ഒടുവിൽ ‘ജോർജും’ യാത്ര പറഞ്ഞു; മനുഷ്യന്റെ അത്യാർത്തി ഇനിയെങ്കിലും അവസാനിക്കുമോ?

നവീൻ മോഹൻ

ഗാലപ്പഗോസ് ദ്വീപുസമൂഹങ്ങളിലൊന്നായ പിന്റായിൽ പണ്ടൊരു ഭീമൻ ആമയുണ്ടായിരുന്നു. ‘ലോൺസം ജോർജ്’ എന്നായിരുന്നു വിളിപ്പേര്. മലയാളത്തിലാണെങ്കിൽ ‘ഒറ്റയ്ക്കൊരു ജോർജെന്നു’ വിളിക്കാം. കാരണം പിന്റായിൽ മാത്രമേ ഈ വിഭാഗം ആമയുണ്ടായിരുന്നുള്ളൂ. അതും ഒരൊറ്റയെണ്ണം മാത്രം. ദ്വീപിലേക്കു മനുഷ്യരെത്തിയതോടെ ബാക്കിയെല്ലാം നശിച്ചു. ഒരെണ്ണത്തെ മാത്രം ഗവേഷകർ കണ്ടെത്തി രക്ഷിച്ചെടുക്കുകയായിരുന്നു. Chelonoidis abingdonii സ്പീഷീസിൽപ്പെട്ട ഈ ആമയും പക്ഷേ അധികം വൈകാതെ ഭൂമി വിട്ടു പോയി. 2012ൽ ജോർജ് മരിക്കുമ്പോൾ 102 വയസ്സായിരുന്നു.

ജോർജിന്റെ അതേ പേരുമായി മറ്റൊരു ജീവിയും അങ്ങുദൂരെ ഹവായ് ദ്വീപിൽ ജീവിച്ചിരുന്നു. മരങ്ങളിൽ കാണുന്ന ഒരുതരം ഒച്ചായിരുന്നു അത്. ‘ലോൺലി ജോർജ്’ എന്നറിയപ്പെട്ടിരുന്ന ഈ മരയൊച്ചും ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിൽ ഭൂമിയോടു യാത്ര പറഞ്ഞു. അതോടെ chatinella apexfulva എന്ന സ്പീഷീസിൽപ്പെട്ട ഒരൊറ്റ ഒച്ചു പോലും ഇനി ലോകത്ത് ബാക്കിയില്ലെന്നായി. ഹവായിയിലെ കാടുകളിൽ ഒരുകാലത്ത് വൻതോതിൽ കാണപ്പെട്ടിരുന്നു പല വർണത്തിൽ പുറന്തോടുകളുള്ള ഈ ഒച്ചുകൾ. ഇലകളെ നശിപ്പിക്കുന്ന ഫംഗസുകളായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. അതിനാൽത്തന്നെ ഹവായിയിലെ ചെടികളുടെ വളർച്ചയ്ക്കും ഏറെ സഹായിച്ചിരുന്നു. ആദ്യകാലത്ത് ഈ ഒച്ചുകൾക്ക് ദ്വീപിൽ ശത്രുക്കൾ പോലുമില്ലായിരുന്നു. അതിനാൽത്തന്നെ ശത്രുക്കളെ എങ്ങനെ നേരിടണമെന്നും പഠിച്ചില്ല. അതിനിടെ മനുഷ്യർ ദ്വീപിലെത്തി. അവരെ കൊണ്ടുവന്ന കപ്പലുകൾ വഴി എലികളും ദ്വീപിൽ നിറഞ്ഞു. പിന്നാലെ വളർത്തുജന്തുക്കളായി ഓന്തുകളെയും ഇവിടേക്കു കൊണ്ടുവന്നു. അതോടെ മരയൊച്ചുകളുടെ കഷ്ടകാലം തുടങ്ങി. ഒപ്പം വൻതോതിൽ കാടുവെട്ടിത്തെളിക്കുക കൂടിയായതോടെ ദിനംതോറും ഒച്ചുകളുടെ എണ്ണം കുറഞ്ഞു വന്നു. സംഭവം ഗുരുതരമാണെന്നു തിരിച്ചറിഞ്ഞതോടെ 1997ൽ

ഹവായി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കാടുകയറി. അവശേഷിച്ച മരയൊച്ചുകളെ ശേഖരിച്ചു. ഇവയിൽ പത്തെണ്ണത്തിനെ ലാബിൽ എല്ലാ സൗകര്യങ്ങളും നൽകി വളർത്തി. പക്ഷേ അജ്ഞാത കാരണത്താൽ ഒൻപതെണ്ണവും ചത്തു പോയി. അങ്ങനെയാണ് അവശേഷിച്ച ഒരേയൊരെണ്ണത്തിന് ‘ലോൺലി ജോർജ്’ എന്ന പേരു ലഭിക്കുന്നത്. ലാബിലേക്കു വരുന്ന കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ മരയൊച്ച്. ലോകമെമ്പാടുമുളള മാധ്യമങ്ങളിലും ഈ കുഞ്ഞനൊച്ച് വാർത്തയായി. ശരിക്കും ഒരു ‘സെലിബ്രിറ്റി’ പരിവേഷം. ജോർജിനെപ്പോലെ എണ്ണൂറോളം സ്പീഷീസിൽപ്പെട്ട മരയൊച്ചുകൾ ഹവായിയിലുണ്ടായിരുന്നു. അവയിൽ മുക്കാൽ പങ്കും ഇതിനോടകം ഭൂമി വിട്ടു പോയി. നിലവിൽ ഏകദേശം 10 സ്പീഷീസുകൾ കൂടിയാണു ശേഷിക്കുന്നത്. അവയും ഏതാനും വർഷങ്ങൾക്കകം ഇല്ലാതാകുമെന്നു പറയുന്നു ഗവേഷകർ. അതിനു കാരണമാകുന്നതാകട്ടെ അനിയന്ത്രിതമായി മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലും. കൃഷിക്കും മൃഗങ്ങളെ വളർത്താനും അനധികൃതമായി വനഭൂമി വെട്ടിനശിപ്പിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം.