വർഷങ്ങളുടെ പഴക്കം, എന്തിനാണു നിർമിച്ചത്?; കടലോരത്തെ ഉരുളൻ കല്ലിന്റെ ദുരൂഹത!
ഒറ്റ നോട്ടത്തിൽ അരിയുണ്ട പോലൊരു കല്ല്. പുഴയോരത്തും മറ്റും അത്തരം ഉരുളന്‍ കല്ലുകൾ ഒട്ടേറെ നമ്മൾ കണ്ടിട്ടുമുണ്ട്. പക്ഷേ യുഎസിലെ മാഡിസനിൽ അത്തരമൊരു കല്ല് കണ്ട ബോബ് കൈറിസ് എന്ന വ്യക്തിക്ക് അതിലെന്തോ പ്രത്യേകത തോന്നി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറിഞ്ഞത്, ആ കല്ല് സാധാരണ ഒന്നായിരുന്നില്ല. നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിനു വർഷം മുൻപ് മനുഷ്യൻ ഉപയോഗിച്ചിരുന്ന കല്ലായുധങ്ങളിലൊന്നായിരുന്നു.
ഡോക്ടറായ ബോബ് തന്റെ നായ്ക്കുട്ടിയുമൊത്ത് കടലോരത്തുകൂടെ നടക്കുമ്പോഴായിരുന്നു ഈ കല്ല് കണ്ണിൽപ്പെട്ടത്. പാറകൾക്കും കക്കകളുടെയും ശംഖിന്റെയുമെല്ലാം അവശിഷ്ടങ്ങൾക്കുമിടയിൽ മറഞ്ഞിരിക്കുകയായിരുന്നു അത്. കാഴ്ചയിൽ ഒരു കൗതുകമൊക്കെയുണ്ട്. അത്തരം പല പ്രാചീന കല്ലായുധങ്ങൾ കണ്ടിട്ടുമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ കൗതുക വസ്തുക്കൾ ബോബിന്റെ ശേഖരത്തിലുമുണ്ടായിരുന്നു. ഒരു ബേസ് ബോളിന്റെ വലുപ്പമുണ്ടായിരുന്നു കല്ലിന്. പ്രകൃതിദത്തമായി അത്രയേറെ ഉരുണ്ട കല്ലുകൾ രൂപപ്പെടാനും സാധ്യതയില്ല. അതിനെ ഉരുട്ടിയെടുത്തത് മനുഷ്യന്റെ കൈകളാലുള്ള കൊത്തുപണിയാണെന്നുതന്നെ ബോബ് ഉറപ്പിച്ചു. വലുപ്പത്തിലെ കൗതുകം കൂടിയായതോടെ കല്ലിന്റെ ചിത്രം പകർത്തി പുരാവസ്തു വകുപ്പിന് അയച്ചും കൊടുത്തു.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ മറുപടിയെത്തി– സംഗതി വെറുമൊരു കല്ലല്ല, ഏറെ ചരിത്ര പ്രാധാന്യമുണ്ട്. യുഎസിലെ കണക്ടിക്കട്ടിൽ ഉൾപ്പെടെ പലയിടത്തും ഇത്തരത്തിലുള്ള ഉരുളൻ കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലതിൽ കൊത്തുപണികളും കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഈ കല്ലുകൾ പല കാലഘട്ടത്തിൽനിന്നുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഇവ യഥാർഥത്തിൽ എന്തിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പലയിടത്തും ഇവ പല ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.
കാർബൺ ഡേറ്റിങ്ങിലൂടെയാണു പല കല്ലിന്റെയും പഴക്കം കണ്ടെത്തിയത്. പക്ഷേ ആ കാലഘട്ടത്തിൽ ഓരോ മേഖലയിലും പ്രാദേശികമായുണ്ടായിരുന്ന സംസ്കാരത്തെപ്പറ്റി ഇപ്പോഴും കാര്യമായ തെളിലൊന്നും ലഭിച്ചിട്ടില്ല. അതിനാൽത്തന്നെ വിവിധ സംസ്കാരങ്ങളുമായി ഇവയെ ബന്ധപ്പെടുത്താനും ഏറെ ബുദ്ധിമുട്ടാണ്. യൂറോപ്യന്മാർ വരും മുൻപ് യുഎസിലെ ന്യൂഇംഗ്ലണ്ട് എന്നറിയപ്പെടുന്ന മേഖലയിൽ ഇവ ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. യുഎസിന്റെ വടക്കുകിഴക്കൻ മേഖലയിലെ കണക്ടിക്കട്ട് ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ചേർന്നതാണ് ന്യൂഇംഗ്ലണ്ട് എന്നറിയപ്പെടുന്ന പ്രദേശം. ഇവിടങ്ങളിൽ ഒരു ഉപകരണമെന്ന നിലയിലായിരിക്കാം ഈ കല്ല് ഉപയോഗിച്ചിരുന്നത്. അതായത് വിവിധതരം വിത്തുകൾ തോടുപൊട്ടിച്ചെടുക്കാനോ മൃഗങ്ങളുടെ എല്ലുകൾ പൊട്ടിക്കാനോ തൂക്കം നോക്കാനോ ഒക്കെയായിരിക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബോർഡ് ഗെയിമിന്റെ കരുക്കളാകാം. അതുമല്ലെങ്കിൽ ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചത്! എന്തുതന്നെയാണെങ്കിലും ഉരുളൻ കല്ലിലെ ദുരൂഹത ഇന്നും തുടരുകയാണ്.