അഗ്നിപര്‍വതത്തിനു മുകളില്‍ അദ്ഭുത മിന്നല്‍; എവിടെ നിന്നാണതു വന്നത്?
ആകാശത്തുണ്ടാകുന്ന മിന്നല്‍ എവിടേക്കാണു വരിക? എന്തൊരു സംശയമാണല്ലേ! ആകാശത്തെ മിന്നലാണല്ലോ ഇടയ്ക്കിടെ താഴേക്കെത്തി നമ്മെയെല്ലാം പേടിപ്പിക്കുന്നത്. ഇടയ്ക്കു മിന്നല്‍ നിലത്തിറങ്ങി വെട്ടിയെന്നു വരെ പറയാറുണ്ട്. പക്ഷേ ഭൂമിയിലുണ്ടാകുന്ന മിന്നല്‍ എവിടേക്കു പോകും? അതിനു ഭൂമിയില്‍ മിന്നലുണ്ടാകുമോ? ഉണ്ടാകുമെന്നേ... ഭൂമിയില്‍ മിന്നല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ളവയാണ് അഗ്നിപര്‍വതങ്ങള്‍. ഇവ പൊട്ടിത്തെറിക്കും മുന്‍പ് വന്‍തോതില്‍ ചാരവും മറ്റു വാതകങ്ങളും പുറപ്പെടുവിക്കാറുണ്ട്. ഈ ചാരത്തിന്റെ ഭാഗങ്ങളും അന്തരീക്ഷവുമായുള്ള ഘർഷണത്തിലൂടെ മിന്നലുകളുമുണ്ടാകും. ചാരങ്ങള്‍ക്കിടയില്‍ ഇടയ്ക്കു മഞ്ഞു കഷ്ണങ്ങളും രൂപപ്പെടാറുണ്ട്. ഇവയും അന്തരീക്ഷവുമായി കൂട്ടിമുട്ടി മിന്നലുണ്ടാകാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
പക്ഷേ അഗ്നിപര്‍വതങ്ങളില്‍ എങ്ങനെയാണു മിന്നലുണ്ടാകുന്നതെന്നതിന്റെ കൃത്യമായ ഉത്തരം ഇന്നേവരെ ഗവേഷകര്‍ക്കു കണ്ടെത്താനായിട്ടില്ലെന്നതാണു സത്യം. ഇങ്ങനെയൊക്കെയാണെങ്കിലും അതിശക്തമാണ് ഇത്തരം മിന്നലുകള്‍. ഇവയുടെ സ്വഭാവം കൃത്യമായി മനസ്സിലാകാത്തതു കൊണ്ട് ബഹളക്കാരന്‍ മിന്നലെന്നും ഭ്രാന്തന്‍ മിന്നലെന്നുമൊക്കെ വിളിപ്പേരുണ്ട്. പക്ഷേ ഭൂമിയില്‍ ‘ഉല്‍പാദിപ്പിക്കപ്പെടുന്ന’ ഇത്തരം മിന്നലുകള്‍ ആകാശത്തേക്കു പോവുകയാണു പതിവ്. പൂക്കുറ്റി പൊട്ടിത്തെറിക്കുന്നതു പോലെ ഇടയ്ക്കിടെ അഗ്നിപര്‍വതങ്ങള്‍ മിന്നല്‍ പുറത്തുവിടുന്നത് ഭയപ്പെടുത്തുന്ന കാഴ്ചയുമാണ്. ചിലപ്പോള്‍ വശങ്ങളിലേക്കും പുളഞ്ഞിറങ്ങിപ്പോകും. അത്തരത്തിലൊരു കാഴ്ച ഒരു ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ നിന്ന് സെര്‍ജിയോ മോണ്ടഫര്‍ എന്ന ഫൊട്ടോഗ്രാഫര്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് ചിത്രം പകര്‍ത്തിയത്. ഇതിനെക്കുറിച്ചു പഠിച്ചതിനു ശേഷം കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആകാശത്തെ വിസ്മയങ്ങള്‍ പകര്‍ത്തുന്ന ഒരു പ്രഫഷണല്‍ ഫൊട്ടോഗ്രാഫറാണ് സെര്‍ജിയോ. ഗ്വാട്ടിമാലയിലെ ആന്റിഗ്വയിലുള്ള പ്രശസ്തമായ അഗ്നിപര്‍വതമാണ് വോള്‍ക്കാനോ ഡി അഗ്വ. വെള്ളത്താലുള്ള അഗ്നിപര്‍വതം എന്നാണ് അര്‍ഥം. വെള്ളവും അഗ്നിയും തമ്മില്‍ ഒരു ചേര്‍ച്ചയില്ലല്ലോ! അതിനു പിന്നിലൊരു കഥയുണ്ട്.
ഇന്നും സജീവ പര്‍വത വിഭാഗത്തില്‍പ്പെട്ടതാണ് വോള്‍ക്കാനോ ഡി അഗ്വ. ഫ്യൂഗോ എന്നും അക്കാറ്റിനാന്‍ഗോ എന്നും പേരുളള ഇരട്ട അഗ്നിപര്‍വതങ്ങളുടെ എതിര്‍വശത്താണ് ഇതിന്റെ സ്ഥാനം. ആന്റിഗ്വയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നുമാണിത്. സജീവമാണെങ്കിലും ഇന്നേവരെ ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിട്ടില്ല. പക്ഷേ 1541ല്‍ ഇതില്‍ നിന്നു വന്‍തോതില്‍ ചെളിവെള്ളം പുറത്തേക്കു കുത്തിയൊച്ചെത്തി. അങ്ങനെ സമീപത്തെ ഒരു നഗരം തന്നെ ഇല്ലാതായി. സ്പാനിഷുകാരായിരുന്നു അന്ന് ആന്റിഗ്വ ഭരിച്ചിരുന്നത്. ചെളിവെള്ളത്തില്‍ തകര്‍ന്നത് അവരുടെ അന്നത്തെ തലസ്ഥാനനഗരം കൂടിയായിരുന്നു. അതിനു ശേഷം പുതിയൊരിടത്തേക്കു തലസ്ഥാനം മാറ്റുകയും ചെയ്തു.
വോള്‍ക്കാനോ ഡി അഗ്വയുടെ മുകളില്‍ ഇപ്പോഴും ലാവ കെട്ടിക്കിടപ്പുണ്ട്. ചാരവും പുകയും പുറത്തേക്കു വരുന്ന പതിവുമുണ്ട്. പക്ഷേ ഇതൊന്നും പകര്‍ത്താനല്ല സെര്‍ജിയോ പര്‍വത്തിലേക്കു പോയത്. പര്‍വതത്തിന്റെ പശ്ചാത്തലത്തില്‍, നക്ഷത്രം നിറഞ്ഞ ആകാശം പകര്‍ത്താനായിരുന്നു യാത്ര. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം അന്നു തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാല്‍ സെര്‍ജിയോ ക്യാമറയുമെടുത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച മഴക്കാറു നിറഞ്ഞ ആകാശവും ഒപ്പം കൊടുങ്കാറ്റും. ചിത്രം പകര്‍ത്താന്‍ ആയിരക്കണക്കിന് അടി മുകളിലേക്കാണ് എത്തിയത്. അതിനാല്‍ത്തന്നെ മഴയും കൊടുങ്കാറ്റും കണ്ടാല്‍ ആരുടെയും മുഖം കറുക്കും. പക്ഷേ കുറച്ചുനേരം കാത്തിരിക്കാന്‍ തന്നെ സെര്‍ജിയോ തീരുമാനിച്ചു.
അങ്ങനെ ക്യാമറയും സെറ്റ് ചെയ്തിരിക്കുമ്പോള്‍ പതിയെ മഴ മാറി. കൊടുങ്കാറ്റും പിന്നാലെ മാറിയെങ്കിലും ആകാശം തെളിഞ്ഞില്ല. അപ്പോഴായിരുന്നു വോള്‍ക്കാനോ ഡി അഗ്വയുടെ മുകളില്‍ നിന്ന് മിന്നല്‍പ്പിണരുകള്‍ ആകാശത്തേക്കു പുളഞ്ഞുകയറിയത്. ഇതിന്റെ വിഡിയോയും ഫോട്ടോകളും സെര്‍ജിയോ പകര്‍ത്തി. അപൂര്‍വങ്ങളിൽ അപൂര്‍വമായ കാഴ്ചയെന്നായിരുന്നു വാനനിരീക്ഷകരും അഗ്നിപര്‍വത ഗവേഷകരുമെല്ലാം ഇതിനെ വിശേഷിപ്പിച്ചത്. കാരണം അഗ്വ അഗ്നിപര്‍വതത്തില്‍ നിന്ന് അപൂര്‍വമായേ മിന്നലുകള്‍ തന്നെ രൂപപ്പെടാറുള്ളൂ. പക്ഷേ മൂന്നരമാസത്തോളം ഈ വിഡിയോയും അഗ്നിപര്‍വതത്തെയും നിരീക്ഷിച്ചിട്ടും ഇപ്പോഴും പിടികിട്ടിയിട്ടില്ല, എവിടെയാണ് ഈ മിന്നലിന്റെ ഉറവിടമെന്നും എങ്ങനെയാണ് ഇവ രൂപപ്പെട്ടതെന്നും!