സൂക്ഷിച്ചൊന്നു നോക്കിയാൽ മതി, സൂപ്പർമാനാകാം!!!

നവീൻ മോഹന്‍

സൂപ്പർമാൻ പറന്നിറങ്ങിയത് ആ പടുകൂറ്റൻ ഇരുമ്പുപെട്ടിക്കു മുകളിലേക്കായിരുന്നു. അതിനകത്താണു ലോകത്തെ നശിപ്പിക്കാനുള്ള ആണവായുധം വില്ലന്മാർ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. പക്ഷേ എങ്ങനെ തുറക്കും? അത്രയ്ക്കു കട്ടിയേറിയ ഇരുമ്പുപെട്ടിയാണ്. ഏതാനും മിനിറ്റു കൂടിയേയുള്ളൂ! അതിനകം നിർവീര്യമാക്കിയില്ലെങ്കിൽ ആണവായുധം പൊട്ടിത്തെറിക്കും, ലോകം നശിക്കും. സൂപ്പർമാൻ ആ ഇരുമ്പുപെട്ടിയിലേക്കൊന്നു സൂക്ഷിച്ചു നോക്കി. അതാ, രണ്ടു കണ്ണിൽ നിന്നും ചുവന്ന പ്രകാശരശ്മികൾ പാഞ്ഞുവരുന്നു. അവ പതിച്ചതും ഇരുമ്പുപെട്ടി ഉരുകിയൊലിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം ആ പെട്ടിയുടെ ഒരു വശം ഉരുക്കി ഇളക്കിയെടുത്ത് സൂപ്പർമാൻ അതിനകത്തേക്കു പാഞ്ഞുകയറി, ബോംബെടുത്തു, നിർവീര്യമാക്കി. ശുഭം.

സംഗതി സാങ്കൽപികമാണ്, പക്ഷേ കുട്ടിക്കൂട്ടം ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും ഇത്തരത്തിൽ കണ്ണിൽ നിന്നും ലേസർ പായിച്ച് കണ്മുന്നിലുള്ളതെല്ലാം ഉരുക്കിമാറ്റാനാകുമായിരുന്നെങ്കിലെന്ന്! കുറുമ്പു കാട്ടിയതിനു വീട്ടുകാർ മുറിയിൽ അടച്ചിടുമ്പോൾ പ്രത്യേകിച്ച്. എന്തായാലും അധികം വൈകാതെ തന്നെ കണ്ണിൽ നിന്നു ലേസർ പായിക്കാനാകുമെന്നതാണു പുതിയ വാർത്ത. അതിനു സഹായിക്കുന്ന പ്രത്യേകതരം കോണ്ടാക്ട് ലെൻസ് സ്കോട്‌ലൻഡിൽ വികസിപ്പിച്ചെടുത്തു. പക്ഷേ സൂപ്പർമാന്റെ ‘എക്സ്റേ വിഷൻ’ പോലെ കണ്മുന്നിലുള്ളതൊന്നും ഉരുക്കിമാറ്റാൻ പറ്റില്ല. എങ്കിലും സംഗതി കാഴ്ചയിൽ രസകരമായിരിക്കും.

പശുക്കളിൽ ഈ ‘ലേസർ ലെൻസുകൾ’ ഘടിപ്പിച്ചു നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിലെ ഗവേഷകരാണ് ഇതിനു പിന്നിൽ. കോണ്ടാക്ട് ലെൻസിൽ ഘടിപ്പിക്കാവുന്ന വളരെയേറെ കനംകുറഞ്ഞ, നേർത്ത ഒരു പടലമാണ് ഈ ലേസർ സൂത്രവിദ്യയിൽ സഹായിക്കുന്നത്. തികച്ചും സുരക്ഷിതമായ ഒരു പോളിമർ ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. കണ്ണിനും പ്രശ്നമുണ്ടാക്കില്ല. പക്ഷേ സൂപ്പർമാന്റെ കണ്ണിൽ നിന്നുള്ളതു പോലെ ഉരുക്കുതുളയ്ക്കുന്ന ലേസറൊന്നും ഈ ലെൻസിൽ നിന്നു വരില്ല കേട്ടോ! ലോകത്തിലെ ഏറ്റവും ശക്തി കുറഞ്ഞ, ഏറ്റവും നേർത്ത ലേസർ രശ്മിയായിരിക്കും കോണ്ടാക്ട് ലെൻസിൽ നിന്നു പുറത്തുവരികയെന്നു നിർമാതാക്കൾ പറയുന്നു.

ലെൻസിലൊട്ടിച്ച നേർത്ത പോളിമർ പാളിയിലേക്കു പ്രകാശരശ്മികളേൽക്കുമ്പോൾ അതിനു തിളക്കമുണ്ടാകും. ആ തിളക്കമാണ് ലേസർ രശ്മികളെ ഉൽപാദിപ്പിക്കാനുള്ള ‘ട്രിഗർ’ നൽകുക. പശുക്കളിൽ നടത്തിയ പരീക്ഷണത്തിൽ പച്ച നിറത്തിലുള്ള ലേസർ രശ്മികൾ ഇത്തരത്തിൽ പുറപ്പെടുവിക്കാനായി. 50 സെ.മീ. ദൂരെയുള്ള ഒരു ബോർഡിലേക്ക് ഇതു പതിപ്പിക്കാനും സാധിച്ചു. കണ്ണിൽ ഒരുതരം ‘ബാർകോഡി’നു രൂപം നൽകാനും ഇവയ്ക്കു കഴിയും. അതുവഴി കൂടുതൽ ശക്തമായ പാസ്‌വേഡുകൾ ഭാവിയിൽ തയാറാക്കാനാകുമെന്നും വിദഗ്ദർ പറയുന്നു. നഖത്തിലും ഈ നേർത്ത പാളി ഘടിപ്പിക്കാനാകും. കണ്ണിൽ നിന്നു ലേസർ പായിച്ച് സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം വരെ കണ്ടെത്താനാണ് ഗവേഷകരുടെ ഇനിയുള്ള പരീക്ഷണങ്ങൾ.