സിംഹവും കടുവയും പൊതുവെ ഒരു കാട്ടിൽ ഒരുമിച്ച് കാണാറില്ല; കാരണം?
നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ആരാണ് രാജ്യം ഭരിക്കേണ്ടതെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. മനുഷ്യർക്ക് ഇങ്ങനെ നേതാവിനെയും രാജാവിനെയും മന്ത്രിയെയും ഒക്കെ തിരഞ്ഞെടുക്കാൻ പല വഴികളുണ്ട്. എന്നാൽ മറ്റു ജീവികളുടെ കാര്യം എങ്ങനെയാണ്..?
കാട്ടിലെ രാജാവ് സിംഹമാണ്. ശരിക്കും അങ്ങനെ ഇല്ല. കുറേ സിംഹങ്ങൾ കൂടി ഒരു കൂട്ടമായാണ് (pride) ജീവിക്കുന്നത്. കൂട്ടമായിട്ടാണ് ഇര തേടുക. പെൺസിംഹം ആണ് കൂട്ടത്തെ നയിക്കുന്നത്. സിംഹം ഉള്ള കാട്ടിൽ സിംഹമാവും ഏറ്റവും വലിയ ഇരപിടിയൻ (top predator). അതുകൊണ്ട് രാജാവ് എന്നൊക്കെ ആലങ്കാരികമായി വിളിക്കുകയാണ്. ശക്തികൊണ്ട് കടുവ സിംഹത്തിനും മുകളിൽ ആണ് പലപ്പോഴും, ഒറ്റക്ക് വേട്ടയാടി ഇരപിടിക്കും. സിംഹവും കടുവയും പൊതുവെ ഒരു കാട്ടിൽ ഒരുമിച്ച് കാണാറില്ല.
വനിതകൾ നയിക്കട്ടെ
ആന, തേനീച്ച, ഉറുമ്പ്, ഹെയ്‌ന, തിമിംഗലം തുടങ്ങി ആയിരത്തിലേറെ ഇനം ജീവികളിൽ പെണ്ണുങ്ങളാണ് നേതാവ്. ഭക്ഷണം കണ്ടുപിടിക്കുന്നതിലും ശത്രുക്കളെ ഒഴിവാക്കുന്നതിലും കൂട്ടത്തെ വാത്സല്യത്തോടെ നയിക്കുന്നതിലും മറ്റുമുള്ള മികവാണ് ജന്തുലോകത്ത് പെൺ നേതാക്കൾ വളർന്നു വരാൻ കാരണം .
ചിമ്പാൻസി
ചിമ്പാൻസികളുടെ കൂട്ടത്തിൽ ഏറ്റവും ശക്തനായ ആൺ ചിമ്പാൻസി ആവും ആൽഫ. ആൽഫ ചിമ്പാൻസിയെ ശക്തി കൊണ്ട് തോൽപ്പിച്ച് കൂട്ടത്തിലെ മറ്റു ആണുങ്ങൾക്ക് ആൽഫാ പദവി ലഭിക്കും. ശക്തി മാത്രമല്ല കാര്യം എന്ന് ചില പഠനങ്ങൾ കാണിക്കുന്നു. കായബലം കുറവുള്ള ചിമ്പാൻസി, കൂട്ടത്തിന്റെ അംഗീകാരം നേടിയെടുക്കാനായാൽ ആൽഫയാവുകയും ആ പദവി നില നിർത്തുകയും ചെയ്യും. ഇതിനായി ശക്തി, ബുദ്ധി, കൂട്ടുകെട്ടുകൾ എല്ലാം ഉപയോഗിക്കും. മറ്റ് അംഗങ്ങളുടെ സുഖസൗകര്യങ്ങൾ കൂടെ നോക്കി നടത്തുന്ന ചിമ്പാൻസി ആണ് ഇങ്ങനെ അംഗീകാരം നേടി എടുക്കുക. കായിക ശക്തി കൂടിയ ആൺ ചിമ്പാൻസി മറ്റ് ആൽഫാ സ്ഥാനാർഥികളെ വിരട്ടി ഓടിച്ചുകൊണ്ട് സ്വന്തം പദവി നില നിർത്തും. ശല്യക്കാരനായ ആൽഫയെ മറ്റുള്ളവർ കൂട്ടം ചേർന്ന് കൊന്നു തിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോണോബോ ചിമ്പാൻസികളിൽ സത്രീകൾ ആണ് ആൽഫാ. പെൺ ആൽഫ ബോണോബോ അംഗീകരിക്കുന്ന ആണിനു മാത്രമേ ആ കൂട്ടത്തിൽ സ്ഥാനം ഉള്ളൂ. ആൽഫയുടെ മക്കൾക്കും ബോണോബോ സമൂഹത്തിൽ ഉന്നത സ്ഥാനം ഉണ്ട്. തിരഞ്ഞെടുപ്പിൽ മറ്റു ബോണോബോകളുടെ അംഗീകാരം വളരെ പ്രധാനമാണ്.
തേനീച്ച റാണി
തേനീച്ചകളുടെ കൂട്ടത്തിൽ റാണി തേനീച്ചയാണ് നേതാവ്. മുട്ടയിടുന്ന ഒറ്റ ജോലിയേ റാണിക്കുള്ളു. തേൻ ധാരാളമുണ്ടാകുമ്പോൾ കൂട്ടിൽ തേനീച്ചകളുടെ എണ്ണം കൂടുകയും നേതാവ് കൂടു വിട്ടു പോയി പുതിയ കൂടുണ്ടാക്കുകയും ചെയ്യും. പഴയ കൂട്ടിൽ വൈകാതെ പുതിയ റാണി ഉണ്ടാകും. വർഷത്തിൽ മൂന്നോ നാലോ തവണ ഇത്തരത്തിലുള്ള കൂടുമാറ്റമുണ്ടാകും .
ഗൊറില്ല
ഒരു ആൺ ഗൊറില്ലയും കുറേയേറെ പെൺ ഗൊറില്ലകളും കുഞ്ഞുങ്ങളും കൂടിയ ഒരു സംഘമായാണ് ഇവ ജീവിക്കുക. ചിലപ്പോൾ ഒന്നിലധികം മുതിർന്ന ആൺ ഗൊറില്ലകളും കൂട്ടത്തിൽ ഉണ്ടാവും. ഏകദേശം 12 വയസ്സ് ആയാൽ ആൺ ഗൊറില്ലയുടെ പിറകുവശം വെള്ളിനിറമുള്ള രോമങ്ങൾ നിറയുകയും കോമ്പല്ലുകൾ വളരുകയും ചെയ്യും. അവരാണ് സിൽവർ ബാക്ക്. പ്രായപൂർത്തിയായ ഇവരാണ് സാധാരണയായി തലവനാവുക. സ്വന്തം സംഘത്തെ സംരക്ഷിക്കാനായി ജീവൻ നഷ്ടപ്പെട്ടാലും നേതാവ് പൊരുതാൻ തയാറാകും. മെച്ചപ്പെട്ട ഭക്ഷണം കിട്ടുന്ന ഇടങ്ങൾ കണ്ടെത്തുക, ശത്രുക്കളിൽ നിന്ന് രക്ഷിക്കുക, കുഞ്ഞുങ്ങളെ സംഘത്തിലെ തന്നെ മുതിർന്നവർ ആക്രമിക്കുന്നത് തടയുക എന്നതൊക്കെ ‘സിൽവർ ബാക്കിന്റെ’ ഉത്തരവാദിത്വമാണ്.
ചെന്നായ്
ചെന്നായ്ക്കളിൽ കൂട്ടത്തെ പാക്ക്(packs) എന്നാണ് പറയുക. ഇവിടെ പല തലത്തിൽ ആണു നേതൃത്വം. നേതാവ് ആൽഫ, തൊട്ടു താഴെ ബീറ്റ. ഏറ്റവും ഒടുവിൽ താഴ്ന്ന റാങ്കിൽ ഉള്ള ഒമേഗ. പുറത്തു നിന്നും വന്നവനെ സ്വീകരിക്കണോ, കടിച്ച് ഓടിക്കണോ, എപ്പോൾ എങ്ങനെ വേട്ടയാടണം എന്നൊക്കെ തീരുമാനിക്കുന്നത് ആൽഫയാണ്. തീരുമാനം നടപ്പാക്കുന്ന പടയാളികൾ ആണ് ബീറ്റ. ഒരു പാക്കിൽ രണ്ടോ മൂന്നോ ബീറ്റകൾ കാണും. ആൽഫയോട് ഏറ്റവും അടുപ്പമുള്ള ചെന്നായാണ് ബീറ്റ ആവുക. ആൽഫയുടെ അസാന്നിധ്യത്തിൽ പാക്കിനെ നയിക്കുക ബീറ്റയാണ്. ആൽഫക്ക് അപകടം പറ്റുകയോ മരിക്കുകയോ ചെയ്യുമ്പോൾ ബീറ്റ അടുത്ത ആൽഫയാവും. പലപ്പോഴും ആൽഫയുടെ മക്കൾ തന്നെ ബീറ്റ ആവുകയും അതുവഴി അടുത്ത ആൽഫയാവുകയും ചെയ്യാറുണ്ട്. ആൽഫയുടെ സ്ഥാനം പാക്കിന്റെ നിലനിൽപിന് അത്യാവശ്യം ആയതിനാൽ കൂട്ടത്തിൽ ഏറ്റവും കരുതലോടെ സുരക്ഷ ഒരുക്കുന്നത് ആൽഫയ്ക്കാണ്. വേട്ടയ്ക്കു ശേഷം ഏറ്റവും കൂടുതൽ ഇറച്ചി അല്ലെങ്കിൽ ഭക്ഷണ വീതം ലഭിക്കുന്നതും ആൽഫയ്ക്ക് ആണ്. താഴ്ന്ന റാങ്കായ ഒമെഗയിൽ നിന്നും പടി പടിയായി ഉയർന്നു ആൽഫ വരെ ആകുന്നതും സംഭവിക്കാറുണ്ട്.
സസ്യങ്ങളിൽ രാജാവ്
സസ്യങ്ങളിൽ നേതാവിനെ തിരഞ്ഞെടുക്കുക എന്ന പ്രത്യേക രീതി ഇല്ല. ഒരു പ്രത്യേക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന ഒരു കൂട്ടം സസ്യങ്ങ്യൂളെ ഒരു കമ്യൂണിറ്റി എന്നാണ് പറയുക. അവിടെ കയ്യൂക്കുള്ളവൻ ആണ് നേതാവ് (Dominant). എത്ര സ്ഥലം എടുക്കുന്നു, എത്ര എണ്ണം ഉണ്ടാകും, എത്ര ഇടങ്ങളിൽ കാണുന്നു എന്നൊക്കെ വെച്ച് (Important Value Index) ആണ് ഒരു സസ്യക്കൂട്ടത്തിൽ പ്രധാനി ആരാണ് എന്ന് നമുക്ക് കണക്ക് കൂട്ടാൻ കഴിയുക.
ഇവിടെ പ്രധാനം അവയുടെ പാരിസ്ഥിതിക വിശാലത (Ecological Amplitude) ആണ്. പല വിദേശി (invasive Alien) സസ്യങ്ങൾക്കും ഉയർന്ന പാരിസ്ഥിതിക വിശാലത ഉണ്ടാകും, അതിനാൽ അവ വരുന്ന സ്ഥലത്ത് അവ തന്നെ ആവും മിക്കവാറും നേതാവ്. ധൃതരാഷ്ട്ര പച്ച (Mikania scandens), കമ്യൂണിസ്റ്റ് പച്ച (Chromolaena odorata) , ആന തൊട്ടാവാടി (Mimosa diplotricha) തുടങ്ങിയ സസ്യങ്ങൾ ഇങ്ങനെ ഏത് പരിസ്ഥിതിയിലും നേതാക്കളാകാൻ വേണ്ടി പരിണമിച്ചവയാണ്. ആ കമ്യൂണിറ്റിയിലെ മറ്റു സസ്യങ്ങളെ തുരത്താൻ മണ്ണിൽ വിഷ രാസവസ്തുക്കൾ നിക്ഷേപിക്കുന്ന സ്വഭാവവും (Allelopathi) ഇത്തരം പല സസ്യങ്ങളും കാണിക്കാറുണ്ട്.
അങ്കംവെട്ടും ഉറുമ്പുകൾ
ഉറുമ്പുകളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് ഏതാണ്ട് തേനീച്ചകളുടേതു പോലെ തന്നെയാണ്. എന്നാൽ ഇന്ത്യൻ ജംപിങ് ആന്റ് എന്നയിനം ഉറുമ്പുകളുടെ രീതി വളരെ രസകരമാണ്. റാണിയുടെ മരണം ശേഷം, സ്ഥാനം ആഗ്രഹിക്കുന്ന ഉറുമ്പുകളെല്ലാം കൂട്ടിനകത്തെ ലാർവയ്ക്കും പ്യുപ്പയ്ക്കും ചുറ്റും നിൽക്കും. എന്നിട്ടു ഒരു ഉറുമ്പ് മറ്റൊരു ഉറുമ്പിന്റെ തലയിൽ തന്റെ സ്പർശിനികൾ (ആന്റിന) കൊണ്ട് അടിക്കാനും കടിക്കാനും തുടങ്ങും. എല്ലാ ഉറുമ്പുകൾക്കും മുട്ടയിടാൻ കഴിവുണ്ടെങ്കിലും അടിപിടിയിൽ വിജയിക്കുന്ന ഉറുമ്പാകും അടുത്ത ലീഡർ. യുദ്ധത്തിൽ പത്തോ പതിനഞ്ചോ 'സ്ഥാനാർഥികൾ' ഉണ്ടാകും. അങ്കം കഴിയുമ്പോൾ എല്ലാവർക്കും പരുക്കുപറ്റും. ഒരാഴ്ച്ചവരെ നീളുന്ന യുദ്ധം കഴിയുമ്പോൾ ഇവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുകയും ആയുസ്സ് വളരെ കൂടുകയും ചെയ്യും. അങ്ങനെ വിജയികളെല്ലാം മുട്ടയിടാനുള്ള കഴിവിന്റെ ഉടമകളാവും. ഉറുമ്പുകൂട്ടത്തിന്റെ അധികാരം പങ്കിട്ടെടുക്കും. അതായത് കഴിവുള്ളവരെല്ലാം താക്കോൽസ്ഥാനങ്ങളിൽ വരും.
ആന
ആനക്കൂട്ടങ്ങളിൽ ഏറ്റവും മൂത്ത ആനമാതാവാണ് നേതാവ്. കൊമ്പൻമാർ ഒരു പ്രായം വരെ കൂട്ടത്തിൽ കാണും, അതു കഴിഞ്ഞാൽ സ്വന്തം കാര്യം നോക്കി പോകുന്നു. കൂട്ടത്തിന്റെ സുരക്ഷ, കുഞ്ഞുങ്ങളുടെ പരിപാലനം, എല്ലാം ആന മാതാവിന്റെ മേൽനോട്ടത്തിൽ ആണ്. ഒരു കൂട്ടം വളരെ വലുതായാൽ പിരിഞ്ഞു രണ്ടോ അതിലധികമോ കൂട്ടം ആവുന്നു. അപ്പോൾ മറ്റൊരു ആന മാതാവാകും അതിന്റെ നേതൃത്വം.
നേതാവ് മുതുമുത്തശ്ശിയായി കാര്യങ്ങൾ നടത്താൻ കഴിവില്ലാത്ത അവസ്ഥയിൽ എത്തിയാൽ അടുത്ത് നേതാവ് സ്ഥാനം ഏറ്റെടുക്കും. വഴക്കു കൂടി കരുത്തു കാട്ടിയിട്ടൊന്നുമല്ല ഈ മാറ്റം. കൂട്ടത്തിൽ ശക്തിയുള്ള ഒരു ആനയെ മറ്റുള്ളവർ അംഗീകരിച്ചു തുടങ്ങും. പഴയ നേതാവിന്റെ കസേര തെറിക്കും. നിലവിലെ നേതാവ് മരിച്ചാലും ഇങ്ങനെ ഒരു പുതിയ നേതാവ് ഉയർന്നു വരും.
ഇൻപുട്സ്:
വിജയകുമാർ ബ്ലാത്തൂർ, ഡോ.വി.സുരേഷ്, സോജൻ ജോസ്, വേണു വാര്യത്ത്