കൂറ്റന്‍ വ്യാഴത്തിൽ കൂട്ടിയിടിച്ച് മറ്റൊരു ഗ്രഹം; പിന്നീടെന്ത് സംഭവിച്ചു?, Jupiter, NASA, Asteroid, Collision, Protoplanet, Padhippura, Manorama Online

കൂറ്റന്‍ വ്യാഴത്തിൽ കൂട്ടിയിടിച്ച് മറ്റൊരു ഗ്രഹം; പിന്നീടെന്ത് സംഭവിച്ചു?

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. 1.43 ലക്ഷം കിലോമീറ്റർ വരും വ്യാസം. അതായത് ഏകദേശം 1300 ഭൂമിയെ ഉൾക്കൊള്ളാനാകുന്നത്ര വലുപ്പം. പക്ഷേ ആ വലുപ്പം മാത്രമേയുള്ളൂ, അതിനകത്ത് മനുഷ്യന് ഗുണകരമായ യാതൊന്നുമില്ല. ആകെയുണ്ടെന്നു കരുതുന്നത് കുറേ പാറയും നിറയെ ഹൈഡ്രജന്‍ പോലുള്ള വാതകങ്ങളും. സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലുമില്ലാത്ത വിധം ‘വെറൈറ്റി’ വാതകങ്ങള്‍ കൊണ്ടുള്ള മേഘക്കാഴ്ചകളാണ് വ്യാഴം നിറയെ. ഇതെങ്ങനെ സംഭവിച്ചെന്നും വ്യാഴം എങ്ങനെ ഇത്രത്തോളം വലുതായി എന്നുമൊക്കെ ഗവേഷകർ കാലങ്ങളായി ആലോചിക്കുന്നു. അങ്ങനെ ഒടുവിൽ അതിന്റെ ഏകദേശം ഉത്തരം കണ്ടെത്തി.

അതായത് വ്യാഴം മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിച്ചതാണ് ഈ വലുപ്പക്കൂടുതലിനും ഗ്രഹം നിറയെ ‘ഗ്യാസ് നിറയാനും’ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുവഴി വ്യാഴത്തിന്റെ ആന്തരികഘടനയും ആകെ കലങ്ങിമറിഞ്ഞു. പ്രോട്ടോപ്ലാനറ്റ് എന്നാണ് ഇത്തരം ഗ്രഹങ്ങളെ വിളിക്കുന്നത്. രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രഹങ്ങളെന്ന് അർഥം. പക്ഷേ വ്യാഴവുമായി ഇടിക്കുന്ന സമയത്ത് പ്രോട്ടപ്ലാനറ്റിന് ഭൂമിയേക്കാൾ പത്തിരട്ടി ഭാരമുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. വ്യാഴമാകട്ടെ കൂട്ടിയിടിയുടെ സമയത്ത് പൂര്‍ണമായും രൂപപ്പെട്ട അവസ്ഥയിലായി ഒരൊത്ത ഗ്രഹമായി വിലസിക്കൊണ്ടിരിക്കുകയായിരുന്നു. കൂട്ടിയിടി സംഭവിച്ചതാകട്ടെ ഏകദേശം 450 കോടി വർഷം മുൻപും! അതായത് നമ്മുടെ സൗരയൂഥം രൂപപ്പെട്ടു വരുന്ന സമയത്തു തന്നെ.

നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. വ്യാഴത്തെപ്പറ്റി പഠിക്കാൻ നാസ അയച്ച ജൂണോ എന്ന പേടകം അയച്ച ഡേറ്റയിൽ നിന്നാണ് ഇതെല്ലാം കണ്ടെത്തിയെടുത്തതും. 2011 ഓഗസ്റ്റിലാണ് ജൂണോയെ നാസ വ്യാഴത്തിനു നേരെ വിക്ഷേപിക്കുന്നത്. ഇതുവരെ ജൂണോ അയച്ച ചിത്രങ്ങളിൽ നിന്ന് ഈ ഭീമൻ ഗ്രഹത്തെക്കുറിച്ച് ഏറെക്കുറെ വിവരങ്ങളൊക്കെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇപ്പോഴത്തേത്. ജൂണോ എടുത്ത ചിത്രങ്ങൾ അപഗ്രഥിച്ച ജപ്പാന്‍, ചൈന, സ്വിറ്റ്സർലൻഡ്, യുഎസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇപ്പോഴത്തെ കണ്ടെത്തലിനു പിന്നിൽ. വ്യാഴത്തിന്റെ രൂപവും അതിന്റെ ആന്തരികഘടനയുമൊക്കെയാണ് ഗവേഷകർ വിശകലനം ചെയ്തത്. ഗ്രഹത്തിന്റെ കേന്ദ്രഭാഗം യാതൊരു ഉറപ്പുമില്ലാതെ ചിതറിയ നിലയിലാണ്. പലതരം വാതകങ്ങൾ കൂടിക്കിടക്കുകയാണ് അവിടെ. ഗ്രഹത്തിനകത്തെ അതിശക്തമായ കാറ്റേറ്റ് സംഭവിച്ചതാണോ ഇതെന്നായിരുന്നു ഒരു അന്വേഷണം. അതോ രൂപീകരണത്തിന്റെ ആരംഭം മുതൽക്കു തന്നെ ഇത്തരത്തിലായിരുന്നോ ഘടന? ജൂണോയിലെ ഡേറ്റയെല്ലാം പരിശോധിച്ചപ്പോൾ ഒരു കാര്യം വ്യക്തം. ഗ്രഹം മറ്റൊന്നുമായി കൂട്ടിയിടിച്ചിട്ടുണ്ട്. ആ ഇടിയോടെയാണ് വ്യാഴത്തിന്റെ ആന്തരികകേന്ദ്രം ആകെ ‘അഴകുഴമ്പൻ’ മട്ടിലായത്.

അതുവരെ അത്യാവശ്യം കാരിരുമ്പിന്റെ കരുത്തുള്ള ആന്തരികഘടനയായിരുന്നു വ്യാഴത്തിന്. പാറയും ഐസുമൊക്കെ നിറഞ്ഞ വ്യാഴത്തിലെ ഏകദേശം 5 മുതൽ 15 ശതമാനം വരെ വരുന്ന ഭാഗമാണ് കൂട്ടിയിടിയുടെ ഭാഗമായി ഹൈഡ്രജന്റെയും ഹീലിയത്തിന്റെയുമൊക്കെ കൂടെ ചേരുന്നത്. അതോടെ കരുത്തെല്ലാം ചോർന്നു, വ്യാഴത്തിന്റെ ആന്തരിക കേന്ദ്രം ഭാരം കുറഞ്ഞ് അവിയൽ പരുവമാവുകയും ചെയ്തു. ഈ നിരീക്ഷണം വഴി മറ്റൊരു കാര്യം കൂടി പിടികിട്ടി. സൗരയൂഥം രൂപപ്പെടുന്ന സമയത്ത് ഇത്തരം പലതരത്തിലുള്ള പ്രോട്ടോപ്ലാനറ്റുകൾ ബഹിരാകാശത്തുണ്ടായിരുന്നു. അവയിൽ പലതും കൂട്ടിയിടിച്ചതിനൊടുവിലാണ് ‘കരുത്തരായ’ നിലവിലെ ഗ്രഹങ്ങൾ ബാക്കിയായത്–നമ്മുടെ ഭൂമി ഉൾപ്പെടെ. വ്യാഴത്തിനു സമാനമായി ശനിയും മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിച്ചിട്ടുണ്ടാകാമെന്നാണ് ഡേറ്റ പഠനം സൂചിപ്പിക്കുന്നത്.