ആറ്റം ബോംബിന്റെ 75 വർഷങ്ങൾ, നടുക്കത്തിന്റെയും, main jubilees, science Padhippura, Manorama Online

ആറ്റം ബോംബിന്റെ 75 വർഷങ്ങൾ, നടുക്കത്തിന്റെയും

തയാറാക്കിയത്: സീമ ശ്രീലയം

പുതിയ ദ്രവ്യാവസ്ഥകളുടെ വിസ്മയ ലോകത്തേക്കുള്ള വാതിൽ തുറന്ന്, പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബോസ് ഐൻസ്റ്റൈൻ കണ്ടൻസേറ്റ് ആദ്യമായി പരീക്ഷണശാലയിൽ സൃഷ്ടിക്കപ്പെട്ടിട്ട് 25 വർഷം തികയുകയാണ്. 1995ൽ എറിക് കോർണെൽ, കാൾ വീമാൻ എന്നീ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് കൊളറാഡോ സർവകലാശാലയിൽ ഈ ദ്രവ്യരൂപത്തെ സൃഷ്ടിച്ചത്. എന്നാൽ ഇതിനും 70 വർഷം മുൻപ് ആൽബർട്ട് ഐൻസ്റ്റൈനും ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസും ചേർന്ന് ഈ ദ്രവ്യരൂപത്തിന്റെ സാധ്യത പ്രവചിച്ചിരുന്നു.

ആറ്റം ബോംബിന്റെ 75 വർഷങ്ങൾ, നടുക്കത്തിന്റെയും
ആദ്യ ആണവ ബോംബ് നിർമാണത്തിനുളള മൻഹാറ്റൻ പ്രോജക്ട് വിജയിച്ചതിനെത്തുടർന്ന് ട്രിനിറ്റി ടെസ്റ്റ് എന്നു വിളിക്കപ്പെട്ട ആദ്യ ആണവായുധ പരീക്ഷണം ന്യൂമെക്സിക്കോയിലെ മരുഭൂമിയിൽ നടത്തിയതിന്റെ 75-ാം വാർഷികമാണിത്. തുടർന്ന് മനുഷ്യ മനഃസാക്ഷിയെ നടുക്കിക്കൊണ്ട് 1945 ഓഗസ്റ്റ് 6ന് അമേരിക്ക ഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്ന യുറേനിയം ബോംബും ഓഗസ്റ്റ് 9ന് നാഗസാക്കിയിൽ ഫാറ്റ് മാൻ എന്ന പ്ലൂട്ടോണിയം ബോംബും വർഷിച്ചു.

എക്സ്-റേയ്ക്ക് 125
1895ൽ ഒരു ഡിസ്ചാർജ് ട്യൂബിൽ താഴ്ന്ന മർദത്തിൽ നിറച്ച വാതകത്തിലൂടെ വൈദ്യുതി കടത്തിവിട്ടുകൊണ്ട് കാഥോഡ് കിരണങ്ങളുടെ സവിശേഷതകൾ പഠിക്കുന്നതിനിടെയാണ് പദാർഥങ്ങളിലൂടെ തുളച്ചു കയറാൻ കഴിവുള്ള അജ്ഞാത കിരണങ്ങളുടെ സാന്നിധ്യം വില്യം കോൺറാഡ് റോൺജൻ ശ്രദ്ധിച്ചത്. അദ്ദേഹം അതിനെ എക്സ് റേ എന്നു വിളിച്ചു. വൈദ്യശാസ്ത്രത്തിൽ മാത്രമല്ല, മറ്റു ശാസ്ത്രശാഖകളിലും വിസ്മയങ്ങൾ വിരിയിച്ച ആ കണ്ടുപിടിത്തത്തിന്റെ 125-ാം വാർഷികമാണിത്. 1901ൽ ആദ്യ ഊർജതന്ത്ര നൊബേൽ സമ്മാനം റോൺജനെ തേടിയെത്തുകയും ചെയ്തു.

ഓർക്കണം റോസലിൻഡ് ഫ്രാങ്ക്ലിനെ 100
ഡിഎൻഎയുടെ ഇരട്ടപ്പിരിയൻ ഗോവണി ഘടന കണ്ടെത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ റോസലിൻഡ് ഫ്രാങ്ക്ലിൻ എന്ന ശാസ്ത്രജ്ഞയുടെ ജന്മശതാബ്ദി വർഷമാണിത്. ലണ്ടനിലെ കിങ്സ് കോളജ് ലാബിൽ എക്സ് റേ ക്രിസ്റ്റലോഗ്രഫി സങ്കേതത്തിലൂടെ റോസലിൻഡ് പകർത്തിയ ഫോട്ടോ-51 എന്ന ഡിഎൻഎ ചിത്രം മോറിസ് വിൽക്കിൻസ് എന്ന ശാസ്ത്രജ്ഞൻ ഡിഎൻഎ ഘടനാ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ജയിംസ് വാട്സണെയും ഫ്രാൻസിസ് ക്രിക്കിനെയും രഹസ്യമായി കാണിച്ചു. ഡിഎൻഎയുടെ അന്തിമ ഘടന ഉറപ്പിക്കുന്നതിൽ ഇത് ഏറെ നിർണായകമായി. പക്ഷേ, 1953ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ റോസലിൻഡിന്റെ പേരു പരാമർശിക്കാൻ പോലും അവർ തയാറായില്ല. 1962ൽ വിൽക്കിൻസ്, വാട്സൺ, ക്രിക്ക് എന്നിവർക്ക് വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചപ്പോൾ അത് റോസലിൻഡിനു കൂടി അർഹതപ്പെട്ടതാണെന്ന് പല ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിനു മുൻപേ 1958ൽ 37–ാം വയസ്സിൽ അർബുദം അവരുടെ ജീവൻ കവർന്നു.

ഈഴ്സ്റ്റഡിന്റെ പരീക്ഷണത്തിന് 200
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സുപ്രധാന പരീക്ഷണം നടന്നതിന്റെ ഇരുനൂറാം വാർഷികം കടന്നു വരുന്നതും ഈ വർഷം തന്നെ. കോപ്പൻഹേഗൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനായിരുന്ന ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് വൈദ്യുതി കടന്നുപോകുന്ന ഒരു ചാലകത്തിനു സമീപം വച്ചിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശമുണ്ടാവുമെന്നു തെളിയിച്ചത് 1820ൽ ആയിരുന്നു.

പ്രപഞ്ച സംവാദത്തിന് 100
പ്രപഞ്ച വലുപ്പത്തെയും ഗാലക്സികളെയും സംബന്ധിച്ച ഒരു മഹാ സംവാദത്തിന്റെ നൂറാം വാർഷികം കൂടി കടന്നുവരുന്നുണ്ട് 2020ൽ. ജ്യോതിശ്ശാസ്ത്രജ്ഞരായ ഹാലോ ഷേപ്‌ലിയും ഹെബർ കർട്ടിസും തമ്മിൽ 1920 ഏപ്രിൽ 26-ന് വാഷിങ്ടനിലെ സ്മിത്‌സോണിയൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിൽ നടന്ന സംവാദത്തിൽ ഈ പ്രപഞ്ചം എന്നാൽ സ്പൈറൽ ആകൃതിയുള്ള ക്ഷീരപഥ ഗാലക്സി ആണെന്ന് ഷേപ്‌ലിയും പ്രപഞ്ചത്തിൽ അനേകം ഗാലക്സികളുണ്ടെന്ന് കർട്ടിസും സമർഥിച്ചു. ഇതിൽ കർട്ടിസിന്റെ വാദമായിരുന്നു ശരിയെന്ന് 1924ൽ എഡ്വിൻ ഹബ്ൾ തെളിയിച്ചു.

പെയ്‌ൽ ബ്ലൂ ഡോട്ടിന് 30
1977ൽ ഫ്ലോറിഡയിലെ കേപ്കനാവറിൽ നിന്ന് യാത്ര തുടങ്ങിയ വൊയേജർ-1 പേടകം, 1990 ഫെബ്രുവരി 14ന് ഭൂമിയിൽ നിന്ന് ഏതാണ്ട് 600 കോടി കിലോമീറ്റർ അകലെ നിന്നുഎടുത്ത സൗരയൂഥ കുടുംബത്തിന്റെ ഫോട്ടോയിൽ മങ്ങിയ ഇത്തിരിക്കുഞ്ഞു നീലപ്പൊട്ടു പോലെയാണ് ഭൂമി കാണപ്പെടുന്നത്. പ്രപഞ്ച വിശാലതയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്ന ഈ ഫോട്ടോയിലെ ഭൂമിയെ പെയിൽ ബ്ലൂ ഡോട്ട് എന്നാണ് അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ വിശേഷിപ്പിച്ചത്.