ചൊവ്വയിൽ ജീവൻ; ആ തെളിവുകൾ എന്തിനാണ് നാസ കത്തിച്ചു കളഞ്ഞത്?
കഴിഞ്ഞ മാസമാണ് അമേരിക്കൻ ബഹിരാകാശ ഏജന്‍സിയായ നാസ ആ ഗംഭീര കണ്ടുപിടിത്തം നടത്തിയത്. ഭൂമിയിൽ ജീവന്റെ നിലനിൽപിനു സഹായിക്കുന്ന ജൈവ തന്മാത്രകൾ അതാ അങ്ങു ദൂരെ ചൊവ്വയിലുമുണ്ടെന്നായിരുന്നു കണ്ടെത്തൽ. മീഥെയ്ന്റെ സാന്നിധ്യവും ചൊവ്വയിൽ കണ്ടെത്തി. ക്യൂരിയോസിറ്റി എന്ന പേടകമായിരുന്നു കണ്ടെത്തലിനു പിന്നിൽ. സത്യം പറഞ്ഞാൽ കഴിഞ്ഞ നാൽപതിലേറെ വർഷമായി ഈ ജൈവ തന്മാത്രകളെ തേടി ചൊവ്വയിൽ നാസയുടെ പേടകങ്ങൾ തലങ്ങും വിലങ്ങും അലയുകയായിരുന്നു.
1976ൽ ഇതിനു വേണ്ടി മാത്രമായി ഒരു പേടകം ചൊവ്വയിലേക്ക് അയയ്ക്കുകയും ചെയ്തു. വൈക്കിങ് ലാൻഡർ എന്നായിരുന്നു അതിന്റെ പേര്. ഈ പേടകം ചൊവ്വയിലെത്തി പല പരീക്ഷണങ്ങളും നടത്തി. പക്ഷേ ജൈവ തന്മാത്രകളെ മാത്രം കണ്ടെത്താനായില്ല. തങ്ങളുടെ സകല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു വൈക്കിങ്ങിന്റെ റിപ്പോർട്ടുകളെന്നായിരുന്നു ഇതിനെപ്പറ്റി ഗവേഷകർ പറഞ്ഞത്. എന്നാൽ വൈക്കിങ്ങിനു പറ്റിയ ഒരു കയ്യബദ്ധമായിരുന്നു യഥാർഥ പ്രശ്നം. നാസയുടെ ശ്രദ്ധയില്ലായ്മയെന്നും പറയാം. അതിനു കൊടുക്കേണ്ടി വന്നതോ, നാൽപതു വർഷത്തെ അധ്വാനത്തിന്റെ വിലയും.
ചൊവ്വയിലെത്തിയ വൈക്കിങ് അവിടത്തെ മണ്ണെടുത്ത് ചൂടാക്കിയായിരുന്നു ജൈവ തന്മാത്രകളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിച്ചത്. ഗ്യാസ് ക്രോമറ്റോഗ്രാഫി–മാസ് സ്പെക്ട്രോമീറ്റർ എന്നായിരുന്നു ഇത്തരത്തിൽ മണ്ണു പരിശോധിക്കുന്ന പ്രത്യേക ഉപകരണത്തിന്റെ പേര്. സത്യത്തിൽ ആ മണ്ണിലെല്ലാം നാസ തേടിയ തന്മാത്രകളുണ്ടായിരുന്നു. എന്നാൽ പരീക്ഷണ ഉപകരണം തന്നെ അതെല്ലാം ‘കത്തിച്ചു’ കളയുകയായിരുന്നെന്നു മാത്രം. അറിയാതെ സംഭവിച്ചതാണു കേട്ടോ...!
മണ്ണു ചൂടാക്കിയപ്പോൾ തെളിവെല്ലാം നശിച്ചു പോയതാണെന്നു മനസ്സിലാക്കാൻ പിന്നെയും കാലമെടുത്തു. 2007ൽ ചൊവ്വയിലെത്തിയ നാസയുടെ ഫീനിക്സ് ലാൻഡറാണ് ഇക്കാര്യത്തിൽ സഹായമായത്. അതു നടത്തിയ മണ്ണു പരിശോധനയിൽ ചൊവ്വയിലെ മണ്ണിൽ പെർക്ലോറേറ്റിന്റെ സാന്നിധ്യം കണ്ടെത്തി. ചില്ലറക്കാരനൊന്നുമല്ല ഈ പെർക്ലോറേറ്റ്. പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്. ഭൂമിയിലും ഇവയുടെ സാന്നിധ്യമുണ്ട്. സ്ഫോടക വസ്തുക്കളിലും റോക്കറ്റിന്റെ ഖര ഇന്ധനത്തിലുമൊക്കെയാണ് ഉപയോഗിക്കുന്നതെന്നു മാത്രം. ഇവനായിരുന്നു ചൊവ്വയിൽ ജീവൻ കണ്ടെത്താൻ തടസ്സം നിന്ന ‘വില്ലൻ’.
ചൊവ്വയിൽ പക്ഷേ അത്രയേറെ പെർക്ലോറേറ്റൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചൂടാക്കിക്കഴിഞ്ഞാൽ പിന്നെ കത്തിപ്പിടിക്കാതെ എന്തു ചെയ്യാനാണ്? പക്ഷേ അതോടെ മണ്ണിലെ സകല ജൈവ തന്മാത്രകളെയും അതു നശിപ്പിച്ചു കളഞ്ഞു. അതുവരെ നാസ നടത്തിയ പരീക്ഷണങ്ങളെല്ലാം ചീറ്റിയും പോയി. ജിയോഫിസിക്കല്‍ റിസർച് പ്ലാനറ്റ്സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനമിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ നാസ ഒരു കാര്യം പഠിച്ചു. മേലാൽ മണ്ണു ചൂടാക്കിയുള്ള പരീക്ഷണം ചൊവ്വയിൽ നടത്തില്ല. പകരം മണ്ണിലേക്ക് ആസിഡ് ചേർത്തുള്ള പരീക്ഷണത്തിനാണ് അടുത്ത ലക്ഷ്യം. നമുക്കും പ്രാർഥിക്കാം ലക്ഷ്യം വിജയം കാണട്ടേയെന്ന്!!