കണ്ടിട്ടുണ്ടോ, നീലത്തിമിംഗലത്തോളം വലുപ്പമുള്ള അന്യഗ്രഹജീവിയെ..?
കടല്‍ത്തീരത്ത് കുടുംബവുമൊത്ത് ഉല്ലസിക്കാനെത്തിയതായിരുന്നു ആദം ഡിക്കിന്‍സണ്‍ എന്ന ന്യൂസീലന്‍ഡുകാരന്‍. കുട്ടികളുമൊത്ത് അങ്ങനെ തിരമാലകളില്‍ തുള്ളിച്ചാടി നടക്കുമ്പോഴായിരുന്നു ആ കാഴ്ച. കടല്‍ത്തീരത്തെ മണലില്‍ ഒരു പൂവു വിരിഞ്ഞതു പോലെയായിരുന്നു ആദ്യം തോന്നിയത്. അടുത്തു ചെന്നു നോക്കിയപ്പോഴാണ് പിങ്ക് നിറത്തില്‍ വഴുവഴുത്ത ദ്രാവകം പോലൊരു വസ്തു. നടുവില്‍ അല്‍പം ചുവപ്പു നിറമുണ്ട്, ചുറ്റിലും പിങ്കിന്റെ വകഭേദങ്ങളും. ഇതെന്താണു സംഗതിയെന്നു നോക്കാനായി ശ്രമിച്ചപ്പോഴാണു മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ആ വസ്തു പതിയെ നീങ്ങുന്നു. അതോടെ കുട്ടികളെ സമീപത്തു നിന്നു മാറ്റി ആദം. സംഗതി ഒരു ജെല്ലിഫിഷാണെന്ന സംശയവും തോന്നി. പക്ഷേ ഇന്നേവരെ അത്തരത്തിലൊരു വസ്തുവിനെ അദ്ദേഹം കണ്ടിട്ടേയില്ല. മറ്റു ചില ജെല്ലിഫിഷുകളും തീരത്തടിഞ്ഞിരുന്നു. അവയെല്ലാം തിരിച്ചും മറിച്ചുമിട്ടു നോക്കിയിട്ടും തീരത്തടിഞ്ഞ വസ്തുവുമായി യാതൊരു ചേര്‍ച്ചയുമില്ല.
ആദമിന്റെ മക്കള്‍ അതിനെ വോള്‍ക്കാനോ എന്നാണു വിളിച്ചത്. പൊട്ടാനൊരുങ്ങി നില്‍ക്കുന്ന ഒരു അഗ്നിപര്‍വതത്തിന്റെ രൂപവുമുണ്ടായിരുന്നു അതിന്. എന്തായാലും ഓക്ക്‌ലന്‍ഡില്‍ നിന്ന് 55 കിലോമീറ്റര്‍ മാറി പക്കിറി ബീച്ചില്‍ കണ്ടെത്തിയ ഈ അദ്ഭുത ജീവിയെപ്പറ്റി വൈകാതെ തന്നെ പല വാര്‍ത്തകളും പരന്നു. അന്യഗ്രഹജീവിയാണിതെന്നു വരെ. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ ഗവേഷകര്‍ അതിന്റെ സത്യം പുറത്തുകൊണ്ടുവന്നു. സംഗതി ഒരു ജെല്ലിഫിഷാണ്. അതും വെറും ജെല്ലിഫിഷല്ല, ആ സ്പീഷീസിലെ ഏറ്റവും വലുപ്പമേറിയ ഇനം. ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷ് എന്നാണു പേര്. അതായത് സിംഹത്തിന്റെ സട പോലിരിക്കുന്ന ജെല്ലിഫിഷ്. ശാസ്ത്രനാമം Cyanea capillata. ജയന്റ് ജെല്ലിഫിഷെന്നും ഹെയര്‍ ജെല്ലിഫിഷെന്നുമൊക്കെ പേരുണ്ട്.
നീലത്തിമിംഗലത്തോളം വളരാന്‍ സാധിക്കുന്നവയാണ് ഈയിനം. നടുവിലുള്ള വയര്‍ ഭാഗത്തിന് ഏകദേശം ഏഴടി വരെ വരും വ്യാസം. ഇതിനു സമീപത്തായാണ് ജെല്ലിഫിഷിന്റെ വായുള്ളത്. വായ്ക്കു ചുറ്റും സിംഹത്തിന്റെ സട പോലെ ടെന്റിക്കിളുകളും. എട്ടു ക്ലസ്റ്ററുകളിലായാണ് ഈ ടെന്റക്കിളുകളുടെ സ്ഥാനം. ഓരോ ക്ലസ്റ്ററിലും കുറഞ്ഞത് 150 ടെന്റക്കിളുകളെങ്കിലും കാണും. 190 അടി വരെ നീളവും കാണും ഓരോന്നിനും. ഇവ ഉപയോഗിച്ചാണ് ലയണ്‍സ് മെയ്ന്‍ ജെല്ലിഫിഷുകള്‍ ഇര പിടിക്കുന്നത്. കടലില്‍ കാണുന്ന ചെറുജീവികളായ പ്ലാങ്ക്ടണുകള്‍, മറ്റു ചെറുജീവികള്‍, കുഞ്ഞന്‍ മത്സ്യങ്ങള്‍ തുടങ്ങിയവയാണു പ്രധാന ഭക്ഷണം.
ടെന്റക്കിളുകള്‍ കൊണ്ട് ഒരു കുത്തുകിട്ടിയാല്‍ തീര്‍ന്നു. ഇരയുടെ ചലനശേഷി നഷ്ടപ്പെടും. ജെല്ലിഫിഷ് പിടികൂടി ശാപ്പിടും. മനുഷ്യനും ഇവയുടെ കുത്തേറ്റാല്‍ സഹിക്കാനാകാത്ത വേദനയായിരിക്കും ഫലം. ആര്‍ട്ടിക് സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണു പ്രധാനമായും ഇവയെ കാണാറുളളത്. അതില്‍ത്തന്നെ തണുപ്പേറിയ വെള്ളത്തില്‍ കഴിയാനാണ് ഇഷ്ടം. കരയിലേക്കു വരുന്നതു കുറവാണ്. അതുകൊണ്ടു തന്നെ മറ്റിനങ്ങളെപ്പോലെ ഇവയെ പൊതുജനങ്ങള്‍ക്കും വലിയ 'പരിചയ'മൊന്നുമില്ല. മാത്രവുമല്ല കരയിലേക്കു കയറിയാല്‍ ഇവയുടെ ടെന്റക്കിളുകള്‍ കാണാനാകില്ല. കടലില്‍ ആ 'സട'യാണ് ഇവയെ വ്യത്യസ്തമാക്കുന്നതും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതും.