എഴുതുന്നതു പോലെ വായിക്കാത്ത ഭാഷ!!‍

നമ്മുടെ ഭാഷയായ മലയാളം അക്ഷരോച്ചാരക ഭാഷയാണ്. നാം എഴുതുന്നതെന്തോ അതു തന്നെയാണ് ഉച്ചരിക്കുന്നത്. അമ്മ എന്നെഴുതുകയും അങ്ങനെതന്നെ വായിക്കുകയും ചെയ്യുന്നു. എഴുതുന്നതു തന്നെ വായിക്കുന്ന ഭാഷയാണു മലയാളം എന്നർഥം. അക്ഷരോച്ചാരക ഭാഷകൾ അങ്ങനെയാണ്. എന്നാൽ വർണോച്ചാരക ഭാഷകൾ അങ്ങനെയല്ല. എഴുതുന്നതൊന്നും വായിക്കുന്നതു മറ്റൊന്നുമാണ്. എംഒടിഎച്ച്ഇആർ (Mother) എന്നെഴുതി മദർ എന്നു വായിക്കുന്നു. ഇംഗ്ലിഷ് ഭാഷ വർണങ്ങൾ എഴുതുകയും അവ ചേർന്നുണ്ടാകുന്ന അക്ഷരങ്ങൾ‌ വായിക്കുകയും ചെയ്യുന്നു. സിഎടി (cat) എന്നെഴുതി ‘ക്യാറ്റ്’ എന്നു വായിച്ചു ‘പൂച്ച’യെന്നർഥം പറയുന്നു. അക്ഷരോച്ചാരക ഭാഷകളാകട്ടെ ‘പൂച്ച’ എന്നെഴുതി ‘പൂച്ച’ എന്നു വായിച്ച് ‘പൂച്ച’ എന്നർഥം പറയുന്നു. ഇതിവിടെ സൂചിപ്പിച്ചത് പദോച്ചാരണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ്. അക്ഷരോച്ചാരക ഭാഷകളിൽ ഉച്ചാരണത്തിനു വളരെ പ്രാധാന്യമുണ്ട്. പദങ്ങൾ എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും നല്ല ശ്രദ്ധ വേണമെന്നർഥം. ഉച്ചാരണത്തിലും എഴുത്തിലും സാമ്യമുള്ള ഒട്ടേറെ പദങ്ങൾ മലയാളത്തിലുണ്ട്. അത്തരം പദങ്ങൾ എഴുതുമ്പോഴും ഉച്ചരിക്കുമ്പോഴും ശ്രദ്ധിക്കണം. പദങ്ങൾ വ്യക്തമായി മനസ്സിലാക്കി എഴുതിയാൽ ഭാഷ വ്യക്തവും ശക്തവും ശുദ്ധവുമാകും. ഇത്തരത്തിൽ ഉച്ചാരണത്തിലും എഴുത്തിലും ശ്രദ്ധ ചെലുത്തേണ്ട പദങ്ങൾ ചൂണ്ടിക്കാണിക്കാം.

അഞ്ജനവും അജ്ഞാനവും
ഞ്ജ, ജ്ഞ എന്നീ കൂട്ടക്ഷരങ്ങൾ ചേർന്ന ഒട്ടേറെ പദങ്ങൾ മലയാളത്തിലുണ്ട്. വ്യഞ്ജനം, അഞ്ജനം, അഞ്ജലി, ആദരാഞ്ജലി, മഞ്ജരി, നികുഞ്ജം എന്നീ പദങ്ങൾ എഴുതുമ്പോൾ ജ ആദ്യം എഴുതി തെറ്റു വരുത്തുന്നതു കാണാം. ‘ഞ’യിൽ ഉച്ചാരണം തുടങ്ങി ‘ജ’യിൽ അവസാനിപ്പിക്കത്തക്കവിധം അക്ഷരങ്ങൾ പറഞ്ഞുകൊണ്ട് എഴുതിയാൽ ‘ഞ്ജ’ ഉച്ചരിക്കുന്നതിലെ തെറ്റ് ഒഴിവാക്കാം. അതുപോലെ ‘ജ’ ആദ്യം ഉച്ചരിക്കുന്ന ‘ജ്ഞ’ എന്ന കൂട്ടക്ഷരമുണ്ട്. അജ്ഞാനം, അജ്ഞാതം, വിജ്ഞാനം, സംജ്ഞ, പ്രതിജ്ഞ, അനുജ്ഞ തുടങ്ങിയവ ‘ജ’യിൽ ഉച്ചാരണം തുടങ്ങി ‘ഞ’യിൽ അവസാനിക്കുന്ന വാക്കുകളാണ്. മഞ്ജരി മജ്ഞരിയും വ്യഞ്ജനം വ്യജ്ഞനവും വിജ്ഞാനം വിമടയനും പീഡനവും പീഠവുംഞ്ജാനവും ആകാതെ, ശരിയായി എഴുതാൻ കഴിയണം.

മടയനും പീഡനവും പീഠവും
മടയൻ എന്നതിനു മഠയൻ എന്നും പീഡനത്തിനു പീഢനമെന്നും പീഠത്തിനു പീഡം എന്നുമൊക്കെ എഴുതാറുണ്ട്. മടയൻ എന്നു പറഞ്ഞാൽ മടയ്ക്കുന്നവനാണ്. മടയ്ക്കുക എന്നതിനർഥം ഊട്ടുപുരയിൽ, അടുക്കളയിൽ പണിയെടുക്കുക എന്നാണ്. മറ്റു ജോലികൾ ചെയ്യാനറിയാത്തവരെ പാചകത്തിൽ സഹായിക്കാനായി നിയോഗിക്കുകയായിരുന്നു പതിവ്. ഊട്ടുപുരയിൽ വെള്ളം കോരുക, വിറകു വെട്ടുക, കറിക്കരിയുക തുടങ്ങിയ പണികൾ, വിദഗ്ധരായ പാചകക്കാരുടെ മേൽനോട്ടത്തിൽ ഇവരെക്കൊണ്ടു ചെയ്യിക്കും. സമയവും കാലവും നോക്കാതെ വെറുതെ കിടന്നു മടയ്ക്കുന്നവരായതുകൊണ്ട് ഇവർ മടയന്മാരായി. കാലക്രമത്തിൽ ബുദ്ധിപൂർവം പ്രവർത്തിക്കാത്തവർക്കും മണ്ടന്മാർക്കും ‘മടയൻ’ എന്ന പേരു വീണു. പീഡനത്തെ ചിലർ പീഢനവും പീഠനവും ഒക്കെ ആക്കാറുണ്ട്. ഇവിടെ അതിഖരവും ഘോഷവും ഒന്നും വേണ്ട. മൃദുവായ ‘ഡ’ ഉപയോഗിച്ചാൽ മതി. ‘പീഡ’ എന്ന പദം പോലെ. രോഗപീഡ, പക്ഷിപീഡ തുടങ്ങിയ പദങ്ങൾ ശ്രദ്ധിക്കുക. ‘പീഡ’യ്ക്കർഥം ഉപദ്രവം എന്നാണ്. പീഠം എന്നു പറയുമ്പോൾ അതിഖരമായ ‘ഠ’ തന്നെ ഉപയോഗിക്കണം.

അന്തഃപുരത്തിലെ അന്തഃഛിദ്രം
വിസർഗം ചേർന്നുവരുന്ന ഒട്ടേറെ പദങ്ങൾ മലയാളത്തിൽ ഉണ്ട്. സംസ്കൃത പദങ്ങൾ മലയാളത്തിലേക്കു സ്വീകരിച്ചതിൽ വിസർഗം ധാരാളമായി കാണാം. അന്തഃപുരം, അന്തഃഛിദ്രം, അന്തഃകരണം, അധഃപതനം, അധഃകൃതൻ, പുനഃപരിശോധന തുടങ്ങിയവ ഉദാഹരണം. അന്തപ്പുരം, അന്തഛിദ്രം എന്നൊക്കെയെഴുതുന്നതു പൂർണമായും ശരിയല്ല. നിഃശേഷം, മനഃശാസ്ത്രം, മനഃസാക്ഷി എന്നിവ നിശ്ശേഷം, മനശ്ശാസ്ത്രം, മനസ്സാക്ഷി എന്നൊക്കെ എഴുതുന്നതു ശരിയാണോ എന്നു ചോദിക്കാം. അവ ശരി തന്നെ. കാരണം വിസർഗത്തിനുശേഷം ശ, ഷ, സ എന്നിവ വന്നാൽ വിസർഗം ഉപേക്ഷിച്ച് ശ, ഷ, സ എന്നിവ ഇരട്ടിപ്പിക്കണം എന്നു നിയമമുണ്ട്. ശ, ഷ, സ എന്നിവ വിസർഗമായും വിസർഗം ശ, ഷ, സ എന്നിവയായും മാറാറുണ്ട്. വിസർഗം ചേർന്നു വരുന്ന എല്ലാ പദത്തിനും ഇതു ബാധകമല്ല.

സാഷ്ടാംഗനമസ്കാരം
സാഷ്ടാംഗനമസ്കാരം ചെയ്യുമ്പോൾ സാഷ്ഠാംഗം വേണ്ട. സാഷ്ടാംഗം മതി. എട്ട് അംഗങ്ങൾ ഉപയോഗിക്കുന്ന നമസ്കാരം മനുഷ്യശരീരത്തിലെ എട്ട് അവയവങ്ങൾ നിലത്തു മുട്ടിച്ചു നടത്തുന്ന നമസ്കാരമാണിത്. ഇതിനു ദണ്ഡനമസ്കാരമെന്നും പറയും. വടിപോലെ നീണ്ടുകിടന്നു ചെയ്യുന്ന നമസ്കാരം. കൈകാലുകൾ, തോളുകൾ, നെഞ്ച്, നെറ്റി എന്നിവയാണ് എട്ടംഗങ്ങൾ.

ഹാർദമായ സ്വാഗതവും ഉദ്ഘാടനവും
സമ്മേളനങ്ങളിൽ സ്വാഗതം ആശംസിക്കുന്നവർ ഹാർദ്ദവമായ സ്വാഗതം അരങ്ങിലുള്ളവർക്കും സദസ്യർക്കും നേരാറുണ്ട്. ഹാർദമായ സ്വാഗതം പറഞ്ഞാൽ മതി. മാർദവം എന്ന പദത്തോടുള്ള സാദൃശ്യമാകാം ഹാർദ്ദവം എന്നു പ്രയോഗിക്കാൻ കാരണം. മിക്ക നോട്ടിസുകളിലും ഉത്ഘാടനം എന്ന് അച്ചടിച്ചു കാണാറുണ്ട്. ഇവിടെ ഉദ്ഘാടനം മതിയാകും. ഉത്ഘാടനത്തിലെ ‘ത’ ഖരാക്ഷരവും ‘ഘാടനം’ എന്നതിലെ ‘ഘ’ ഘോഷവുമാണ്. ഖരത്തിനുശേഷം ഘോഷം വന്നാൽ ഖരം മൃദുവാകും എന്ന നിയമംമൂലം ‘ത’ ‘ദ’ആയി മാറുന്നതാണ് ‘ഉദ്ഘാടന’ത്തിൽ നാം കാണുന്നത്. അതുകൊണ്ടു ശരിയായ പദം ഉദ്ഘാടനമാണ്. ചിലേടത്ത് ഖരത്തിനുശേഷം മൃദു ഇരുന്നാലും ഖരം ‘മൃദു’വായി മാറും. ഉദ്ഗ്രഥനം ഉദ്ഗ്രഥിതം, ഉദ്ബാഹു, ഭഗവദ്ഗീത, ഉദ്ഗാനം തുടങ്ങിയ പദങ്ങൾ ശ്രദ്ധിക്കുക. ഖരത്തിനുശേഷം ഘോഷമോ മൃദുവോ വന്നാൽ ഖരം മൃദുവായി മാറുന്നതു മിക്കപ്പോഴും കാണാം.

അക്ഷരങ്ങൾ പല വിഭാഗം
ഖരാക്ഷരങ്ങളും മൃദുക്കളും കണ്ടല്ലോ. ഖരങ്ങളെക്കാൾ കട്ടികുറഞ്ഞവയാണ് മൃദുക്കൾ. അതിഖരങ്ങളും ഘോഷങ്ങളും എങ്ങനെ രൂപപ്പെടുന്നുവെന്നു നോക്കാം. ഖരങ്ങളോടു ‘ഹ’ എന്ന ശബ്‌ദം ചേർത്തു പറഞ്ഞാൽ അതിഖരങ്ങൾ പുറത്തുവരും. അതായത് ക് +ഹ=ഖ, ച് +ഹ= ഛ, ട് + ഹ =ഠ എന്നിങ്ങനെ എന്നർഥം. അതുപോലെ മൃദുക്കളോടുകൂടി ‘ഹ’ എന്ന ശബ്‌ദം ചേർത്തു ഘോഷാക്ഷരങ്ങളും ഉച്ചരിക്കാം. ഗ് + ഹ = ഘ, ജ് + ഹ = ഝ, ബ് + ഹ = ഭ എന്നിങ്ങനെയാകും അവയുടെ ഉച്ചാരണം. പേരു സൂചിപ്പിക്കുംപോലെ മൂക്കിന്റെ (നാസിക) സഹായത്തോടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങളാണ് അനുനാസികങ്ങൾ.

പ്രദക്ഷിണവീഥിയിൽ
പ്രദക്ഷിണം എന്നു പറയുമ്പോൾ ഇടതുവശത്തുകൂടി തിരിഞ്ഞു വലതുവശത്തേക്കു പോകുക എന്നോ വടക്കുദിക്കിൽനിന്നു വന്നു തെക്കുദിക്കിലേക്കു പോകുക എന്നോ അർഥമെടുക്കാം. ‘ദക്ഷിണം’ എന്ന പദത്തിനു വലതുഭാഗമെന്നും തെക്കുദിക്കെന്നും ഒക്കെയാണർഥം. അങ്ങനെ പോയി ചുറ്റിക്കറങ്ങി വന്നിടത്തുതന്നെ എത്തുമ്പോൾ ഒരു പ്രദക്ഷിണം പൂർത്തിയാകും. പ്ര എന്ന ഉപസർഗത്തോടു ദക്ഷിണം ചേർന്നതാണു പ്രദക്ഷിണം. ഇതു പ്രദിക്ഷണം എന്നു തെറ്റിച്ചെഴുതാറുണ്ട്. വാമംXദക്ഷിണം, ഉത്തരംXദക്ഷിണം എന്നീ വിപരീത പദങ്ങൾകൂടി ശ്രദ്ധിക്കുക.

യാദൃച്ഛികവും
ഇച്ഛ എന്ന പദത്തിൽ നിന്നുണ്ടായതാണ് യാദൃച്ഛികം, ഐച്ഛികം തുടങ്ങിയ പദങ്ങൾ. ഇച്ഛിക്കാതെ തന്നെ നടക്കുന്നതേതോ അതു യാദൃച്ഛികവും ഇച്ഛിക്കുന്നത് ഐച്ഛികവുമാണ്. ഈ പദങ്ങൾ എഴുതുമ്പോൾ ഐശ്ചികമെന്നോ യാദൃശ്ചികമെന്നോ ഒക്കെ എഴുതിക്കാണാറുണ്ട്. അച്ഛന്റെ ‘ച്ഛ’ തന്നെയാണ് യാദൃച്ഛികത്തിനും ഐച്ഛികത്തിനും വേണ്ടത്.

പ്രവൃത്തി, നിവൃത്തി, ആവൃത്തി
മിക്കപ്പോഴും തെറ്റായി എഴുതുന്ന പദങ്ങളാണിവ. പ്രവൃത്തി, നിവൃത്തി, ആവൃത്തി എന്നിവ നാമപദങ്ങളാണ്. അവ എഴുതുമ്പോൾ ‘വ’ എന്ന അക്ഷരത്തോട് ‘ഋ’ എന്ന സ്വരം ചേർത്തു വേണം ഈ രൂപങ്ങൾ എഴുതാൻ. എന്നാൽ, ക്രിയാരൂപമാകുമ്പോൾ പ്രവർത്തിക്കുക, നിവർത്തിക്കുക, ആവർത്തിക്കുക എന്നു വേണം എഴുതേണ്ടത്. നാമരൂപം എഴുതുമ്പോഴും ക്രിയാരൂപം എഴുതുമ്പോഴും രണ്ടു വിധത്തിലാണ് എഴുതേണ്ടത് എന്നതു ശ്രദ്ധിക്കണം.

നിഘണ്ടുവും ഖണ്ഡകാവ്യവും
നിഘണ്ടു എന്നെഴുതുമ്പോൾ ഘോഷാക്ഷരമായ ‘ഘ’ ആണു ചേർക്കേണ്ടത്. ‘ഖ’ അല്ല. അതുപോലെ ‘ണ്ടു’ മതി. ‘ണ്ഡു’ വേണ്ട. ഖണ്ഡകാവ്യം എന്നെഴുതുമ്പോൾ അതിഖരമായ ‘ഖ’യാണ് ഉപയോഗിക്കുക. കുമാരനാശാൻ മഹാകാവ്യമെഴുതാതെ ‘കണ്ടകാവ്യ’മെഴുതി മഹാകവിയായ ആളാണ് എന്ന് ഉത്തരക്കടലാസിൽ കണ്ടാൽ കാണുന്നയാൾ ഒന്നു ഞെട്ടും

വിദ്യുച്ഛക്തിയും ഉച്ഛ്വാസവും
വിദ്യുച്ഛക്തി, ഉച്ഛിഷ്ടം, ജിവച്ഛവം, ഉച്ഛ്വാസം തുടങ്ങിയ പദങ്ങൾ ഉച്ചരിക്കുമ്പോഴും എഴുതുമ്പോഴും മനസ്സിരുത്തണം. വിദ്യുത്+ശക്തിയാണ് വിദ്യുച്ഛക്തി. ജീവത്+ശവം ജീവച്ഛവവും ഉത്+ശിഷ്ടം ഉച്ഛിഷ്ടവും ഉത്+ശ്വാസം ഉച്ഛ്വാസവുമായി മാറും. സംസ്കൃത ഭാഷയിലെ സന്ധിനിയമങ്ങളാണ് ഇതിനടിസ്ഥാനം. ആദ്യപദത്തിന്റെ ഒടുവിൽ ‘ത്’ഉം രണ്ടാമത്തെ പദത്തിന്റെ ആദ്യം ‘ശ’യും വന്നാൽ അത് ഒരുമിച്ചു ചേരുമ്പോൾ ‘ത്’, ‘ച്’ ആയും ‘ശ’, ‘ഛ’ ആയും മാറും.