റൊണാൾഡോയാണോ മെസ്സിയാണോ കൂടുതൽ മിടുക്കൻ?
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണോ ലയണൽ മെസ്സിക്കാണോ ശക്തി കൂടുതൽ? ഒത്തിരി കൂട്ടുകാരുടെ മനസ്സിലുള്ള സംശയമല്ലേ ഇത്? പക്ഷേ, ഇതിനുത്തരം ആർക്കുമറിയില്ലെന്നതാണു സത്യം. രണ്ടുപേരും തമ്മിൽ ബലപരീക്ഷണം നടത്തി ആർക്കാണു ശക്തി കൂടുതലെന്ന് അളക്കാൻ കഴിയില്ലല്ലോ!
പക്ഷേ, ഫുട്ബോൾ കളിയിൽ അങ്ങനെയല്ല കാര്യം. ആരാണു മിടുക്കൻ എന്നറിയാൻ ഇരുവരുടെയും കളി നോക്കിയാൽ മതി.
സ്പെയിനിലെ ലാ ലിഗ ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർ താരമാണല്ലോ പോർച്ചുഗീസുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലാ ലിഗയിൽ ഈ വർഷം ചാംപ്യന്മാരാകാൻ ഒരുങ്ങുന്ന ബാർസിലോനയുടെ എല്ലാമെല്ലാമാണ് അർജന്റീനക്കാരനായ ലയണൽ മെസ്സി. ഇംഗ്ലണ്ടിലെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് വർഷങ്ങൾക്കു മുൻപു റയൽ മഡ്രിഡിലേക്കു വന്നതാണ് ക്രിസ്റ്റ്യാനോ. എന്നാൽ, മെസ്സിയാകട്ടെ ചെറുപ്പം മുതൽ ബാർസിലോനയിലാണ്.
ഒരു രക്ഷയുമില്ലാത്ത കളിയാണു രണ്ടുപേരും. ഇന്നു ക്രിസ്റ്റ്യാനോ ഒരു ഗോളടിച്ചാൽ നാളെ മെസ്സി രണ്ടു ഗോളടിക്കും. മറ്റന്നാൾ ക്രിസ്റ്റ്യാനോ ഹാട്രിക്ക് അടിക്കും... ഇതിങ്ങനെ പോകുന്നു. ആരാണ് കൂടുതൽ മിടുക്കൻ എന്ന് അളക്കാൻ പോലും പറ്റാത്ത വിധം സൂപ്പർ കളി!
ഇവരിൽ ആർക്കാണ് ഏറ്റവും വലിയ വില എന്നു നോക്കിയാലോ?
ബാർസിലോനയുമായി 2021 വരെ മെസ്സി പുതിയ കരാർ ഒപ്പുവച്ചത് അടുത്തയിടെയാണ്.
70 കോടി യൂറോയാണ് (ഏകദേശം 5300 കോടി രൂപ) മെസ്സിയുടെ വിലയായി ആ കരാറിൽ എഴുതപ്പെട്ടത്! അതായത് ഈ കരാർ കാലാവധി തീരും മുൻപ് മെസ്സിയെ മറ്റ് ഏതെങ്കിലും ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിച്ചാൽ, ആ ക്ലബ് ബാർസിലോനയ്ക്കു നൽകേണ്ടി വരുന്ന വില (ബൈ ഔട്ട് ക്ലോസ്) ആണിത്.
ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെ മറികടക്കും. അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയലിൽനിന്നു സ്വന്തമാക്കാനാണു മറ്റു ക്ലബ്ബുകൾ ഏറ്റവും തുക നൽകേണ്ടി വരിക. 100 കോടി യൂറോയാണ് (ഏകദേശം 7700 കോടി രൂപ).