ചുട്ടുപഴുത്ത ലാവ കടലിലേക്കൊഴുകി; സാറ്റലൈറ്റ് കണ്ടത് അദ്ഭുതക്കാഴ്ച!
ഹവായി ദ്വീപിലുള്ളവർ കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള നാളുകൾ ഒരിക്കലും മറക്കാനിടയില്ല. ദ്വീപിലെ അഞ്ചു വമ്പൻ അഗ്നിപർവതങ്ങളിൽ ഒന്നായ കിലോയ പൊട്ടിത്തെറിച്ച് ലാവ ചുറ്റിലും പരന്നൊഴുകിയത് ആ സമയത്താണ്. നിലയ്ക്കാത്ത ലാവ പ്രവാഹം കാരണം പ്രദേശവാസികളെല്ലാം വീടു വിട്ടോടി രക്ഷപ്പെട്ടു. ആ ലാവയെല്ലാം കൃത്യമായി നോർത്ത് പസിഫിക് സമുദ്രത്തിലേക്കാണ് ഒഴുക്കിവിട്ടത്. ശാസ്ത്രജ്ഞർക്ക് ഉറപ്പായിരുന്നു, അത്രയേറെ ലാവ കടലിലെത്തിയാല്‍ എന്തെങ്കിലുമൊക്കെ അമ്പരപ്പിക്കുന്ന സംഭവം നടക്കുമെന്ന്. അതുപോലെത്തന്നെ സംഭവിച്ചു.
കോടിക്കണക്കിന് ടൺ ലാവ പരന്നൊഴുകിയതോടെ പ്ലാങ്ക്ടണുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികൾ കടലിൽ നിറഞ്ഞതായാണു കണ്ടെത്തൽ. ചില നേരങ്ങളിൽ ഇവയുടെ സാന്നിധ്യം ബഹിരാകാശത്തു നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളിൽ വരെ തെളിയും. അത്രയേറെയിടങ്ങളിലേക്കാണ് പ്ലാങ്ക്ടണുകൾ വ്യാപിച്ചിരിക്കുന്നത്. കടലിൽ സാധാരണ കാണുന്നതാണല്ലോ പ്ലാങ്ക്ടണുകൾ, പിന്നെ ഇവിടെ മാത്രമെന്താണു പ്രശ്നം? ഹവായിക്കു സമീപത്തെ നോർത്ത് പസിഫിക് സബ്ട്രോപിക്കൽ ജായ എന്നറിയപ്പെടുന്ന ചുഴിപ്രദേശത്തെ ജലത്തിൽ ജീവികൾക്കാവശ്യമായ പോഷകവസ്തുക്കളൊന്നും കാര്യമായില്ല. അതിനാൽത്തന്നെ ജീവജാലങ്ങളും വളരെ കുറവ്.
1170 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള ലാവയാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. പക്ഷേ കാര്യം ചുട്ടുപഴുത്തതൊക്കെയാണെങ്കിലും ലാവ നിറയെ പലതരത്തിലുള്ള ധാതുക്കളാണ്. അതിനാൽത്തന്നെ ആ ലാവ നിറഞ്ഞ മണ്ണ് ഫലഭൂയിഷ്ഠവുമാണ്. ധാതുക്കളെല്ലാം കടലിലെത്തിയതോടെ ജലവും പോഷകസമ്പുഷ്ടമായി. ലാവ പ്രവാഹം കൊണ്ട് കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കാനെത്തിയ ഹവായി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പിന്നീട് സംഭവിച്ച കാര്യങ്ങൾ വിശദമാക്കിയത്. 2018ൽ മൂന്നു മാസം കൊണ്ട് സെക്കൻഡിൽ 50–100 ക്യുബിക് മീറ്ററെന്ന കണക്കിനായിരുന്നു കടലിലേക്ക് ലാവ ഒലിച്ചെത്തിയിരുന്നത്. അധികം കാത്തിരിക്കേണ്ടി വന്നില്ല. ലാവ കടലിലെത്തി വെറും മൂന്നു ദിവസം കഴിഞ്ഞപ്പോൾത്തന്നെ സാറ്റലൈറ്റുകൾ ഹരിതകത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. പ്രകാശസംശ്ലേഷണം വഴി ചെടികളും ആൽഗെകളുമൊക്കെ പുറത്തുവിടുന്ന പച്ചനിറമുള്ള പിഗ്മെന്റാണിത്.
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഏകദേശം 150 കിലോമീറ്റർ പ്രദേശത്തു നിറയെ ഫൈറ്റോപ്ലാങ്ക്ടണുകളെന്ന കുഞ്ഞൻ ജീവികൾ നിറഞ്ഞു. ഇക്കഴിഞ്ഞ 15 വർഷത്തിനിടെ ഇതുപോലൊരു പ്രതിഭാസം ഹവായി തീരത്തുണ്ടായിട്ടില്ലെന്നാണു ഗവേഷകർ പറയുന്നത്. അതിനു കാരണമായ ഹവായി കടലിലെ ലാവയും ഗവേഷകർ പരിശോധിച്ചു. നൈട്രേറ്റ് വൻതോതിലുണ്ടായിരുന്നു കടലിൽ. ഒപ്പം സിലിസിക് ആസിഡും ഇരുമ്പും ഫോസ്ഫേറ്റും. ചെടികളുടെ വളർച്ചയ്ക്ക് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തുക്കളും ലോകത്തില്ല. പ്ലാങ്ക്ടണുകൾ വളർന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!
പക്ഷേ ഇത്തരമൊരു പ്ലാങ്ക്ടൺ വളർച്ച ഗവേഷകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണു സത്യം. കാരണം ലാവയിൽ നൈട്രജന്റെ സാന്നിധ്യമില്ലെന്നതു തന്നെ. പിന്നെ എവിടെ നിന്നാണ് നൈട്രേറ്റ് വന്നത്? കടലിലേക്ക് ചൂടോടെ ഒലിച്ചിറങ്ങിയ ലാവ ആ മേഖലയിലെ അടിയൊഴുക്കുകളുടെ ഗതിയെയും വേഗതയെയും സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്. അങ്ങനെ കടലിന്റെ അടിത്തട്ടിൽ കിടന്നിരുന്ന നൈട്രേറ്റിനാൽ സമൃദ്ധമായ മണ്ണും ചാരവും മറ്റും മുകളിലേക്ക് എത്തിയതാകണം. മുകളിലാകട്ടെ ലാവ വഴി എത്തിയ സിലിസിക് ആസിഡും ഇരുമ്പും ഫോസ്ഫേറ്റുമെല്ലാം സുലഭം. അതോടെ പ്ലാങ്ക്ടണുകൾക്കും കുശാലായി. ലാവാപ്രവാഹം എങ്ങനെയാണ് കടലിലെ ജീവജാലങ്ങളെ ബാധിക്കുന്നതെന്ന ഗവേഷകരുടെ അന്വേഷണത്തിനുള്ള നിർണായക ഉത്തരം കൂടിയായി ഹവായിയിൽ നിന്നുള്ള ഈ കണ്ടെത്തൽ.