ഒരു കാന്തിക ചിതൽപ്പുറ്റിൽ ഇത്രയും ചിതലുകളോ?
വി.ആർ. വിനയരാജ്
ഭൂമിയുടെ കാന്തികധ്രുവങ്ങൾക്കുനേരെ നോക്കിനിൽക്കുന്നതുപോലെ തെക്കുവടക്കു ദിശയിൽ പുറ്റുകൾ ഉണ്ടാക്കുന്ന ഒരുതരം ചിതലുകൾ ഉണ്ട് ഓസ്ട്രേലിയയിൽ. അതിനാൽ അവയെ കാന്തികച്ചിതലുകൾ (Magnetic Termite) എന്നാണ് വിളിക്കുന്നത്. ഇത്തരം വലിയൊരു ചിതൽപ്പുറ്റിൽ പത്തുലക്ഷം അംഗങ്ങൾവരെ ഉണ്ടാവും. രാജ്ഞിയും രാജാവും തൊഴിലാളികളും സൈനികരുമെല്ലാമുള്ള ഒരു കോളനിയാവും ഒരു പുറ്റിൽ ഉണ്ടാവുക. നല്ല കട്ടിയാണ് ഈ വീടുകളുടെ പുറംതോടിനുള്ളത്. എന്നാൽ ഉള്ളിലെ വേർതിരിക്കുന്ന പ്രതലങ്ങൾ താരതമ്യേന കട്ടികുറഞ്ഞവയാണ്. ആർച്ചുകളും പാലങ്ങളും തുരങ്കങ്ങളും ചിമ്മിനിയുമെല്ലാമുള്ള ഈ മൺകൊട്ടാരങ്ങൾ വളരെ ശാസ്ത്രീയമായി നിർമിച്ചിരിക്കുന്നവയാണ്. ഈ കൂട്ടിലെ പല ചിതലുകൾക്കും ജീവിതത്തിൽ ഒരിക്കലും ഈ പുറ്റുവിട്ടു പോകേണ്ടിവരാറില്ല, അതിനാൽത്തന്നെ അവയുടെ പുറംതൊലികൾ നേർത്തതും വിളറിയതും ആയിരിക്കും. കാഴ്‌ചശക്തി തീരെക്കുറഞ്ഞ ഇവയ്ക്കു സ്വയം രക്ഷിക്കാനും കഴിവില്ല.
തെക്കും വടക്കും
രണ്ടു സ്പീഷിസ് കാന്തികച്ചിതലുകൾ ആണുള്ളത്. Amitermes laurensis എന്നയിനം ക്വീൻസ്‌ലാൻഡിനു വടക്കോട്ടുള്ള പ്രദേശങ്ങളില്‍ മാത്രമെ ഇങ്ങനെ പരന്ന പുറ്റുകൾ ഉണ്ടാക്കാറുള്ളൂ. ഇവിടന്നു തെക്കോട്ടുള്ള പ്രദേശത്ത് ഇവയുണ്ടാക്കുന്ന കൂടുകൾ ലളിതമായ സ്തൂപിക പോലെയാണ്. പൊതുവെ കാന്തികച്ചിതലുകൾ എന്നറിയപ്പെടുന്നതു രണ്ടാമത്തെ സ്പീഷിസായ Amitermes meridionalis ആണ്.
എന്തുകൊണ്ട് ഇങ്ങനെ..?
തെക്കുവടക്കു ദിശയിലേക്കു തിരിഞ്ഞിരിക്കുന്ന ഈ കൂടുകൾ പലകകൾ നിരത്തി കുത്തിനിർത്തിയിരിക്കുന്നതു പോലെ തോന്നും. നാലുമീറ്ററോളം ഉയരത്തിൽ കാണപ്പെടുന്ന ഇവയുടെ ഈ സവിശേഷ ആകൃതിക്കു കൃത്യമായ കാരണങ്ങൾ അറിയില്ല. എന്നാൽ രാവിലെയും വൈകുന്നേരവും അന്തരീക്ഷം തണുത്തിരിക്കുമ്പോൾ നന്നായി സൂര്യപ്രകാശം പരന്ന പ്രതലങ്ങളിൽ ലഭിക്കാൻ ഈ നിൽപ് സഹായിക്കുന്നുണ്ടെന്നു കരുതുന്നു. പരന്ന രൂപമായതിനാൽ ഉച്ചയ്ക്കു വെയിൽ കുറച്ചുമാത്രം പതിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. രാവിലെ ചിതലുകൾ പുറ്റിനുള്ളിൽ പടിഞ്ഞാറുവശത്തു കേന്ദ്രീകരിച്ചിക്കും. വൈകുന്നേരങ്ങളിൽ ഇവ കൂടുതലും കിഴക്കുഭാഗത്താവും ഉണ്ടാവുക. ഉയർന്ന ആർദ്രതയും താരതമ്യേന സ്ഥിരമായ താപവുമായിരിക്കും കൂടിന്റെ അകത്ത്.
പരീക്ഷണാർഥം പുറ്റിനെ കിഴക്കുപടിഞ്ഞാറു ദിശയിലേക്കു തിരിച്ചുവച്ചപ്പോൾ ഉള്ളിലെ താപം ആറു ഡിഗ്രി വരെ ഉയർന്നതായി കാണപ്പെട്ടു. വെള്ളപ്പൊക്കമുണ്ടാകുന്ന കാലത്തു കോളനിക്കുള്ളിൽ സുരക്ഷിതമായി താമസിച്ചുകൊണ്ട്, സംഭരിച്ചുവച്ചിരിക്കുന്ന ഭക്ഷണമുപയോഗിച്ചു കഴിഞ്ഞുകൂടുന്നു. വെള്ളമിറങ്ങുമ്പോൾ പുറത്തുനിന്നു ഭക്ഷണം കൊണ്ടുവന്നു പുറ്റിനുള്ളിൽ സൂക്ഷിച്ചുക്കും. പ്രധാനമായും ഉണങ്ങിയ പുല്ലാണ് ഭക്ഷണം. ജോലിക്കാർ രാത്രിയിൽ ശേഖരിക്കുന്ന പുല്ല് ചെറുകഷണങ്ങളാക്കി മുറിച്ച് വലിയഅളവിൽ പുറ്റിന്റെ അറകളിൽ സൂക്ഷിക്കും. എന്തായാലും വലിയ പ്രദേശങ്ങൾ മുഴുവൻ സമാന്തരമായി കുത്തിനിർത്തിയ ഫലകങ്ങൾ പോലുള്ള ഈ ചിതൽപ്പുറ്റുകൾ കാണുന്നവർക്ക് അദ്ഭുതം പകർന്നുകൊണ്ട് ഓസ്ട്രേലിയയില്‍ നിലനിൽക്കുന്നു.