്ങാനും നീന്താനുമെല്ലാം റോബട്ടുകള്‍ക്കു സാധിക്കും.
മൂണ്‍ ജെല്ലിഫിഷുകളെയാണ് ജെല്ലിബോട്ട്‌സ് നിര്‍മിക്കാന്‍ മാതൃകയാക്കിയിരിക്കുന്നത്. Aurelia aurita എന്നു ശാസ്ത്രനാമമുള്ള ഇവ ലാര്‍വയായിരിക്കെ എങ്ങനെയാണോ അതിന്റെ തനിപ്പകര്‍പ്പിലാണ് റോബട്ടുകളെ നിര്‍മിച്ചെടുത്തത്. ഇവയെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയം കണ്ടുകഴിഞ്ഞു. വൈകാതെ തന്നെ കടലിലേക്ക് ഇറക്കാനാണു തീരുമാനം. തകിടം മറിഞ്ഞ സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ യഥാര്‍ഥ അവസ്ഥ കണ്ടെത്തുകയാണു ലക്ഷ്യം. അതിനു വേണ്ടി മനുഷ്യന്‍ ഇന്നേവരെ പോകാത്ത വഴികളിലൂടെ വരെ ജെല്ലിബോട്ട് പോയെന്നിരിക്കും. ഇങ്ങനെ സമുദ്രരക്ഷായാത്രയ്‌ക്കൊരുങ്ങുന്ന ജെല്ലിബോട്ട്‌സിനു മറ്റൊരു പേരൂകൂടിയിട്ടിട്ടുണ്ട്- ഗാര്‍ഡിയന്‍സ് ഓഫ് ദി ഓഷ്യന്‍സ്.