എന്താണ് അധിവർഷം അഥവാ ലീപ് ഇയർ; കലണ്ടറിന്റെ ഉദ്ഭവം എങ്ങനെ?
2020നെ നാലുകൊണ്ടു ശിഷ്ടം വരാതെ പൂർണമായും ഹരിക്കാൻ കഴിയും. ഇത്തരത്തിൽ ഹരിക്കാനാവുന്നവയാണ് ലീപ് ഇയർ( അധിവർഷം). അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങളാണുണ്ടാവുക. എന്നാൽ നൂറ്റാണ്ടുകൾ 400 കൊണ്ടു ഹരിക്കാനാവുമ്പോഴേ അധിവർഷമാവൂ (ഉദാ. 1200, 1600, 2000).
സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജനുവരിയിലെയും ഡിസംബറിലെയും ഒരേ ദിവസമായിരിക്കും. (ഉദാ. 2019 ജനുവരി ഒന്നും ഡിസംബർ 31ഉം ചൊവ്വ ആണ്). അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്.
ഏഴു ദിവസങ്ങളുള്ള 52 ആഴ്ചകളാണ് ഓരോ വർഷത്തിനുമുള്ളത്. ഇതു കഴിഞ്ഞു വരുന്നതാണ് odd day. അധിവർഷത്തിൽ മാത്രം ജനുവരി, ജൂലൈ മാസങ്ങളിലെ കലണ്ടർ ഒരുപോലെയായിരിക്കും.
വർഷത്തിൽ 365 ദിവസത്തിനുശേഷം ഏതാനും മണിക്കൂറുകളും മിനിറ്റുകളും കൂടിവരുന്നു. വർഷത്തിന്റെയും ദിവസത്തിന്റെയും ആരംഭം ഒരേ നിമിഷത്തിലുമാവണം. ഇതു ക്ലിപ്തപ്പെടുത്താനാണ് അധികസമയത്തെ ഒരു ദിവസമാക്കി അതിനെ നാലു വർഷത്തിലൊരിക്കൽ ചേർത്ത് അധിവർഷമാക്കുന്നത്.
ഭൂമി ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം ചെയ്യാനെടുക്കുന്നതിനെ സൗരവർഷം എന്നു പറയുന്നു. ഈ കാലയളവ് കൃത്യമായി പറഞ്ഞാൽ 365.242199 ദിവസമാണ്. അതായത് 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കൻഡ് എന്നു കൃത്യപ്പെടുത്താം. ഇതിനെയാണ് 365 1/4 ദിവസം എന്നു പറയുന്നത്.
ഒരു സൂര്യോദയം മുതൽ അടുത്ത ഉദയം വരെയാണ് ഒരു ദിവസമെന്നു പറഞ്ഞിരുന്നത്. ഇത് അസ്തമയം മുതൽ അസ്തമയം വരെയുമാവാം. എന്നാൽ ഇതിനു കൃത്യതയില്ലാത്തതിനാൽ രണ്ട് അർധരാത്രികൾക്കിടയിലുള്ള സമയത്തെ ഒരു ദിവസമായി കണക്കാക്കാനാരംഭിച്ചു.
ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെ. സൗര കലണ്ടർ ഈജിപ്ത്കാരുടെ സംഭാവനയാണ്. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ നിർദേശങ്ങൾക്കനുസരിച്ച് ബി.സി. 46–ൽ ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ നിർമിച്ചത്.
1582 ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത്. അലോഷിയസ് ലിലിയസാണു മാർപാപ്പയുടെ നിർദേശാനുസരണം ഇതു രൂപകൽപന ചെയ്തത്.
ഗ്രിഗോറിയൻ കലണ്ടറിൽ വേണ്ട പരിഷ്കാരങ്ങൾ വരുത്തി 1954–ൽ ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ശാസ്ത്ര – വ്യവസായ – ഗവേഷണ കൗൺസിലാണ് 1952–ൽ ഇതു തയാറാക്കിയത്.
1957 മാർച്ച് 22ന് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചു. കുശാനവംശത്തിലെ രാജാവായിരുന്ന കനിഷ്കനാണ് എ.ഡി. 78ൽ ശകവർഷം ആരംഭിച്ചത്. ചൈത്രത്തിൽ തുടങ്ങി ഫാൽഗുനത്തിലവസാനിക്കുന്ന 12 മാസങ്ങളാണീ കലണ്ടറിലുള്ളത്.
എ.ഡി. 825–ൽ ഉദയമാർത്താണ്ഡവർമയാണ് മലയാള മാസങ്ങളടങ്ങിയ കൊല്ലവർഷ കലണ്ടർ ആരംഭിച്ചതെന്ന് പറയപ്പെടുന്നു.
ചിത്തിരൈയിൽ തുടങ്ങി പങ്കുനിയിലവസാനിക്കുന്ന 12 മാസങ്ങളാണ് തമിഴ് കലണ്ടറിൽ.
ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് മലയാളം കലണ്ടറിൽ ഉള്ളത്.
Summary : Leap year and origin of calendar