പതിച്ചത് കൂറ്റൻ തീഗോളം, പാറകൾ ഉരുകിയൊലിച്ചു, പിന്നാലെ സൂനാമി, കാട്ടുതീ; ദിനോസറുകൾക്ക് സംഭവിച്ചത്,  Asteroid strike, Dinosaurs, Padhippura, Manorama Online

പതിച്ചത് കൂറ്റൻ തീഗോളം, പാറകൾ ഉരുകിയൊലിച്ചു, പിന്നാലെ സൂനാമി, കാട്ടുതീ; ദിനോസറുകൾക്ക് സംഭവിച്ചത്

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് സ്ഫോടനത്തിൽ എത്ര പേർ മരിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഫാറ്റ് മാനെന്നും ലിറ്റിൽ ബോയ് എന്നുമായിരുന്നു ആ ബോംബുകളുടെ പേര്. അത്തരത്തിലുള്ള 1000 കോടി അണുബോംബുകൾ ഒരുമിച്ചു ഭൂമിയിൽ പതിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നല്ലേ? പക്ഷേ അതും സംഭവിച്ചിട്ടുണ്ട് ഭൂമിയിൽ. യുദ്ധത്തിലൊന്നുമല്ല, കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ്. അന്നു ഭൂമിയിൽ മനുഷ്യരുണ്ടായിരുന്നതു പോലുമില്ല. പടുകൂറ്റൻ ദിനോസറുകളെ ഒന്നടങ്കം ഇല്ലാതാക്കിയത് അത്തരമൊരു ഛിന്നഗ്രഹ സ്ഫോടനമാണെന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഛിന്നഗ്രഹം വന്നിടിച്ചാണു ദിനോസറുകൾക്കു വംശനാശം വന്നതെന്ന സിദ്ധാന്തത്തിനു നേരത്തേ തന്നെ പ്രചാരമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ഇപ്പോഴാണു ലഭിക്കുന്നത്. 6.5 കോടി വർഷം മുൻപ് മെക്സിക്കോയിലെ യുക്കാറ്റൻ പെനിൻസുലയിൽ 12 കിമീ വിസ്തൃതിയുള്ള ഛിന്നഗ്രഹം വന്നുവീണ ദിവസത്തിനു ശേഷം ലോകത്തു സംഭവിച്ച കാര്യങ്ങളാണു ഗവേഷകർ കംപ്യൂട്ടർ മോഡലുകളുടെ സഹായത്തോടെ വിശദീകരിച്ചത്. ഛിന്നഗ്രഹം വന്നിടിച്ച ആഘാതത്തിൽ ഏകദേശം 180 കിലോമീറ്റർ വീതിയിൽ വിള്ളലുണ്ടായി. ഏകദേശം 900 മീറ്റർ ആഴമുണ്ടായിരുന്നു അതിന്. 1970കൾ വരെ ഈ വിള്ളലിനെപ്പറ്റി ആർക്കും അറിവുണ്ടായിരുന്നില്ല.

പെട്രോളിയം ഖനനത്തിനു വേണ്ടി കടലിൽ പ്രത്യേക പ്രദേശങ്ങൾ തിരയുന്നതിനിടെയായിരുന്നു വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഇതു വിശദമായി പിന്നീട് പലരും പരിശോധിച്ചു. അങ്ങനെയാണ് 1980ൽ രണ്ട് അമേരിക്കൻ ഗവേഷകർ ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹം വന്നിടിച്ചുണ്ടായതാണു വിള്ളലെന്ന സിദ്ധാന്തം മുന്നോട്ടു വച്ചത്. പക്ഷേ വിള്ളലൊന്നുമായിരുന്നില്ല യഥാർഥ പ്രശ്നം. ഛിന്നഗ്രഹം വന്നിടിച്ചതിനു പിന്നാലെ അന്തരീക്ഷത്തിലുണ്ടായ പ്രശ്നങ്ങളായിരുന്നു യഥാർഥ വില്ലൻ. ഭൂമിയിലെ സസ്യ–ജന്തുജാലങ്ങളിൽ 75 ശതമാനത്തെയും ഇല്ലാതാക്കിയ ആ സ്ഫോടനത്തിന്റെ വിവരങ്ങൾ പക്ഷേ ലഭിച്ചത് വമ്പൻ വിള്ളലിൽ നിന്നായിരുന്നു.

ഛിന്നഗ്രഹം വീണാണു വിള്ളലുണ്ടായതെന്ന് അതിന്റെ പുറംഭാഗത്തെ പരിശോധനയിൽ നിന്നു വ്യക്തമായിരുന്നു. എന്നാൽ 2016ൽ വിള്ളലിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധന നടത്തിയതോടെയാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഏകദേശം 130 മീറ്റർ പ്രദേശത്തെ പാറകളുടെ ഘടന പഠിക്കുകയായിരുന്നു ഗവേഷകർ. ഒരു സെന്റിമീറ്റർ പാറയിൽ നിന്നു തന്നെ ഏകദേശം 1000 വർഷത്തെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഘടനയെപ്പറ്റി പഠിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോഫിസിക്സിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

പരിശോധിച്ച പാറകളിൽ നിന്നു ലഭിച്ച തെളിവുകൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അതും ഛിന്നഗ്രഹം വന്നുവീഴുന്നത് നേരിട്ടു കണ്ട ഒരു വ്യക്തി പറഞ്ഞുതരുന്നതു പോലെ കൃത്യമായ തെളിവുകൾ. ഛിന്നഗ്രഹം വന്നുവീണതിനെത്തുടർന്ന് പാറകളും മറ്റും ഉരുകിയൊലിച്ചു, കാട്ടുതീയുണ്ടായി, തുടർന്ന് സൾഫർ വാതകം രൂപപ്പെട്ടു. ഒപ്പം അന്തരീക്ഷമാകെ പൊടിപടലം നിറഞ്ഞു. ഇവ രണ്ടും അന്തരീക്ഷത്തിൽ ഒരു പുതപ്പു പോലെ നിറഞ്ഞതോടെ സൂര്യപ്രകാശം ഭൂമിയിലേക്കു പതിക്കാതായി. ഏകദേശം 5 വർഷത്തോളം ഇതു തുടർന്നു. കാലാവസ്ഥ തകിടം മറിഞ്ഞു. ഏകദേശം 325 ബില്യൻ (1 ബില്യൻ=100 കോടി) മെട്രിക് ടൺ സൂക്ഷ്മവസ്തുക്കളാണ് അന്ന് അന്തരീക്ഷത്തിൽ നിറഞ്ഞത്. അതിൽത്തന്നെ മഹാഭൂരിപക്ഷവും സൾഫറായിരുന്നു.

‘ആദ്യം ഛിന്നഗ്രഹ സ്ഫോടനത്തിലൂടെ ഭൂമിയാകെ ചൂടു പടർത്തി, പിന്നാലെ തണുപ്പിക്കുകയും ചെയ്തു. അതോടെ ജീവജാലങ്ങളുടെ അവസ്ഥയും കഷ്ടത്തിലായി...’ പഠനത്തിനു നേതൃത്വം നൽകിയ പ്രഫ. ഷാൻ ഗള്ളിക് പറയുന്നു. ഇതോടൊപ്പം തന്നെ അതിശക്തമായ സൂനാമിയുണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് ആഞ്ഞടിച്ചു കയറിയ തിര പിന്മാറിയപ്പോൾ കരയിലെ ഒട്ടേറെ വസ്തുക്കളെയും ഒപ്പം കൊണ്ടുപോയിരുന്നു. മരങ്ങൾ കരിഞ്ഞതും കരയിൽ കാണപ്പെടുന്ന തരം ഫംഗസുകളുമെല്ലാം വിള്ളലിൽ കണ്ടെത്തി. മണൽപ്പാറകൾക്കുള്ളിലും അവയോടു ചേർന്നുമായിരുന്നു ഇവ കണ്ടെത്തിയത്.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം വിള്ളലില്‍ ഏകദേശം 425 അടി ഉയരത്തിലാണു പലതരം വസ്തുക്കൾ നിറഞ്ഞത്. ഇവയെല്ലാം പിന്നീട് ഉറഞ്ഞുകൂടി പാറകളാവുകയും ചെയ്തു. അതാണിപ്പോൾ ഗവേഷകർക്കു സഹായകരമായത്. മരങ്ങൾ കത്തി കരിയായിത്തീർന്നത് കാട്ടുതീയിലേക്കും വിരൽചൂണ്ടുന്നു. പക്ഷേ അതിനു മറ്റു വലിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ ഇതിന്റെ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.