ലോകത്തേറ്റവും വിഷമുള്ള സസ്യം!

വി.ആർ. വിനയരാജ്

ഏറ്റവും അപകടകാരിയായ മരമായി ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തിരിക്കുന്നത് കരീബിയയിലും അമേരിക്കയിലും കാണുന്ന മഞ്ചിനീൽ എന്ന മരമാണ്. വൃക്ഷങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന ഈ മരം മുഴുവൻ വിഷമാണ്. ഇതിലടങ്ങിയിരിക്കുന്ന പല വിഷങ്ങളേയും ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇതിൽനിന്ന് വരുന്ന വെളുത്ത പാലുപോലുള്ള ദ്രാവകം അലർജിക്കും ചൊറിച്ചിലിനും കാരണമാകുന്നു. മഴയത്ത് ഈ മരത്തിന്റെ ഒരുതുള്ളി പാൽ ദേഹത്തുവീണാൽ പോലും തൊലി തടിച്ചുവീർക്കും. കാറിന്റെ പെയിന്റിനെപ്പോലും ദ്രവിപ്പിക്കാൻ ശേഷിയുണ്ട് ഇതിന്റെ പാലിന്. ഇനി മരമെങ്ങാൻ കത്തിച്ചാൽ ഉണ്ടാകുന്ന പുക കണ്ണിലെത്തിയാൽ പ്രശ്നമാണ്. കായ തിന്നാൽ മരണം. ഇവ നിൽക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ പലയിടത്തും മരത്തിൽ അടയാളങ്ങൾ ഇട്ടുവയ്ക്കാറുണ്ട്. കറുത്ത നട്ടെല്ലുള്ള ഒരിനം ഇഗ്വാനകൾ ഇവയുടെ പഴങ്ങൾ തിന്നുകയും മരത്തിൽ താമസിക്കുകയും ചെയ്യാറുണ്ട്.

വിഷം, ഔഷധം
ഏതൊരു പദാർഥത്തിന്റെയും വിഷശക്തി എന്നത് പ്രധാനമായും അതിന്റെ അളവിനെ അനുസരിച്ചായിരിക്കും, സസ്യജന്യ വിഷങ്ങൾക്കും ഇത് ബാധകമാണ്. ആത്മരക്ഷയ്ക്കായി ചെടികൾ ഉണ്ടാക്കുന്ന വിഷപദാർഥങ്ങളെല്ലാം തന്നെ പല രോഗാവസ്ഥകളെയും ചികിൽസിക്കാനായി മനുഷ്യർ ആശ്രയിക്കുന്നു.

ലക്ഷ്യം പ്രതിരോധം
ഉപദ്രവിക്കാൻ വരുന്ന ജീവികളെ തുരത്താൻ ചെടികൾ പ്രയോഗിക്കുന്ന ഉപായമാണു ശരീരത്തിലെ വിഷം. സസ്യപരിണാമത്തിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങളിൽ ഏറ്റവും വിജയകരമായ രീതിയാണ് രാസവസ്തുക്കൾ ഉൽപാദിപ്പിച്ചു ശത്രുക്കളെ അകറ്റിനിർത്തുക എന്നത്. പരിണാമത്തിൽ ആദ്യം രൂപംകൊണ്ടതു തൊലിപ്പുറത്തെ ടാനിൻ ആണ്. ആക്രമിക്കുന്ന പ്രാണികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവയെ അകറ്റാൻ ചെറിയ അസ്വസ്ഥത മുതൽ ദഹനക്കേട് തുടങ്ങി മരണംവരെ ഉണ്ടാവാൻ ഹേതുവായ രാസവസ്തുക്കൾ ഉപയോഗിക്കുകയാണ് സസ്യങ്ങൾ ചെയ്യുന്നത്.

അലോമോണും കൈറോമോണും
സ്വന്തം ശരീരത്തിന് ഒരു ദോഷവും ഉണ്ടാവാതെ ശത്രുവിന് ഉപദ്രവമുണ്ടാക്കാൻ സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കളാണ് അലോമോൺ. പ്രധാനമായും പ്രാണികളെയാണ് ഇവ ദോഷകരമായി ബാധിക്കുന്നത്. എന്നാൽ ഈ യുദ്ധതന്ത്രത്തെ നേരിടാൻ പ്രാണികൾ വേറെചില രാസപദാർഥങ്ങൾ ഉണ്ടാക്കുന്നു. ഇവയാണ് കൈറോമോൺ എന്നറിയപ്പെടുന്നത്. ഇതാവട്ടെ അലോമോൺ പുറപ്പെടുവിക്കുന്ന സസ്യങ്ങൾക്കു ഭീഷണിയാണ്. ചിലപ്പോൾ അലോമോണുകൾ കാരണം ചെടികൾക്കും കിട്ടും എട്ടിന്റെ പണി. അലോമോണുകൾ മണത്തറിയുന്ന പ്രാണികൾ ചെടിയുടെ സാന്നിധ്യം മനസ്സിലാക്കി കൂടുതൽ കൂട്ടുകാരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നു.