കുഴിച്ചു കുഴിച്ചു കുഴിച്ച് ലോകത്തിലെ ഏറ്റവും ആഴമുള്ള ‘കോല’ക്കുഴി

നവീൻ മോഹൻ

ഇറ്റലി–സ്‌ലൊവേനിയ അതിർത്തിയിലുള്ള ജൂലിയൻ ആൽപ്സ് പർവത നിരകളിൽ വലിയൊരു അപകടം ഒളിച്ചിരിപ്പുണ്ട്. ഒരു ഗുഹയ്ക്കകത്തുള്ള ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള വിള്ളല്‍ അവിടെയാണ്. അതായത്, കുത്തനെ (vertical) ഒരു കിണറു പോലെയുള്ള വിള്ളൽ. 603 മീറ്ററാണ് ഇതിന്റെ ആഴം. ഒരാൾ അറിയാതെയെങ്ങാനും ഇതിലേക്കു വീണാൽ താഴെയെത്തണമെങ്കിൽ 11 സെക്കൻഡെടുക്കും. എന്നാൽ റഷ്യയിലെ ഒരു കുഴിയെപ്പറ്റി കേട്ടാൽ ‘ഇതൊക്കെ എന്ത്’ എന്നു തോന്നിപ്പോകും. ഭൂമിക്കടിയിലേക്ക് 12 കിലോമീറ്റർ ആഴത്തിലാണ് ഈ കുഴി – കൃത്യമായിപ്പറഞ്ഞാൽ 12,262 മീറ്റർ. കുത്തനെയുള്ള കുഴികളിൽ ലോകത്തിൽ ഏറ്റവും ആഴമുള്ളതാണിത്. സാധാരണ ഗതിയിൽ ഇത്രയേറെ ആഴത്തിലൊക്കെ കുഴിയെടുക്കണമെങ്കിൽ അത് എണ്ണഖനനത്തിനായിരിക്കും. എന്നാൽ റഷ്യയുടെ ലക്ഷ്യം അതായിരുന്നില്ല. ഭൂമിക്കിടയിൽ യഥാർഥത്തിൽ എന്താണെന്നു കണ്ടെത്തുകയെന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ഡ്രില്ലിങ്. 1970 മേയ് 24നാണ് കോല പെനിൻസുലയിൽ ഗവേഷണത്തിന്റെ ഭാഗമായുള്ള ഡ്രില്ലിങ് ആരംഭിച്ചത്. പതിയെപ്പതിയെ കുഴിയെടുത്ത് 15 കി.മീ. ആഴത്തിൽ കുഴിയെടുക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ കുഴിച്ചു കുഴിച്ച് 1989ൽ ഈ കുഴി 12 കി.മീറ്ററെത്തി ലോക റെക്കോർഡിട്ടു. ഈ കുഴിക്കു വേണ്ടി തയാറാക്കിയ ഡ്രില്ലിങ് ഉപകരണങ്ങളും ലോകത്തിനു മുന്നിൽ ഇന്നും അദ്ഭുതമാണ്. സാങ്കേതികവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്താണ് ഇതെല്ലാമെന്നും ഓർക്കണം.

ആ വർഷം തന്നെ വീണ്ടും കുഴിച്ച് നീളം 13.5 കി.മീറ്ററിലെത്തിക്കാനായിരുന്നു നീക്കം. തൊട്ടടുത്ത വർഷം അവസാനത്തോടെ 15 കി.മീറ്ററും. പക്ഷേ 12 കിലോമീറ്റർ കഴിഞ്ഞതും പണി കിട്ടി. ചുട്ടുപഴുത്ത പാറക്കല്ലുകളായിരുന്നു അവിടെ ഗവേഷകരെ കാത്തിരുന്നത്. അതായത്, ഏകദേശം 180 ഡിഗ്രി സെൽഷ്യസ്. അതോടെ ഗവേഷണം അവിടെവച്ചു നിർത്തേണ്ടി വന്നു. കോല സൂപ്പർഡീപ്പ് ബോർഹോൾ എന്നറിയപ്പെടുന്ന ഈ കുഴിക്ക് വാവട്ടം കുറവാണ്–വ്യാസം വെറും 23 സെ.മീ. അതുകൊണ്ടു തന്നെ മനുഷ്യൻ ഇതിലേക്കു വീഴാനും സാധ്യത കുറവ്. അഥവാ എന്തെങ്കിലുമൊരു വസ്തു ഇതിലേക്കിട്ടാൽ അത് അടിത്തട്ടിലെത്തണമെങ്കിൽ 50 സെക്കൻഡെങ്കിലും എടുക്കും.

1995ൽ ഡ്രില്ലിങ് അവസാനിപ്പിച്ചതിനു ശേഷം കാഠിന്യമേറിയ ഇരുമ്പുകവചം കൊണ്ട് മൂടിയിട്ടിരിക്കുകയാണ് കോല ബോർഹോൾ. ആർക്കും തുറക്കാനാകാത്ത വിധമാണ് ഈ അടച്ചിടൽ. പരീക്ഷണം ഉപേക്ഷിച്ച ശേഷം ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാതായി. പരീക്ഷണ സമയത്ത് നിർമിച്ച കെട്ടിടങ്ങളെല്ലാം തകർന്നു. ഇരുമ്പുകഷണങ്ങളും മറ്റും ചിതറിക്കിടക്കുന്നതിനിടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധമാണ് ഇപ്പോൾ ഈ ‘ആഴക്കുഴി’ അടച്ചിട്ടിരിക്കുന്നത്. ഇടയ്ക്കൊക്കെ ആരെങ്കിലും കൗതുകം കാരണം ഇവിടം കാണാൻ വന്നാലായി! എന്നാൽ ഈ കുഴിയിൽ നിന്നു ഗവേഷകർക്കു ലഭിച്ചത് അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളായിരുന്നു. 12 കി.മീ. താഴെയും വെള്ളമുണ്ടെന്നതായിരുന്നു അതിലൊന്ന്. എന്നാൽ അത് ഭൂമിക്കടിയിലെ ധാതുക്കളുടെ പ്രവർത്തനം കൊണ്ടുണ്ടായതാണ്. മുകളിലേക്കു തനിയെ വരാനും സാധിക്കില്ല, കട്ടിയേറിയ പാറകൾ തടയുന്നതാണു കാരണം.

ഭൂമിക്കടിയിൽ 6 കി.മീ. ആഴത്തിൽ സൂക്ഷ്മജീവികളായ ‘പ്ലാങ്ക്ടണുകളുടെ’ ഫോസിലുകൾ ലഭിച്ചതാണു മറ്റൊരു കാര്യം. ഇത്തരത്തിൽ പ്രാചീന കാലത്തെ 24 സൂക്ഷ്മജീവികളുടെ ഫോസിലുകളാണു കണ്ടെത്തിയത്. 270 കോടി വർഷം പഴക്കമുള്ള പാറകളുടെ സാംപിളും ലഭിച്ചു ഗവേഷകർക്ക്. പക്ഷേ ആ പാറകളാണു ‘പണി’ തന്നതും. സഹിക്കാനാകാത്ത ചൂടായിരുന്നു അവയ്ക്കെല്ലാം. അതോടെ ഡ്രില്ലിങ്ങും നിലച്ചു. പക്ഷേ എത്രയൊക്കെ കുഴിച്ചാലും ഭൂമിയുടെ നടുവിലേക്ക് ഗവേഷകർക്ക് എത്താനാകില്ലെന്നതാണു സത്യം. 6371 കി.മീ താഴെയാണ് ഈ നടുഭാഗം. അങ്ങനെ നോക്കുമ്പോൾ ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള കുഴിയെടുക്കലിൽ 0.002 ശതമാനം മാത്രമേ ‘കോല’യിലൂടെ ഗവേഷകർ പൂർത്തിയാക്കിയിട്ടുള്ളൂ!