മലബാറിലെ തൊപ്പിയിട്ട പക്ഷി, കൊമ്പൻ വാനമ്പാടി
ഡോ. അബ്ദുല്ല പാലേരി
മധുരമായി കരയുകയും പാടുകയും ചെയ്യുന്ന ഒരു പക്ഷിയാണ് കൊമ്പൻ വാനമ്പാടി (Malabar Lark). കരയുമ്പോഴും പാടുമ്പോഴും ചിറകുകളും വാലും പതുക്കെ ഇളക്കിക്കൊണ്ടിരിക്കും. ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള തെക്കു പടിഞ്ഞാറൻ മേഖലകളാണ് ഇതിന്റെ ആവാസം. ഇന്ത്യയിൽ മറ്റിടങ്ങളിലോ ഇന്ത്യയ്ക്കു പുറത്തോ ഇതിനെ സാധാരണ കാണാറില്ല. കേരളത്തിൽ മിക്കയിടങ്ങളിലും കാണാം. പക്ഷേ, തെക്കൻ കേരളത്തിൽ എണ്ണം വളരെ കുറവാണ്.
പുല്ലു നിറഞ്ഞ ചെങ്കൽ കുന്നുകളാണ് ഇഷ്ടപ്പെട്ട വാസസ്ഥലം. എങ്കിലും പാടങ്ങളിലും സമതലങ്ങളിലും ഇതിനെ കാണാറുണ്ട്. പൊതുവേ ചെറുകൂട്ടമായിട്ടാണ് സഞ്ചാരം. മലബാറിലെ തൊപ്പിയിട്ട പക്ഷി എന്നാണ് ഇതിന്റെ ശാസ്ത്ര നാമത്തിന്റെ അർഥം. പുഴുക്കളും ചെറുപ്രാണികളും ധാന്യങ്ങളുമാണ് ആഹാരം. വാസസ്ഥലത്തിന്റെ പല ഭാഗങ്ങളിലേക്കും അലക്ഷ്യമായി പറന്നു നടക്കുന്നത് കാണാം.
വർഷത്തിൽ കനത്ത മഴക്കാലത്ത് ഒഴികെ മിക്കസമയത്തും കൂട് കൂട്ടാറുണ്ട്. പാറകൾക്കടിയിലും പുൽമേടുകളിലെ ചെറു കുഴികളിലും ഇതു കൂടുണ്ടാക്കും. ഉണങ്ങിയ പുല്ലുകളും ഇലകളും ചാണകത്തിന്റെ അവശിഷ്ടങ്ങളും ചേർത്താണു കൂടു നിർമാണം. കൂട്ടിനകത്ത് നനുത്ത പുല്ലുകൾ വിരിച്ചിരിക്കും. ഒരു കൂട്ടിൽ രണ്ടോ മൂന്നോ മുട്ടയിടും. മുട്ടയ്ക്ക് മങ്ങിയ നിറമാണ്. മുട്ടയിൽ തവിട്ടു പുള്ളികൾ കാണാം. ആൺപക്ഷിയും പെൺപക്ഷിയും അടയിരിക്കും. മുട്ട വിരിയാൻ ഏതാണ്ട് രണ്ടാഴ്ച എടുക്കും. കന്നുകാലികൾ പുൽമേടുകളിൽ മേഞ്ഞുനടക്കുമ്പോൾ കാലിനടിയിൽ പെട്ട് ഇതിന്റെ കൂട് നശിച്ചു പോകാറുണ്ട്.
Malabar Lark, ശാസ്ത്ര നാമം : Galerida malabarica, കുടുംബം : Alaudidae
Summary : Malabar Lark