ഗ്രീൻലൻഡിൽ പരീക്ഷണം; തണുപ്പിലും കൊടുങ്കാറ്റിലും ഇളകാതെ ചന്ദ്രനിലേക്കൊരു അദ്ഭുത വീട്, Lunark, paper house, future inhabitants of moon, Padhippura, Manorama Online

ഗ്രീൻലൻഡിൽ പരീക്ഷണം; തണുപ്പിലും കൊടുങ്കാറ്റിലും ഇളകാതെ ചന്ദ്രനിലേക്കൊരു അദ്ഭുത വീട്

‘താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ...’ എന്നാണു പാട്ടിൽ പോലും ചോദിക്കുന്നത്. ഭൂമിയിൽ ബുദ്ധിമുട്ടൊക്കെയാണെങ്കിലും താഴേക്കു വന്നാൽ പായസച്ചോറു തരാമെന്നാണ് അമ്പിളിയമ്മാവനു പാട്ടിലൂടെ നമ്മൾ നൽകുന്ന വാഗ്ദാനം. പക്ഷേ അമ്പിളിയമ്മാവൻ ഭൂമിയിലേക്കു വരുന്നതിനേക്കാളും നമ്മൾ അങ്ങോട്ടു പോകുന്നതല്ലേ നല്ലതെന്നാണു ഗവേഷകർ ചോദിക്കുന്നത്. പോവുക മാത്രമല്ല അവിടെ താമസിക്കുകയും ചെയ്യാം. പക്ഷേ ഭൂമിയിലേതു പോലെയല്ലല്ലോ ചന്ദ്രനിലെ കാര്യങ്ങൾ. ഭൂമിയിലോ ചൊവ്വയിലോ ഒന്നും ഇതുവരെ കാണാത്ത പൊട്ടാസ്യം, സോഡിയം പോലുള്ള വസ്തുക്കളാണ് ചന്ദ്രന്റെ അന്തരീക്ഷത്തിലുള്ളത്, അതും വളരെ കുറച്ച്. കാരണം ചന്ദ്രനിൽ ഭൂമിയിലേതു പോലെ അന്തരീക്ഷമില്ല. പിടിച്ചുനിർത്താൻ ഒരു കാന്തികമണ്ഡലമില്ലാത്തതാണു പ്രശ്നം.

മാത്രവുമല്ല, അമ്പിളി അമ്മാവന്റെ ദേഹം നിറയെ പലതരം അടയാളങ്ങൾ കാണുന്നില്ലേ, അത് ഉല്‍ക്കകളും മറ്റും വന്നിടിച്ചുണ്ടായതാണ്. ഇങ്ങനെയൊക്കെ ആകെ പ്രശ്നമായിരിക്കുന്ന ചന്ദ്രനിൽ ഒരു വീടു വച്ചു താമസിക്കുകയെന്നു പറയുന്നത് ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. പക്ഷേ ശാസ്ത്രത്തിന് അതു സാധിക്കും. ഒരു കടലാസ് വീടാണ് അതിനായി തയാറാക്കിയതെന്നു പറയുമ്പോൾ ചിരിക്കരുത്. കടലാസ് കൊണ്ട് വിവിധ വസ്തുക്കൾ നിർമിക്കുന്ന ജാപ്പനീസ് ഒറിഗാമി രീതിയിൽ തയാറാക്കിയ വീടാണ് ചന്ദ്രനിലേക്കു പോകാനൊരുങ്ങുന്നത്. ഈ വർഷം അവസാനം അതു പരീക്ഷിക്കാനാണു തീരുമാനം.


ബഹിരാകാശത്ത് എവിടെ ചെന്നിറങ്ങിയാലും അവിടെ എളുപ്പം നിർമിക്കാനാകുന്ന ഒരു കെട്ടിടം– ആ സ്വപ്നവുമായി ഡാനിഷ് ആർക്കിടെക്ചർ കമ്പനിയായ ‘സാഗ’യാണ് ഈ ഒറിഗാമി വീടൊരുക്കിയത്. കടലാസ് പലതരത്തിൽ മടക്കിയുള്ള നിർമാണമാണ് ഒറിഗാമി. അത്തരത്തിൽ ഭാരം കുറച്ച്, എന്നാല്‍ കരുത്തുറ്റ നിർമാണമാണു ലക്ഷ്യം. പെട്ടെന്നു മടക്കിവച്ച് എടുത്തുമാറ്റാനും സാധിക്കും. റോക്കറ്റുകളിലും ഒതുക്കത്തോടെ വച്ച് ബഹിരാകാശത്തേക്കു കൊണ്ടുപോകാം. നിർമിക്കേണ്ട സ്ഥലത്തു കൊണ്ടുവയ്ക്കുമ്പോൾ ഇത്തിരിയേ വലുപ്പമുണ്ടാകൂ. പക്ഷേ മടക്കുകളെല്ലാം നിവർത്തി കൃത്യമായി കൂട്ടിച്ചേർത്താൽ സംഗതി വൻ വലുപ്പത്തിലേക്കു മാറും.

ലൂണാർക്ക് (Lunar എന്നാൽ ചന്ദ്രനുമായി ബന്ധപ്പെട്ടത്) എന്നു പേരിട്ടിരിക്കുന്ന ഈ കെട്ടിടത്തിൽ പഠിക്കാനും ഉറങ്ങാനുമെല്ലാം പ്രത്യേക സ്ഥലമുണ്ടാകും. ഒരേസമയം രണ്ടു പേര്‍ക്കു താമസിക്കാം. ബാറ്ററി ഊർജമാണ് ഉപയോഗിക്കുക. തൂണുകൾ പോലുള്ള സംവിധാനങ്ങളുണ്ടാക്കി അതിൽ കൃഷി ചെയ്യുന്ന വെർട്ടിക്കൽ ഫാം രീതിയും ലൂണാർക്കിലുണ്ടാകും. ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അതിൽ വിളയിച്ചെടുക്കാം. കൊടുംതണുപ്പിനെയും പ്രതിരോധിക്കുന്ന തരം സോളർ പാനലുകളാണ് കെട്ടിടത്തിനു പുറത്തു ചുറ്റിലുമുണ്ടാവുക. പ്രോട്ടോടൈപ് മാതൃകയ്ക്കായി ആകെ ഉപയോഗിച്ചതാകട്ടെ 328 അലൂമിനിയം പാനലുകളും.

ഭൂമിയിലെ രീതിക്കനുസരിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ നിറം മാറ്റുന്ന സംവിധാനവുമുണ്ട്, വെളിച്ചവും അതിനനുസരിച്ചാണ് ക്രമീകരിക്കുക. വീട് ചൊവ്വയിലോ ചന്ദ്രനിലോ ആയാലും വെളിച്ചത്തിന്റെ വിന്യാസമനുസരിച്ച് നമ്മൾ ഭൂമിയിൽത്തന്നെയാണോ താമസിക്കുന്നതെന്നു തോന്നിപ്പിക്കുമെന്നു ചുരുക്കം. കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്തിനു കേടുപാടുകൾ സംഭവിച്ചാൽ ആർടിഫിഷ്യൽ ഇന്റജിലന്‍സ് വഴി അക്കാര്യം കണ്ടെത്തി ത്രീ പ്രിന്റിങ്ങിലൂടെ ആ ഭാഗം പുനർനിർമിച്ച് സ്വയം അറ്റകുറ്റപ്പണി ചെയ്യുന്ന സംവിധാനവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ശരിക്കും ഒരു സയൻസ് ഫിക്‌ഷൻ സിനിമയിലേതു പോലുണ്ടല്ലേ? പക്ഷേ ‘സാഗ’യിലെ ഗവേഷകർ വരുന്ന സെപ്റ്റംബറിൽ വടക്കൻ ഗ്രീൻലൻഡിലെ കൊടുംതണുപ്പിൽ ഈ കെട്ടിടം പരീക്ഷിക്കാനൊരുങ്ങുകയാണ്. ചന്ദ്രനിലേതിന് ഏറ്റവും സമാനമായ അന്തരീക്ഷമുള്ള ഭൂമിയിലെ ഒരേയൊരു ഇടമായതിനാലാണ് ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും ഗവേഷകർ പറയുന്നു. കൊടുംതണുപ്പും കാറ്റുമെല്ലാം അതിജീവിച്ചാൽ വൈകാതെതന്നെ ചന്ദ്രനിലും ‘വീടുവയ്ക്കും’ ലൂണാർക്ക്.