പശുവിൻ പാലിനേക്കാൾ നാലിരട്ടി പോഷകസമൃദ്ധമായ എട്ടുകാലി പാല്‍
എട്ടുകാലികളെ കൂട്ടുകാരിൽ പലർക്കും നല്ല പേടിയായിരിക്കുമല്ലേ... എന്നാൽ ഈ എട്ടുകാലിയുടെ പ്രത്യേകത ഒന്നു വായിച്ചു നോക്കൂ. എട്ടുകാലികൾ പലതരമാണ്, കൊല്ലുന്ന വിഷമുള്ളതു മുതൽ പഞ്ചപാവത്താൻമാരായ എട്ടുകാലികൾ വരെ അതിൽപ്പെടും. അമ്മ എട്ടുകാലിയിടുന്ന മുട്ടകൾ വിരിഞ്ഞാണല്ലോ എട്ടുകാലിക്കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്. എന്നാൽ എട്ടുകാലികൾ സസ്തനികളല്ലെന്ന് കൂട്ടുകാർക്കറിയാമല്ലോ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവികളാണല്ലോ സസ്തനികൾ. ഇപ്പോൾ ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തിൽപ്പെടുന്ന എട്ടുകാലി വാർത്തയിൽ നിറയുന്നത് ഇതുകൊണ്ടൊന്നുമല്ല. മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലി വർഗത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
സസ്തനികൾ ഉൽപാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുമെങ്കിലും അതിനേക്കാൾ പോഷകഗുണമുണ്ടത്രേ എട്ടുകാലി പാലിന്. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തിൽപ്പെട്ട എട്ടുകാലി അമ്മമാരാണ് പാൽ ഉൽപാദിപ്പിക്കുന്നതായി കണ്ടത്തിയിരിക്കുന്നത്. ഈ എട്ടുകാലിക്കുഞ്ഞുങ്ങൾ ഒരുവിധം വളരുന്നതു വരെ ആഹാരമൊന്നും കഴിക്കാറില്ലെന്ന് മുന്‍പ് ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവയുടെ ശരീരം അത്ഭുതകരമാം വിധം വളരുന്നത് ശാസ്ത്രഞ്ജരെ കുഴയ്ക്കുന്ന ഒരു സംശയമായിരുന്നു.
ഈ സംശയത്തിനു വിരാമമായിരിക്കുകയാണ് ടോക്സ്യൂസ് മാഗ്നസിന്റെ പാലുൽപാദനം. ഈ എട്ടുകാലിക്കുഞ്ഞുങ്ങൾ തങ്ങളുടെ യഥാർഥ ശരീര വലുപ്പത്തിന്റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളിൽ കൈവരിക്കുന്നു. എങ്ങനെയാണ് ആഹാരമൊന്നും കൂടാതെ ഇവ ഇത്രപെട്ടെന്ന് വളരുന്നതെന്ന് നിരീക്ഷിക്കുകയായിരുന്നു ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഒരു കൂട്ടം ശാസ്ത്രഞ്ജർ.
ഒരു എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറിൽ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണിൽപ്പെട്ടു. അമ്മ എട്ടുകാലികൾ കുഞ്ഞുങ്ങൾക്കായി ശരീരത്തിൽ നിന്ന് എന്തോ ഒരു സ്രവംപുറപ്പെടുവിക്കുന്നതായി ഇവർക്കു മനസിലായി. നിരീക്ഷണങ്ങൾക്കൊടുവിൽ അവർക്ക് ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലായി. അമ്മയുെട ഉദരഭാഗത്തു നിന്ന് തുള്ളിതുള്ളിയായി ഊറിവരുന്ന ദ്രാവകം നുണയുകയാണ് കുഞ്ഞുങ്ങൾ. നാൽപ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങൾ ഈ പാല് കുടിക്കുന്നു. അമ്മയുെട പാൽ കിട്ടാതെ വരുന്ന എട്ടുകാലിക്കുഞ്ഞുങ്ങൾ ജീവൻ നിലനിർത്താൻ പാടുപെടുകയും അവ ചത്തുപോകുന്നതായും അവർ കണ്ടെത്തി.
പശുവിന്റെ പാലിനേക്കാൾ നാലിരട്ടി പോഷകസമൃദ്ധമാണത്രേ ഈ എട്ടുകാലി പാൽ. ഈ കണ്ടെത്തലോടെ സസ്തനികളിൽ മാത്രമേ പാലുൽപാദനം നടക്കുന്നുള്ളൂ എന്ന വാദം പൊളിയുകയാണ്. കുഞ്ഞുങ്ങൾക്കായി സസ്തനികളിൽ നടക്കുന്ന പാലുൽപാദനത്തിന്റെ അതേ ഉദ്ദേശം തന്നെയാണ് ഈ എട്ടുകാലികളിലും. എന്നാൽ എങ്ങനെയാണ് ഈ എട്ടുകാലികളിൽ പാലുൽപാദനം നടക്കുന്നതെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ അൺഫെർട്ടിലൈസ്ഡ് മുട്ടകൾകൊണ്ട് കുഞ്ഞുങ്ങളെ ഊട്ടുന്ന പലതരം ജീവികളുണ്ട്. ആ പാൽ അങ്ങിനെ ഉണ്ടാകുന്നതാണോ എന്ന സംശയവും ശാസ്ത്രജ്ഞൻമാർ പങ്കുവയ്ക്കുന്നുണ്ട്.