വ്യാഴത്തിലെ മേഘച്ചുഴികൾ ഭൂമിയിലെ ബാൾട്ടിക് കടലിലും; അദ്ഭുതക്കാഴ്ച പങ്കുവച്ച് നാസ,Jupiter, Wirling psychedelic clouds, Juno, Padhippura, Manorama Online

വ്യാഴത്തിലെ മേഘച്ചുഴികൾ ഭൂമിയിലെ ബാൾട്ടിക് കടലിലും; അദ്ഭുതക്കാഴ്ച പങ്കുവച്ച് നാസ

കടലും കായലും നദികളും മലകളും കാടും വെള്ളച്ചാട്ടങ്ങളും ചെടികളും മഞ്ഞുമലകളുമൊക്കെയുള്ള സുന്ദരൻ ഗ്രഹം–അതാണു നമ്മുടെ ഭൂമി. അതിനു നേർവിപരീതമാണ് വ്യാഴം ഗ്രഹത്തിന്റെ സ്വഭാവം. ‘തടിച്ചു’ വീർത്ത് സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളെയും ഉള്‍ക്കൊള്ളാനുള്ളത്ര വലുപ്പമുണ്ട്. മൂന്നു പാളികളായി മേഘങ്ങള്‍. ഗ്രഹം നിറയെ പലതരത്തിലുള്ള വാതകങ്ങളും. അതിനകത്തേക്കു കയറിയാല്‍ മനുഷ്യൻ ജീവനോടെ തിരികെപ്പോരില്ലെന്നത് ഉറപ്പ്. ഇങ്ങനെ ആടും ആടലോടകവും പോലെ വ്യത്യാസമുണ്ട് ഭൂമിയും വ്യാഴവും തമ്മിൽ. പക്ഷേ നാസയിലെ ഗവേഷകർ സമ്മതിക്കില്ല.

അവർ പറയുന്നത് ഭൂമിയിലെ പല കാഴ്ചകളും സൗരയൂഥത്തിലെ പല ഗ്രഹങ്ങളിലും കാണാമെന്നാണ്. അതിപ്പോൾ വ്യാഴത്തിലായാലും കാണാൻ സാധിക്കും. തെളിവായി രണ്ടു ചിത്രവും കഴിഞ്ഞ ദിവസം അവർ പുറത്തുവിട്ടു. ഒറ്റനോട്ടത്തിൽ ഏതാണു വ്യാഴം, ഏതാണു ഭൂമി എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. വ്യാഴത്തിന്റെ അന്തരീക്ഷത്തിലുണ്ടായ മേഘച്ചുഴികളുടെയും ഭൂമിയിൽ കടലിലുണ്ടായ ഒരു തരം സൂക്ഷ്മജീവികളുടെ കൂടിച്ചേരലിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളാണ് നാസ പങ്കുവച്ചത്. ബാള്‍ട്ടിക് കടലിൽ കാണപ്പെടുന്ന ഫൈറ്റോപ്ലാങ്ക്ടണുകളെന്ന ജീവികളുടെ കോളനികളുടെ ചിത്രങ്ങളാണ് ആകാശത്തു നിന്ന് ഒരു ചുഴിക്കു സമാനമായി കണ്ടത്. ഇതിന്റെ ചത്രം വ്യക്തമായി പകർത്തിയതാകട്ടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ലാൻഡ്സാറ്റ്–8 എന്ന ഉപഗ്രഹവും. വ്യാഴത്തിന്റെ ചിത്രമെടുത്തത് നാസയുടെ ജൂണോ പേടകമായിരുന്നു.

ഈ സാമ്യതയ്ക്ക് ഒരു കാരണവും നാസ പറയുന്നുണ്ട്– രണ്ട് ഗ്രഹങ്ങളിലും ചില ഭൗതികശാസ്ത്ര നിയമങ്ങൾ ഒരുപോലെയാണല്ലോ. അപ്പോൾപ്പിന്നെ ഭൂമിക്കും വ്യാഴത്തിനും അൽപം സാമ്യമൊക്കെയാകാം! മേഘങ്ങൾക്ക് അസാധാരണ ‘ഡിസൈനുകൾ’ വരുന്നതാണു വ്യാഴത്തിലെ രീതി. ഭൂമിയിലാകട്ടെ കടലിൽ എപ്പോൾ വേണമെങ്കിലും ചുഴികൾ രൂപപ്പെടാം, കടലൊഴുക്കുകളുടെ ഗതി മാറാം. ജീവജാലങ്ങളൊരുക്കുന്ന കാഴ്ചയിലെ സമൃദ്ധി വേറെ. ചായക്കപ്പിലേക്ക് ക്രീം ഒഴിച്ച് ഇളക്കുമ്പോൾ സംഭവിക്കുന്നതു തന്നെയാണ് രണ്ടു ചിത്രങ്ങളിലും സംഭവിച്ചതെന്നും നാസ വ്യക്തമാക്കുന്നു.

ജൂണോ പേടകം വ്യാഴത്തെ നിരീക്ഷിക്കാൻ തുടങ്ങിയതിനു പിന്നാലെ രസികൻ കാഴ്ചകളാണ് ഗവേഷകർക്കു ലഭിക്കുന്നത്. അതും ഇന്നേവരെ കാണാത്ത തരം കാഴ്ചകൾ. വ്യാഴത്തിലെ മൂന്നു മേഘപാളികളും പരസ്പരം കൂടിക്കലരുന്നത് പതിവാണ്. അതോടൊപ്പം വ്യാഴത്തിന്റെ ഭ്രമണം കൂടിയാകുന്നതോടെയാണ് അന്തരീക്ഷത്തിൽ പലതരത്തിലുള്ള പാറ്റേണുകൾ രൂപപ്പെടുന്നത്.പേടകത്തിലെ ജൂണോ ക്യാം കൃത്യമായി ഇവ പകർത്തുകയും ചെയ്തു. വ്യാഴത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ആർട് വർക്കുകൾ ചെയ്യാൻ താൽപര്യമുള്ളവർക്കും നാസ അവസരമൊരുക്കുന്നുണ്ട്. ഇത് ജൂണോക്യാം ഗാലറിയിലൂടെ എല്ലാവർക്കും കാണാം.

രസികൻ വ്യാഴച്ചിത്രങ്ങൾ കാണാം

Summary : Jupiter, Wirling psychedelic clouds, Juno