'ആനവണ്ടി'യുടെ സമ്പന്നമായ ഇന്നലെകൾ
നിർഭാഗ്യവശാൽ ഇന്ന് അതേക്കുറിച്ച് കേൾക്കുന്നതൊന്നും നല്ല വാർത്തകളല്ല. ഓടുന്ന ഓരോ ബസ്സിനും വൻതുക കടം, ശമ്പളം കൊടുക്കാൻ പണമില്ല, പെൻഷൻ മുടങ്ങുന്നു, പല ബസ്സുകളുടെയും ആരോഗ്യം തീരെ മോശം. ഇതിനിടയിൽ അധികമാരുമറിയാതെ ഈ വരുന്ന ഫെബ്രുവരി 20–ന് നമ്മുടെ സ്വന്തം കെഎസ്ആർടിസി എൺപതാം വയസ്സിലേക്ക് കടക്കുകയാണ്.
ആനപ്പുറത്തു കയറാത്ത മലയാളി പോലും അത്രയും തലയെടുപ്പോടെ ആദ്യമായി യാത്ര ചെയ്തിട്ടുണ്ടാവുക ‘ആനവണ്ടി’യിലാകും. കേരളത്തിൽ ഏറ്‌റവുമധികം പേർക്ക് തൊഴിൽ നൽകുന്നത് കെഎസ്ആർടിസിയാണ്. 35,000–ലേറെ സ്ഥിരം ജീവനക്കാർ, 9,000–ത്തോളം താൽക്കാലിക ജീവനക്കാർ. എങ്കിലും, കെഎസ്ആർടിസിയുടെ സമ്പന്നമായ ഇന്നലെകളുടെ കഥ പറഞ്ഞുതരുന്ന ഒരു മ്യൂസിയം ഇന്ന് നമുക്കില്ല. നിറഞ്ഞ അഭിമാനത്തോടെ, അതിലേറെ ഗൃഹാതുരതയോടെ യാത്ര ചെയ്യാൻ പറ്റിയ ഹെറിറ്റേജ് സർവീസുകളില്ല. എന്തിനധികം, അതിന്റെ ചരിത്രം പോലും ഇന്ന് നമ്മളിൽ പലർക്കുമറിയില്ല.
ആദ്യത്തെ ഓട്ടം എൺപതു വർഷം മുമ്പുള്ള ഒരു പകൽ. കൃത്യമായി പറഞ്ഞാൽ 1938 ഫെബ്രുവരി 20. തിരുവിതാംകൂറിന്റെ തലസ്ഥാനമായ തിരുവനന്തപുരം പട്ടണത്തിന് അന്ന് ഉത്സവപ്രതീതിയായിരുന്നു. വലിയൊരു അദ്ഭുതത്തിന് സാക്ഷ്യം വഹിക്കാനെന്നോണം രാവിലെ മുതൽ ആളുകൾ പട്ടണമധ്യത്തിലുള്ള തമ്പാനൂരിലേക്ക് ഒഴുകിയെത്തി. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനു നടുവിൽ ലക്ഷണമൊത്ത ആനയുടെ തലയെടുപ്പോടെ അലങ്കരിച്ച ഒരു ബസ് നിൽപുണ്ടായിരുന്നു. അല്പസമയ
ത്തിനകം തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ കുടുംബാംഗങ്ങളോടൊപ്പം അവിടേക്ക് എഴുന്നള്ളി. ആളുകൾ ആദരവോടെ രാജാവിനെ വണങ്ങിയശേഷം പാതയുടെ ഇരുവശങ്ങളിലേക്കും ഒതുങ്ങിനിന്നു.
വൈകാതെ, മഹാരാജാവും പരിവാരങ്ങളും ബസ്സിലേക്കു കയറി. ഇ.ജി സോൾട്ടർ എന്ന ബ്രിട്ടിഷുകാരനായിരുന്നു ബസിന്റെ ഡ്രൈവിങ് സീറ്റിൽ. എൻജിൻ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം ബസ് മുന്നോട്ടെടുത്തു. ചെമ്മൺപാതയ്ക്കിരുവശവും നിരന്നുനിന്ന ആളുകളുടെ ആർപ്പുവിളികൾക്കിടയിലൂടെ ബസ് കവടിയാർ കൊട്ടാരത്തിലേക്കു നീങ്ങി. ഒന്നിനുപുറകെ മറ്റൊന്നായി 33 ബസ്സുകളും വമ്പൻ ജനക്കൂട്ടവും മഹാരാജാവിന്റെ വാഹനത്തിന് അകമ്പടി സേവിച്ചു. പിൽക്കാലത്ത് കെഎസ്ആർടിസി എന്നറിയപ്പെട്ട തിരുവിതാംകൂർ സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ (TSTD) ഉദ്ഘാടനച്ചടങ്ങായിരുന്നു അത്. അതോടെ കേരളത്തിലെ റോഡ് മാർഗമുള്ള പൊതുഗതാഗതത്തിന് തുടക്കമായി. ഒപ്പം, ഇന്ത്യയിൽ റോഡ് വഴിയുള്ള പൊതുഗതാഗത സംവിധാനം ആരംഭിച്ച നാടായി തിരുവിതാം കൂർ ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.
കേരളത്തിന്റെ എക്കാലത്തെയും അഭിമാനമായ കെഎസ്ആർടിസിയുടെ ‘ജീവചരിത്ര’മാണ് ഈ ലക്കം ബാലരമ ഡൈജസ്റ്റിൽ. ഇങ്ങനെയൊരു ലക്കം മലയാളത്തിലാദ്യം!