ശരീരം പന്തുപോലെ ഒതുക്കി കുതിക്കുന്ന ജോൺസൺ!
ബാസ്ക്കറ്റ്ബോൾ കോർട്ടിലെ മാന്ത്രിക പ്രകടനങ്ങൾകൊണ്ടു ‘മാജിക്’ എന്ന പദം പേരിനൊപ്പം ചാർത്തപ്പെട്ട താരമാണ് അമേരിക്കയുടെ ഇർവിൻ ‘മാജിക്’ ജോൺസൺ ജൂനിയർ. സ്കൂൾ– കോളജ് തലങ്ങളിൽത്തന്നെ മികച്ച ബാസ്ക്കറ്റ്ബോൾ താരമായ ജോൺസൻ, ഇരുപത് വയസു തികയുംമുൻപെ ലൊസാഞ്ചൽസ് ലേക്കേഴ്സിലൂടെ എൻബിഎയിലെത്തി. തന്റെ ആദ്യ സീസണിൽത്തന്നെ (1980) ടീമിനെ ചാംപ്യനാക്കി, ഒപ്പം ടൂർണമെന്റിലെ മൂല്യമേറിയ താരവുമായി. പിന്നീട് നാലു തവണ കൂടി (1982, 85, 87, 88) ലേക്കേഴ്സിനെ എൻബിഎ ജേതാക്കളാക്കി. രണ്ടു തവണ കൂടി മൂല്യമേറിയ താരമായി (1982, 87). പോയിന്റ് ഗാർഡ് പൊസിഷനിൽ കളിച്ച അദ്ദേഹം തന്റെ 32–ാം നമ്പർ ജഴ്സിയെയും അനശ്വരമാക്കി. എൻബിഎയുടെ ചരിത്രത്തിലെ 50 മികച്ച താരങ്ങളിൽ ഒരാളായി 1996ൽ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണയാണ് അദ്ദേഹം ബാസ്ക്കറ്റ്ബോൾ ഹോൾ ഓഫ് ഫെയിമിൽ അംഗത്വം നേടിയത്.
ബാസ്ക്കറ്റ്ബോൾ ഇതിഹാസമായിരുന്ന കരീം അബ്‌ദുൽ ജാബറിനു പരുക്കേറ്റപ്പോൾ പകരമിറങ്ങിയ കളിക്കാരനാണ് ജോൺസൺ. ആറ് അടി ഒൻപത് ഇഞ്ച് ഉയരമുള്ള ജോൺസൺ 1959 ഓഗസ്റ്റ് 14ന് മിഷിഗണിലാണു ജനിച്ചത്. ഒരു കാലത്ത് ലേക്കേഴ്‌സിന്റെ ഭാഗ്യജോടികളായിരുന്നു കരീം–ജോൺസൺ സഖ്യം. പരസ്പരധാരണയോടെ ഇരുവരും കളിച്ചപ്പോൾ ടീമിനു നേട്ടം കൊയ്യാനായി. കോർട്ടിൽ മാസ്മരിക വേഗതയുടെ പ്രതീകമായിരുന്നു ജോൺസൺ. ഒരു പ്രാദേശിക പത്രപ്രവർത്തകനാണു പേരിനൊപ്പം മാജിക് എന്നു ചേർത്തത്. ശരീരം പന്തുപോലെ ഒതുക്കി കുതിക്കുന്ന ജോൺസൺ എല്ലാവരെയും അദ്ഭുതപ്പെടുത്തി.
കരിയറിലുടനീളം 17,707 പോയിന്റുകൾ നേടിയ ജോൺസൺ 1979 മുതൽ 91വരെ ലേക്കേഴ്സിനൊപ്പം കളിച്ചു. 1991ൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 1992ൽ കളിക്കളത്തിൽ തിരികെയെത്തി 1992 ബാർസിലോന ഒളിംപിക്‌സിൽ സ്വർണം നേടി ചരിത്രമായി മാറിയ അമേരിക്കൻ സ്വപ്ന ടീമിനെ സുവർണ നേട്ടത്തിലെത്തിച്ചു തിരിച്ചുവരവു ആഘോഷിച്ചു. താമസിയാതെ ‘വീണ്ടും’ വിരമിച്ചു. 1996ൽ ഒരിക്കൽക്കൂടി ലേക്കേഴ്സിനൊപ്പം ചേർന്നെങ്കിലും വിരമിച്ചു. ഇതിനിടെ 1994ൽ ലേക്കേഴ്സിന്റെ പരിശീലകനുമായി. നിലവിൽ ലേക്കേഴ്സിന്റെ ബാസ്ക്കറ്റ്ബോൾ ഓപ്പറേഷൻസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.