കർക്കടവും ഞണ്ടും പിന്നെ കാൻസറും!

വിജയകുമാർ ബ്ലാത്തൂർ

കർക്കടകം ഞണ്ടാണ്. കർക്കട രാശി ആകാശത്ത് ഞണ്ടിനെപ്പോലെ കാണുന്നതാണല്ലോ. ഗ്രീക്ക് ഭാഷയിൽ ഞണ്ടിന് കാർസിനോസ് എന്നാണ് പറയുക. കാർന്ന് തിന്നുന്ന വൃണങ്ങൾ കാൻസർ രോഗത്തിന്റെ പ്രധാന പ്രകടനങ്ങളിൽ ഒന്നാണല്ലോ. അതിനാൽ അർബുദത്തിന് കാൻസർ എന്ന് പേരു വന്നു.

കർക്കടം
ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായാണ് കർക്കടകം വരിക. രണ്ടുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ചുകൊണ്ടുള്ള ഒരു കൈമുദ്രയ്ക്കും കർക്കടം എന്നാണ് പറയുക. കാഴ്ചയിൽ ഞണ്ടിനെ പോലെ തന്നെ തോന്നും. ആകാശം നിറയെ കാർമേഘവും കീശകാലിയും ആയ കാലമായിരുന്നു പണ്ട്. നാട്ടിൽ കൊടും മഴയും, പട്ടിണിയും, രോഗങ്ങളും, കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ഈ മാസം. ഏഴാംനാളിലും പതിനാറാംനാളിലും ഇരുപത്തെട്ടാം നാളിലും നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും ഉണ്ടാകും. കാക്കപോലും കണ്ണുതുറക്കാതെ കൂട്ടിൽ തന്നെ കഴിയും എന്നാണ് പഴമക്കാർ പറയുന്നത്. കൃഷി വരുമാനമോ തൊഴിലോ ഇല്ലാത്തതിനാൽ വിശപ്പ് മാറ്റാൻ താളും തകരയും ചക്കയും ഒക്കെ കൊണ്ട് ജീവിക്കുന്ന പഞ്ഞമാസം. ഗുണ്ടർട്ട് നിഘണ്ടുവിൽ വിവരിക്കുന്നത് ദാരിദ്ര്യവും രോഗപീഡയും നിറഞ്ഞ ഏറ്റവും കെട്ടകാലമെന്നാണ്. കർക്കടക സംക്രാന്തിയിൽ ദശപുഷ്പങ്ങൾ (കറുക, ചെറൂള, തിരുതാളി, മുയൽച്ചെവിയൻ, പൂവാൻകുരുന്നില, നീലപ്പന, വിഷ്ണുക്രാന്തി, കയ്യൂന്നി, മുക്കുറ്റി, ഉഴിഞ്ഞ) മഞ്ഞളിന്റെയും ചന്ദനത്തിന്റെയും തുമ്പയുടെയും വേ​രോടൊപ്പം മണ്ണും ചേർത്ത് വീട്ടിറമ്പിൽ കെട്ടിവയ്ക്കുന്ന ചടങ്ങുകൾ ഉണ്ടായിരുന്നു.

രാമായണ മാസം
കഷ്ടപ്പാടുകളും ദുരിതങ്ങളും അതി ജീവിക്കാൻ രാമ കഥ വായന പതിവാണ് കർക്കടകത്തിൽ . ഹൈന്ദവ ഗൃഹങ്ങളിൽ ഒരു മാസക്കാലം കൊണ്ട് രാമായണം വായിച്ച് തീർക്കുന്ന രീതിയാണിത്.

കർക്കടകം രാശി
അതതു മാസങ്ങളിൽ സൂര്യൻ നിൽക്കുന്ന രാശിയുടെ പേരിലാണ് മലയാള മാസം അറിയപ്പെടുന്നത്. ഒരു രാശിയിലെയൊ സമീപ രാശിയികളിലെയോ നക്ഷത്രങ്ങൾ ചേർത്തു മാനത്ത് രൂപങ്ങൾ സങ്കൽപ്പിക്കുന്നതിനെ asterism എന്നു പറയുന്നു. അർസ മേജർ താരാമണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്ന സപ്തർഷികൾ (യൂറോപ്പിലെ ബിഗ് ഡിപ്പർ) ഇതിന് നല്ല ഉദാഹരണമാണ്. നക്ഷത്ര മണ്ഡലത്തെ 88 മേഖലകളായി തിരിച്ച്, ആ മേഖലയിലെ പ്രമുഖ നക്ഷത്രത്തെ അടുത്തുള്ള നക്ഷത്രങ്ങളുമായി ചേർത്ത് എന്തെങ്കിലും രൂപങ്ങൾ സങ്കൽപ്പിക്കുന്നു... കൂട്ടമായി കാണപ്പെടുന്ന നക്ഷത്രങ്ങൾ എന്ന അർഥമുള്ള constellas എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് നക്ഷത്ര രാശികൾക്ക് കോൺസ്റ്റലേഷൻ എന്ന പേരു വന്നത്. ഗ്രീക്ക് ഇതിഹാസ കഥയിലെ ഹെർക്കുലീസും ഹൈഡ്രയും തമ്മിലുള്ള യുദ്ധത്തിൽ ഹെർക്കുലീസിനെ ആക്രമിച്ച ഞണ്ടാണ് കാൻസർ. കാൻസെറിനെ ഹെർക്കുലീസ് പിന്നീട് കൊല്ലുകയും ചെയ്തു. പ്രിസെപെ (Praesepe) എന്നും തേനീച്ച്ക്കൂട് (Beehive) എന്നും അറിയപ്പെടുന്ന M44 ആണ് ഈ രാശിയിലെ വലിയ നക്ഷത്രക്കൂട്ടം. പൂയം എന്ന് നമ്മൾ വിളിക്കുന്ന ഈ നക്ഷത്രക്കൂട്ടമാണ് കർക്കടകത്തിന്റെ അടയാളം.

കർക്കട തെയ്യങ്ങള്‍
വടക്കൻ മലബാറിൽ കർക്കടക മാസത്തിൽ രണ്ട് ഘട്ടങ്ങളായി കെട്ടിയാടിക്കുന്ന തെയ്യങ്ങളാണ് ആടിയും വേടനും. ചെറിയ കുട്ടികൾ ആണ് ഇത് കെട്ടുക. ഓരോ വീട്ടിലും ഈ കുട്ടിത്തെയ്യം സന്ദർശനം നടത്തും. രോഗ പീഡകൾക്ക് കാരണക്കാരായ ജേഷ്ടകളെ വീട്ടിൽ നിന്ന് ഒഴിവാക്കിമാറ്റി അകത്തേക്ക് ശ്രീയെ ആനയിക്കാനാണ് ആടിവേടന്മാർ വരുന്നത് എന്നാണ് വിശ്വാസം.

കർക്കടക കഞ്ഞി
പ്രസവ ശുശ്രൂഷ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്ത സ്ത്രീകൾക്ക്, കർക്കടകത്തിൽ കൂടുതൽ തളർച്ചയും രോഗങ്ങളും വരാതെ നോക്കാനായി വലിയ ചിലവില്ലാതെ ലഭിക്കുന്ന ചില ഔഷധ സസ്യങ്ങൾ ചേർത്ത് ഉണ്ടാക്കിയിരുന്ന കഞ്ഞികഴിക്കുന്ന ശീലം ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി, ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങല വരണ്ട തുടങ്ങിയ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്.