ഇനി ബൈക്കിൽ കയറി പറക്കാം; ഒരുങ്ങുന്നു അമേരിക്കൻ ‘സ്പീഡർ’
നവീൻ മോഹൻ
സ്കൂൾ ബസാണെങ്കിൽ വിട്ടുപോയി, 10 മിനിറ്റിനകം സ്കൂളിൽ ബെല്ലടിക്കും. വഴിനീളെ വൻ ട്രാഫിക് ബ്ലോക്കും. എന്തു ചെയ്യുമെന്നറിയാതെ അന്തംവിട്ടു നിൽക്കുമ്പോഴാണ് മുറ്റത്തൊരു ബൈക്ക്. നേരെ അതിലേക്കു കയറി സ്റ്റാർട്ട് ചെയ്തു. ബൈക്ക് പറന്നൊരു പോക്കായിരുന്നു. സ്കൂളിനു മുകളിലെത്തി പതിയെ താഴേക്കിറങ്ങി, ബൈക്ക് പാർക്ക് ചെയ്തു കൂളായി ക്ലാസിലേക്കും നടന്നു... സ്വപ്നമൊന്നുമല്ല. അധികം വൈകാതെ ഇതും സംഭവിക്കുമെന്നു പറയുന്നത് യുഎസിലെ ജെറ്റ്പാക്ക് ഏവിയേഷൻ (ജെപിഎ) എന്ന കമ്പനിയാണ്. പറക്കുംബൈക്കിന്റെ നിർമാണത്തിനു കാശുതേടി പലരെയും സമീപിച്ചിരുന്നു ലൊസാഞ്ചലസ് ആസ്ഥാനമായുള്ള ഈ കമ്പനി. ഒടുവിൽ ക്രൗഡ് ഫണ്ടിങ് വഴി ഏകദേശം 14 കോടി രൂപ ലഭിക്കുകയും ചെയ്തു.
ചില വൻകിട കമ്പനികളും ജെപിഎയെ സഹായിക്കാമെന്നേറ്റു. അതോടെ റീക്രിയേഷനൽ സ്പീഡർ എന്നു പേരിട്ട ബൈക്കിന്റെ നിർമാണത്തിനു വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു. ഏകദേശം ഏഴു ലക്ഷം രൂപ കൊടുത്ത് ഇതു നേരത്തേ ബുക്ക് ചെയ്യാനും സാധിക്കുമെന്നാണു കമ്പനി പറയുന്നത്. നാല് ടർബോജെറ്റ് എൻജിനുകളിലാണ് പറക്കും ബൈക്കിന്റെ പ്രവർത്തനം. മണിക്കൂറിൽ 400 മൈൽ വേഗത്തിൽ പറക്കാനാകും. പറക്കുമെന്നു പറയുമ്പോൾ റോഡിനു തൊട്ടുമുകളിലൂടെയൊന്നുമല്ല– ഏകദേശം 15,000 അടി ഉയരത്തിൽ വരെ. അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്കും ആറിരട്ടിയോളം ഉയരത്തിൽ. പക്ഷേ ഡ്രൈവറുടെ ഭാരം, ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയ ഘടകങ്ങളെല്ലാം അനുസരിച്ചായിരിക്കും എത്ര ദൂരത്തിലും വേഗത്തിലും ഇതു സഞ്ചരിക്കുമെന്നു തീരുമാനിക്കുക. ഒറ്റയടിക്ക് 10 മുതൽ 22 മിനിറ്റ് വരെ സമയം പറക്കാൻ ഇവയ്ക്കു സാധിക്കും.
ഡ്രൈവർക്ക് മാന്വലായും ഒട്ടമാറ്റിക്കായും ഇതു നിയന്ത്രിക്കാനും സാധിക്കും. വിമാനം പറന്നിറങ്ങുന്നതു പോലെയൊന്നുമല്ല സ്പീഡർ വന്നിറങ്ങുക. കുത്തനെ ഉയർന്നു പൊങ്ങി കുത്തനെ വന്നിറങ്ങാൻ സാധിക്കും ഇതിന്. അതായത്, ആകാശത്ത് അൽപദൂരം കറങ്ങിയടിച്ച് താഴെ പാർക്കിങ്ങിന് അൽപം സ്ഥലം കണ്ടെത്തിയാൽ അതിലേക്കു കൃത്യമായി കൊണ്ടുചെന്നിറക്കാമെന്നു ചുരുക്കം. ഡീസലിലോ ജെറ്റിൽ ഉപയോഗിക്കുന്ന തരം ഇന്ധനങ്ങളിലോ ഇതു പ്രവർത്തിക്കും. സാധാരണക്കാർക്കും സർക്കാര്‍–സൈനിക–വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന തരം സ്പീഡറുകളുടെ ഓരോ പ്രോട്ടോടൈപ്പായിരിക്കും ആദ്യഘട്ടത്തിൽ നിർമിക്കുക.
പരമാവധി ഭാരം കുറച്ചായിരിക്കും സാധാരണക്കാർക്കുള്ള സ്പീഡർ നിർമിക്കുക. പൈലറ്റ് ലൈസൻസില്ലാതെ ഇതു പറത്താനാകുമെന്നതാണു ഗുണം. പക്ഷേ ജെപിഎയോ അല്ലെങ്കിൽ യുഎസ് ഭരണകൂടം അംഗീകരിച്ച ഏജൻസിയോ നൽകുന്ന പരിശീലന ക്ലാസ് വിജയകരമായി പൂർത്തിയാക്കണം. വാണിജ്യ–സൈനിക–സർക്കാർ ആവശ്യങ്ങൾക്കുപയോഗിക്കാവുന്ന സ്പീഡർ പറത്തണമെങ്കിൽ പക്ഷേ പൈലറ്റ് ലൈസൻസ് വേണം. യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനു കീഴിൽ പരീക്ഷണ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള നിർദേശങ്ങൾ അനുസരിച്ചാണ് പറക്കുംബൈക്കും ഒരുക്കുന്നത്. നിർമാണം പൂർത്തിയായി വിപണിയിലെത്തിച്ചാൽ ഒരെണ്ണത്തിന് ഏകദേശം 2.7 കോടി രൂപ വില വരുമെന്നാണ് കമ്പനി പറയുന്നത്.
Summary : Jetpack aviation speeder