‘അദ്ഭുതപ്പന്തി’നകത്ത് എന്താണെന്നറിയില്ല, പക്ഷേ കുട്ടികൾക്കിപ്പോൾ ഈ കളിപ്പാട്ടം മാത്രം മതി!
നവീൻ മോഹൻ
നമ്മള്‍ കടയിൽ പോകുന്നു, കൈപ്പിടിയിലൊതുങ്ങുന്ന ഒരു കുഞ്ഞൻ ‘കളിപ്പാട്ടപ്പന്ത്’ വാങ്ങുന്നു. അതിനകത്ത് എന്താണെന്നു പോലും അറിയില്ല! പക്ഷേ ആ പന്തിന് വേണ്ടിയാണിപ്പോൾ ലോകമെമ്പാടുമുള്ള കുട്ടികൾ വാശി പിടിക്കുന്നത്. ക്രിസ്മസ് ആയതോടെ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കുന്ന കളിപ്പാട്ടങ്ങളുടെ പട്ടികയിലും ഈ പന്ത് ഇടംപിടിച്ചിരിക്കുകയാണ്. നമ്മളൊരു കടയിൽ പോയി കളിപ്പാട്ടം കണ്ണടച്ചു വാങ്ങുന്നതിനു സമാനമാണിത്. അത്രമാത്രം വിലയേറിയ എന്താണ് ആ പന്തിനകത്തുള്ളത്? മറ്റൊന്നുമല്ല, കുറേ കുഞ്ഞു പാവക്കുട്ടികളും അവയ്ക്കുള്ള ഉടുപ്പുകളുമൊക്കെയാണ്. ആ പാവക്കുട്ടികളുടെ പേരാണ് ‘എൽഒഎൽ സർപ്രൈസ് ഡോൾ’.
പേരുപോലെത്തന്നെ ഒരു വലിയ ‘സർപ്രൈസാണ്’ ഓരോ പാവക്കുട്ടിയും. എംജിഎ എന്റർടെയ്ൻമെന്റ് എന്ന കമ്പനിയാണ് രണ്ടു വർഷം മുൻപ് ആദ്യമായി ഈ കളിപ്പാട്ടം പുറത്തിറക്കിയത്. അവരുടെ കണക്കു പ്രകാരം ഒരു പോലിരിക്കുന്ന ‘സർപ്രൈസ്’ പാവകളെ ഇന്നേവരെ നിർമിച്ചിട്ടില്ല. അതായത്, ഇതുവരെ നിർമിച്ച ഏകദേശം എൺപതു കോടിയോളം പാവകളും വ്യത്യസ്ത തരത്തിലുള്ളതായിരുന്നു. ഇനി നിർമിക്കാനിരിക്കുന്നതും അങ്ങനെത്തന്നെ. ബോളിന്റെ ആകൃതിയിലുള്ള ‘എൽഒഎൽ’ ആണ് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിരിക്കുന്നത്. റേഡിയോയുടെയും എഗ്ഗിന്റെയും റേഡിയോയുടെയുമൊക്കെ ആകൃതിയിലും സംഗതി ലഭ്യം. ഇതിനകത്താണ് സർപ്രൈസ് പാവകൾ ഒളിച്ചിരിക്കുന്നത്. ഓരോരോ ലെയറുകളായി വേണം ഈ ബോൾ തുറക്കാൻ. ഒരു ലെയറിൽ സീക്രട്ട് മെസേജായിരിക്കും. മറ്റൊന്നിൽ സ്റ്റിക്കറുകൾ, ഇനിയുമൊന്നിൽ വെള്ളം കുടിക്കാനുള്ള കുഞ്ഞു ബോട്ടിൽ, പിന്നെ ഷൂസ്, വസ്ത്രങ്ങൾ, മേയ്ക്കപ്പ് സാധനങ്ങൾ അങ്ങനെയങ്ങനെ പോകുന്നു. ഈ വസ്തുക്കളെല്ലാം ‘എൽഒഎൽ’ പാവയ്ക്കു വേണ്ടിയാണ്. ജെല്ലിനകത്തും കവറിലും കടലാസിൽ പൊതിഞ്ഞുമൊക്കെയാണ് ഓരോ ‘സർപ്രൈസും’. അതുപയോഗിച്ച് പാവകളെ അണിയിച്ചൊരുക്കുകയും ചെയ്യാം. ചിലതിൽ ‘പാവക്കഷ്ണങ്ങളെ’ കൂട്ടിച്ചേർത്തു വേണം ഉപയോഗിക്കാൻ.
പല മോഡൽ കണ്ണടകളും ബാഗുകളും മാലയും ബെൽറ്റും ചെരുപ്പും തൊപ്പിയുമൊക്കെയായി ആകെമൊത്തം ഫാഷനബിളാണ് ‘എൽഒഎൽ’ പാവക്കുട്ടി. കൂടുതൽ കാശു മുടക്കുന്നതിനനുസരിച്ചു കൂടുതൽ ‘സർപ്രൈസുകൾ’ ലഭിക്കും. പക്ഷേ ഏറ്റവും കുറഞ്ഞ വിലയ്ക്കു വരെ ഈ പാവക്കുട്ടികളെ സ്വന്തമാക്കാമെന്നതാണ് ഇതിനെ ഏറെ ജനപ്രിയമാക്കിയത്. മറ്റൊന്നു കൂടിയുണ്ട്– മുതിർന്നവർ ഐഫോണും പലതരം ടാബുകളും ക്യാമറയുമൊക്കെ ചിത്രീകരിച്ചു പരിചയപ്പെടുത്തുന്ന യൂട്യൂബ് വിഡിയോകൾക്ക് വിദേശത്ത് ഏറെ ആരാധകരുണ്ട്. ചില കുട്ടികൾ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന വിഡിയോകളും വൻഹിറ്റാണ്. ‘അൺബോക്സിങ്’ വിഡിയോ എന്നാണ് ഇവയ്ക്കു പേര്. ഇത്തരം വിഡിയോകൾ തയാറാക്കാൻ കുട്ടികൾക്കും ഏറെ ഇഷ്ടമാണ്. പക്ഷേ അത്തരത്തിൽ അവതരിപ്പിക്കാനുളള ‘വെറൈറ്റി’ കളിപ്പാട്ടം എവിടെ നിന്നു ലഭിക്കും? അതിനുള്ള ഉത്തരവുമായിട്ടായിരുന്നു ‘എൽഒഎല്ലിന്റെ’ വരവ്.
ഓരോരുത്തരും തങ്ങൾക്കു കിട്ടിയ സർപ്രൈസ് ഗിഫ്റ്റുകൾ തുറക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ മത്സരമാണിപ്പോൾ. മറ്റുള്ളവർക്കു കിട്ടിയ പാവക്കുട്ടികളെ കാണാനും ഒട്ടേറെ പേർ വിഡിയോകളെ ആശ്രയിക്കുന്നു. അങ്ങനെ ഇപ്പോള്‍ യൂട്യൂബ് നിറയെ കുട്ടിക്കൂട്ടത്തിന്റെ എൽഒഎൽ സർപ്രൈസ് അൺബോക്സിങ് വിഡിയോകളാണ്. ചില വിഡിയോകളൊക്കെ ഇതിനോടകം കോടിക്കണക്കിനു പേർ കണ്ടുകഴിഞ്ഞു. ഇതോടെ പലതരത്തിലുള്ള സർപ്രൈസുകൾ ഒരുക്കുന്ന തിരക്കിലാണ് എംജിഎ കമ്പനിയും. ക്രിസ്മസ് അടുക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്...
ഇത്രയും നാളും മാതാപിതാക്കളും വിചാരിച്ചു കൊണ്ടിരുന്നത് കുട്ടികൾ കടയിൽ പോയി കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ പാവകളെയും മറ്റും വാങ്ങൂ എന്നാണ്. എന്നാൽ എൽഒഎല്ലിന്റെ വരവോടെ ആ രീതിയും മാറി. ഇപ്പോൾ കൊച്ചുപിള്ളേർ വരെ ‘എനിച്ചും വേണം സർപ്രൈസ് ഡോൾ’ എന്നും പറഞ്ഞ് വീട്ടുകാരുടെ പിന്നാലെ നടപ്പാണ്. കുട്ടികളുടെ ആവേശം കണ്ട് മാതാപിതാക്കളും പലതരം എൽഒഎൽ ഗിഫ്റ്റുകൾ വാങ്ങി തുറക്കുന്നതിന്റെ വിഡിയോകളും അപ്‌ലോഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡോൾ കലക്‌ഷൻ, പായ്ക്കറ്റ് തുറക്കാതെ എങ്ങനെ സർപ്രൈസ് അറിയാം, ഒറിജനൽ എൽഒഎല്ലും ഡ്യൂപ്ലിക്കറ്റും എങ്ങനെ തിരിച്ചറിയാം... തുടങ്ങിയ വിഷയങ്ങളിലാണ് രക്ഷിതാക്കളുടെ വിഡിയോകളെന്നു മാത്രം...!