ഒരൊറ്റ ദിനോസര്‍, ഒട്ടേറെ ഉപകാരം; ഇവനാണ് ലെഡ്യൂമഹാഡി മഫൂബെ

ലെഡ്യൂമഹാഡി മഫൂബെ- ഇതെന്തു പേരാണല്ലേ! പക്ഷേ ഈ പേരാണ് ഇപ്പോൾ ജന്തുശാസ്ത്രലോകത്തെ ചർച്ചാവിഷയം. ദിനോസറുകൾക്കിടയിലെ വേറിട്ട താരമെന്നൊക്കെ വിളിക്കാം കക്ഷിയെ. പേരുപോലെത്തന്നെ ഈ ദിനോസറും ആളിത്തിരി ‘കടുകട്ടി’യാണ്. ഒരു കാലത്തു ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വമ്പൻ ദിനോസറുകളിലൊന്നാണ് ഗവേഷകർ എൽ. മഫൂബെ എന്നു സ്നേഹത്തോടെ വിളിക്കുന്ന ലെഡ്യൂമഹാഡി മഫൂബെ. ഒന്നും രണ്ടുമല്ല, ഭൂമിയിൽ ഏകദേശം 20 കോടി വർഷം മുന്‍പാണ് ഈ ദിനോസർ ഭീമന്മാർ ജീവിച്ചിരുന്നത്. അന്നത്തെക്കാലത്ത് ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ദിനോസറും ഇതു തന്നെയായിരുന്നു.

പടുകൂറ്റൻ ദിനോസറുകൾ ഉൾപ്പെട്ടിരുന്ന സോറോപോഡ് എന്ന വിഭാഗത്തിലായിരുന്നു എൽ. മഫൂബെയുടെയും സ്ഥാനം. എന്തുകൊണ്ടാണ് ഇത്തരമൊരു പേര് ദിനോസറിനിട്ടിരിക്കുന്നത്? സസൂത്തൊ ഭാഷയിലാണ് ഈ പേര്. ദക്ഷിണാഫ്രിക്കയിൽ പ്രചാരത്തിലിരിക്കുന്ന 11 ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് സസൂത്തോ. ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയ ലെസോത്തോ എന്ന പ്രദേശത്തും പ്രചാരത്തിലുള്ളത് ഈ ഭാഷയാണ്. എന്നാൽപ്പിന്നെ പേരും അതേ ഭാഷയിലാകട്ടേയെന്നു ഗവേഷകരും തീരുമാനിച്ചു. ‘പ്രഭാതത്തിൽ പെട്ടെന്നുണ്ടായ കൂറ്റൻ ഇടിവെട്ട്’ എന്നാണ് സസൂത്തോ ഭാഷയിൽ ലെഡ്യൂമഹാഡി മഫൂബെയുടെ അർഥം.

ഇത്തരമൊരു ‘ഇടിവെട്ടു’ പേരിനു പിന്നിലുമുണ്ടൊരു കാരണം. ഈ ദിനോസറിന്റെ അസാധാരണ വലുപ്പം തന്നെ. ഇന്നു കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആഫ്രിക്കൻ ആന. അതിന്റെ രണ്ടിരട്ടി വലുപ്പമുണ്ടായിരുന്നു എൽ. മഫൂബെയ്ക്ക്. ഭാരമാകട്ടെ ഏകദേശം 11,700 കിലോഗ്രാം വരും. ഉയരം 13 അടി, നീളം 49 അടി. ആകെമൊത്തം ഒരൊന്നൊന്നര ഭീമൻ ദിനോസറായിരുന്നു എൽ.മഫൂബെ. 1980കളിലാണ് ഇതിന്റെ ആദ്യത്തെ ഫോസിലുകൾ ഗവേഷകർക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നു ലഭിക്കുന്നത്. അന്നു മുതൽ ഗവേഷകർ ഈ സ്ഥലം അരിച്ചുപെറുക്കുന്നു.അതിനിടെയാണ് ഇവയുടെ കാലുകളുടെ ഫോസിലുകൾ ലഭിക്കുന്നത്. അതോടെ ഒരു കാര്യം ഉറപ്പായി. എൽ. മഫൂബെ ചില്ലറക്കാരനല്ല.

കാലുകളുടെ ദൃഢതയാണ് ഗവേഷകരെ അമ്പരപ്പിച്ചത്. വലുപ്പത്തിന്റെ കാര്യത്തിൽ സോറോപോഡ് വിഭാഗത്തിലെ മറ്റേതൊരു ദിനോസറിനെപ്പോലെത്തന്നെയായിരുന്നു എൽ.മഫൂബെയും. എന്നാൽ മറ്റു ദിനോസറുകളുടെയെല്ലാം കാലുകൾ പൊതുവേ മൃദുവായിരുന്നു. അതിൽ നിന്നു വ്യത്യസ്തമായി, ദൃഢമാണ് എൽ.മഫൂബെയുടെ കാലുകൾ. സോറോപോഡുകളിൽ നിന്നു കാര്യമായ മറ്റു വ്യത്യാസങ്ങളൊന്നും ഇവയ്ക്കുണ്ടായിരുന്നതുമില്ല. ഇരകൂട്ടർക്കും നീളന്‍ കഴുത്തും വാലുമുണ്ടായിരുന്നു. സസ്യഭുക്കുകളുമായിരുന്നു.

അർജന്റീനയിൽ 20 കോടി വർഷം മുൻപുണ്ടായിരുന്ന ഭീമൻ ദിനോസറുകളുമായി ഏറെ സാമ്യമുണ്ടായിരുന്നു എൽ.മഫൂബെയ്ക്ക്. അതിനാൽത്തന്നെ ഇവ ഒരുമിച്ചു ജീവിച്ചിരുന്നതാണെന്നും കരുതപ്പെടുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെത്താൻ ഇന്ന് 8083 കിലോമീറ്റർ ദൂരം താണ്ടണം. ഈ വലിയ ശരീരവും വച്ച് ഇവ ഇത്രയും ദൂരം കടക്കില്ലെന്നത് ഇറപ്പ്. ഈ സാഹചര്യത്തിലാണ് എൽ.മഫൂബെ ഭൗമശാസ്ത്രജ്ഞർക്കും സഹായകരമാകുന്നത്.

കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ‘പാൻജിയ’ എന്ന വൻകരയുടെ ഭാഗമായിരുന്നു ഇന്നത്തെ ദക്ഷിണാഫ്രിക്കയും അർജന്റീനയുമൊക്കെയെന്നാണു കരുതുന്നത്. ഇതു പിന്നീട് പലതായി പിളർന്നു മാറിയതാണ്. എന്തായാലും എൽ.മഫൂബെയുള്ള കാലത്ത് പാൻജിയ ഉണ്ടായിരുന്നെന്നതിന്റെ സൂചനയും ഇതോടെ ലഭിച്ചു. അതായത്, 20 കോടി വർഷം മുൻപ്. ഇത്തരം കിടിലം കണ്ടെത്തലുകൾക്കെല്ലാം ഒറ്റയടിക്കു ഗവേഷകരെ ‘സഹായിച്ച’ സ്ഥിതിക്ക് എൽ.മഫൂബെയ്ക്കൊരു ഇടിവെട്ടു പേരുകൊടുത്തില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ! ഈ കണ്ടെത്തലിന്റെ കൂടുതൽ വിശേഷങ്ങൾ ‘കറന്റ് ബയോളജി’ എന്ന ജേണലിലുണ്ട്.

ആകാശത്തേക്കു ‘പറക്കുന്ന’ വെള്ളച്ചാട്ടം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ...