ഇങ്ങനെ ഒന്നു പഠിച്ചുനോക്കൂ; മാർക്കിൽ കാണാം വ്യത്യാസം

ഡോ. ജിജോ പി.ഉലഹന്നാൻ

കൂട്ടുകാർക്കൊക്കെ പഠിക്കാൻ പല രീതികൾ ഉണ്ടാവുമല്ലോ... എന്നാൽ ഈ പറയുന്ന മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ... പഠനം എളുപ്പവും ഫലപ്രദവും ആകുന്നതു കാണാം... മാർക്കിലും ആ വ്യത്യാസം ഉണ്ടാകും. അധ്യാപകർ പഠിപ്പിക്കുന്നു, നമ്മൾ അതിനുശേഷവും പരീക്ഷക്കാലത്തുമൊക്കെ അത് ഉരുവിട്ടു പഠിക്കുന്നു, പിന്നെ മറന്നുകളയുന്നു. ഇതാണല്ലോ പഠനത്തിന്റെ പരമ്പരാഗത രീതി. ഗൃഹപാഠം ചെയ്യാൻ പ്രത്യേകം പറഞ്ഞുവിട്ടില്ലെങ്കിൽ പുസ്തകം തിരിഞ്ഞുനോക്കാൻ താൽപര്യമുള്ളവർ എത്രയുണ്ടാകും? എന്നാൽ ഉയർന്ന ക്ലാസിലെത്തുമ്പോൾ മുൻപു പഠിച്ച പാഠങ്ങളിലെ സാരാംശം അറിയാമെങ്കിലേ മുന്നോട്ടു പോകാൻ കഴിയൂ എന്ന് നമുക്കു മനസ്സിലാകും. പ്രത്യേകിച്ചും ഭാഷാ വിഷയങ്ങളിലും ഗണിതത്തിലും ഇത് വളരെ പ്രകടമായിരിക്കും. നിലവിലും, ഭാവിയിലും തൊഴിൽ ലഭിക്കാനും, അതിൽ ശോഭിക്കാനും പുതിയ കാര്യങ്ങൾ സ്വയം പഠിക്കേണ്ടതു വളരെ അത്യാവശ്യമാണ്. ജീവിതത്തിലെമ്പാടും സഹായകമായ പഠനരീതികൾ സ്വായത്തമാക്കാൻ ഈ അധ്യയനവർഷം ആരംഭിക്കുമ്പോൾ നമുക്കു വ്യത്യസ്തമായെന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം.

സംശയിക്കൂ...
പാഠഭാഗങ്ങൾ നമുക്കു വ്യക്തമായോ എന്നതിന്റെ ഒരു ലക്ഷണമാണു ക്ലാസ്സ് കേൾക്കുമ്പോൾ സ്വാഭാവികമായും മനസ്സിലുണ്ടാകുന്ന സംശയങ്ങൾ. നിങ്ങൾ ക്ലാസിൽ ചോദ്യങ്ങൾ ചോദിക്കാറില്ലെങ്കിൽ, പാഠഭാഗങ്ങൾ വായിച്ച് തയാറെടുത്ത് പോകുന്ന രീതി അവലംബിച്ചു നോക്കൂ.

വായിച്ചിട്ട് പോകാം
സാധാരണ നമ്മൾ പാഠഭാഗങ്ങൾ അധ്യാപകർ പഠിപ്പിച്ചു കഴിഞ്ഞാണു വായിക്കാറെങ്കിൽ, ഇനിമുതൽ തലേദിവസം തന്നെ ഒന്നു വായിച്ചു നോക്കിയിട്ടു ക്ലാസിൽ ഇരുന്നു നോക്കൂ. വിഷയം ഏതുമായിക്കൊള്ളട്ടെ, കാര്യങ്ങൾ നന്നായി ഗ്രഹിക്കാനും, സംശയനിവാരണം വരുത്താനും, പിന്നീടു പഠിക്കാനുമൊക്കെ ഇതു കൂടുതൽ സഹായിക്കും.

പഠിച്ചത് പകർത്താം
എപ്പോഴും പുസ്തകവും, ക്ലാസുകളുമൊക്കെ മാത്രം പഠനത്തിനാശ്രയിക്കാതെ നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ കൂടി നിരീക്ഷിക്കുക. അതോടൊപ്പം നമ്മൾ പഠിച്ചിട്ടുള്ള വിഷയങ്ങൾ മനസ്സിൽ ഇടയ്ക്കിടെ ഓർത്ത് ചിത്രീകരിക്കുന്നതു കൂടുതൽ വ്യക്തത വരുത്തും. പഠിച്ചകാര്യങ്ങളിൽ എത്രമാത്രം ആഴമുണ്ടെന്നറിയാൻ അവ എന്തെങ്കിലും കാര്യത്തിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു ചെയ്യുകയോ, പരീക്ഷിച്ചു നോക്കുകയോ ചെയ്യാവുന്നതാണ്. ആശയങ്ങളിലെ വ്യക്തത ഇത് ഉറപ്പുവരുത്തും.

പഠിപ്പിച്ച് പഠിക്കാം
കേരളത്തിലെ കുട്ടികളുടെ ഒരു പ്രശ്നം അവർ സ്വന്തം അറിവ് മൂടി വയ്ക്കുമെന്നതാണ്. മറ്റുള്ളവരോടു സംവദിക്കുന്നതിലൂടെ നമ്മുടെ അറിവ് കൂടുകയേ ഉള്ളൂ എന്നതിനാൽ സംശയ നിവാരണം, സംവാദം, പങ്ക് വയ്ക്കൽ ഒക്കെ ശീലമാക്കുക. മറ്റുള്ളവർക്കു നമ്മൾ പഠിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്നും പരീക്ഷിച്ചു നോക്കുക. കാര്യങ്ങൾ ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കതു സുവ്യക്തമായിട്ടില്ലെന്നു സാരം. പാഠഭാഗങ്ങൾ ഒന്നുകൂടി നോക്കി മനസ്സിലാക്കി വ്യക്തമാക്കാൻ ശ്രമിക്കുക.

പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ അടിവരയിട്ടു പഠിക്കുക, നോട്ട് കുറിക്കുക, മറ്റുള്ളവരോടു ചർച്ച ചെയ്യുക എന്നിവയൊക്കെ അനുവർത്തിക്കുന്ന കുട്ടികൾ, രണ്ടുക്ലാസ് മുന്നിലുള്ള കുട്ടികളുടെ നിലവാരം പ്രകടിപ്പിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉയർന്ന ക്ലാസുകളിലെത്തുമ്പോൾ ഏതെങ്കിലും വിഷയത്തിൽ പഠനവൈഷമ്യം നേരിടുന്നുണ്ടെങ്കിൽ ഒട്ടും മടിക്കാതെ താഴ്ന്ന ക്ലാസുകളിൽ പഠിച്ചത് ഒന്നുകൂടി എടുത്തു വായിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.

വായനയും, കേൾവിയുമൊക്കെ നമുക്കു മനസ്സിലാകുന്ന രീതിയിൽ ചിത്രങ്ങളോ ചാർട്ടുകളോ ആക്കി മാറ്റി പഠിക്കാം. പല കാര്യങ്ങളുടെയും ആശയങ്ങളുടെ ഒഴുക്കു മനസ്സിലാകാനും അവ മനസ്സിൽ പതിയാനും ഇതു സഹായിക്കും.

ഏതെങ്കിലും പാഠ്യവിഷയങ്ങളിൽ കൂടുതൽ താൽപര്യം ഉള്ളയാളാണോ നിങ്ങൾ? എങ്കിൽ അധ്യാപകരോടോ, മുതിർന്നവരോടോ ചോദിച്ച് ആ വിഷയങ്ങളിൽ ലഭ്യമായ നല്ല പുസ്തകങ്ങൾ, മറ്റ് പഠന മാർഗങ്ങൾ ഒക്കെ കണ്ടെത്തി നേരത്തേ തുടങ്ങിയാൽ ഭാവിയിൽ ആ മേഖലയിൽ ശോഭിക്കാം.

പുസ്തകം, ക്ലാസ്, പരീക്ഷ ഇവയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതില്ല. കല, കായികം, സംഗീതം, കരകൗശലം, ശാസ്ത്രം എങ്ങിനെ മനസ്സിന് ഉല്ലാസം പകരുന്ന വിഷയങ്ങളിൽ പരീക്ഷണങ്ങൾ നടത്തിനോക്കൂ. ഭാവിയിൽ ഉപകാരപ്പെടും ന്ധമില്ലെങ്കിലും, ഇഷ്ടപ്പെട്ട പാഠ്യവിഷയങ്ങളിൽ കൂട്ടുകാരോടൊത്ത് ഒരു പ്രോജക്ട് ചെയ്യൂ. ശാസ്ത്രം, പ്രകൃതി, കല, എന്നിങ്ങനെ ഏതുവിഷയവും തിരഞ്ഞെടുക്കാം. ഇതിലൂടെ നേടുന്ന അറിവും, കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവും ഭാവിയിൽ പ്രയോജനം ചെയ്യും.

സമയം നോക്കാം  
ടൈംടേബിളിന്റെ പ്രധാന്യവും എങ്ങനെ ടൈംടേബിൾ ഉണ്ടാക്കാമെന്നും മേയ് 21ലെ പഠിപ്പുരയിൽ വിശദീകരിച്ചതു കൂട്ടുകാർ കണ്ടിരിക്കുമല്ലോ

നമുക്കു ചുറ്റും  
പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുംപതിവായി വായിച്ച് ലോകത്തു നടക്കുന്ന കാര്യങ്ങൾ മനസ്സിലോ നോട്ട് ബുക്കിലോ കുറിക്കുന്നതും ഭാവിയിൽ ഗുണം ചെയ്യും.

പുതിയ ഭാഷ  
സ്കൂളിൽ പഠിക്കുന്ന ഭാഷകൾ കൂടാതെ ഏതെങ്കിലുമൊരു വിദേശഭാഷ കൂടി ഒഴിവു സമയങ്ങളിൽ സ്വായത്തമാക്കാൻ ശ്രമിക്കാം. ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് തുടങ്ങി ഇഷ്ടമുള്ള ഏതും പഠിക്കാം. യുട്യൂബ്, മൊബൈൽ ആപ്പുകൾ എന്നിങ്ങനെ ഒട്ടേറെ മാർഗങ്ങൾ ഇന്റർനെറ്റ് ഇതിനായി ഒരുക്കുന്നുണ്ട്.

കാശിന്റെ കാര്യം  
ഇന്ന് അത്യാവശ്യം അറിയേണ്ട ഒന്നാണു സാമ്പത്തിക സാക്ഷരത. ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ പേയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിങ്, എന്നിവയൊക്കെ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായത്തോടെ പഠിച്ചു വയ്ക്കുന്നതു പ്രവേശന പരീക്ഷകൾ, പുതിയ കോഴ്സിനു പ്രവേശനം തേടൽ എന്നിവയൊക്കെ എളുപ്പമാക്കും.