അമ്പരപ്പിക്കുന്ന വിഡിയോ; ഇതാ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കാക്ക!

നവീൻ മോഹൻ

കുടത്തിൽ കല്ലുകൾ ഓരോന്നായിട്ട് അതിലെ വെള്ളം കുടിച്ച കാക്കയുടെ കഥ കേട്ടിട്ടില്ലേ? പിന്നെയും കുറേക്കാലം കഴിഞ്ഞപ്പോൾ കുടത്തിലെ വെള്ളം സ്ട്രോയിട്ടു കുടിച്ച കാക്കയുടെ കഥയെത്തി. ഇപ്പോഴിതാ അമേരിക്കയിൽ നിന്ന് ഒരു ‘ഹൈടെക്’ കാക്കയും! മനുഷ്യരെപ്പോലെത്തന്നെ സ്വന്തം ആവശ്യത്തിനനുസരിച്ച് ഓരോ തരം ഉപകരണങ്ങളുണ്ടാക്കുന്ന കാക്കയാണിത്–പേര് ‘മാംഗോ’. ഓക്സ്ഫഡ് സർവകലാശാലയിലാണ് മാങ്ങയുടെ പേരിലുള്ള ഈ കാക്കയെ വളർത്തുന്നത്. മാംഗോയ്ക്കൊപ്പം പിന്നെയുമുണ്ട് ഏഴു കൂട്ടുകാർ. പലതരം പരീക്ഷണങ്ങൾക്കു വേണ്ടിയാണ് ഇവയെ ഗവേഷകർ വളർത്തുന്നത്.

ഫ്രാൻസിന്റെ ഭാഗമായ ന്യൂ കാലിഡോണിയയിൽ നിന്നാണ് ഇവയെ കൊണ്ടു വന്നത്. അവിടത്തെ കാക്കകൾ നേരത്തേത്തന്നെ ‘ബുദ്ധി’ക്കു പേരു കേട്ടതാണ്. പക്ഷേ ഇത്തവണ മാംഗോ ചെയ്തത് മറ്റൊരു ജീവിയും ഇന്നേവരെ ചെയ്യാത്ത അദ്ഭുതമാണ്. സാധാരണ ഗതിയിൽ ഒരു നീളൻ കമ്പു കൊടുത്താൽ അതുപയോഗിച്ചു പലതരം കുസൃതികൾ കാട്ടാനും ഭക്ഷണം തോണ്ടിയെടുക്കാനുമൊക്കെ കാക്കകൾക്കു സാധിക്കും. പക്ഷേ പലതരം വടികൾ നൽകി, അവ കൂട്ടിയോജിപ്പിക്കാൻ പറഞ്ഞാൽ കാക്കൾ വലഞ്ഞതു തന്നെ! ഇവിടെയായിരുന്നു മാംഗോയുടെ കിടിലൻ പ്രകടനം.

മാംഗോ ഉൾപ്പെടെ എട്ടു കാക്കൾക്കു മുന്നിൽ ഗവേഷകർ ഒരു പെട്ടി വച്ചു. അതിന്റെ നടുവിൽ അവയ്ക്കു കഴിക്കാനുള്ള ഭക്ഷണവും. പെട്ടിയുടെ ഇരുവശത്തും ഓരോ കുഞ്ഞുവാതിലുണ്ട്. ഒരു വാതിലിലൂടെ നീളൻ കമ്പു കൊണ്ടു തട്ടിയാൽ മറുവശത്തു കൂടെ ഭക്ഷണം പുറത്തെത്തും. ആ രീതിയിലായിരുന്നു പരീക്ഷണം. അങ്ങനെ ആദ്യം കൊടുത്ത നീളൻ വടി കൊണ്ട് മാംഗോയും എല്ലാ കൂട്ടുകാരും ഭക്ഷണമെടുത്തു. പിന്നെ ഈ കാക്കൾക്ക് കൊടുത്തത് ഓരോ സിറിഞ്ചിന്റെ ട്യൂബും ആണികളുമായിരുന്നു. രണ്ടും കൂട്ടിച്ചേർത്താൽ മാത്രമേ ഭക്ഷണത്തിന്നടുത്തേക്ക് എത്താനുള്ളത്ര നീളമാവുകയുള്ളൂ. അതും നാലു കാക്കകൾ വിജയകരമായി പൂർത്തിയാക്കി. പിന്നെയായിരുന്നു ശരിക്കും പരീക്ഷണം.

സിറിഞ്ച് ട്യൂബുകളും ആണികളും മൂന്നും നാലുമെണ്ണമാക്കിക്കൊടുത്തു. അവയെല്ലാം കൂട്ടിച്ചേർത്ത് നീളൻ വടിയാക്കി ഭക്ഷണം എടുക്കാനായത് മാംഗോക്കാക്കയ്ക്കു മാത്രമായിരുന്നു! പലതരം വസ്തുക്കൾ കൂട്ടിച്ചേർത്ത് ഉപകരണങ്ങളുണ്ടാക്കാൻ മനുഷ്യൻ ആരംഭിച്ചത് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നു. അങ്ങനെ പലതരം ഉപകരണങ്ങളുണ്ടാക്കിപ്പഠിച്ചാണു മനുഷ്യന്റെ ബുദ്ധിയിലും മാറ്റം വന്നത്. കാര്യങ്ങൾ ‘പ്ലാന്‍’ ചെയ്യാനും ഭാഷയ്ക്ക് രൂപം നൽകാനുമൊക്കെ മനുഷ്യൻ തുടങ്ങിയത് അങ്ങനെയായിരുന്നു. ഇന്നത്തെക്കാലത്ത് അഞ്ചു വയസ്സിനും ഒൻപതു വയസ്സിനും ഇടയ്ക്കാണ് കുട്ടികൾ ഇത്തരത്തില്‍ ഉപകരണങ്ങൾ കൂട്ടി യോജിപ്പിക്കാൻ പഠിക്കുന്നതു തന്നെ! അതും ആരെങ്കിലുമൊക്കെ ചെയ്യുന്നതു കണ്ടു പഠിച്ചു വേണം. അഞ്ചു വയസ്സു തന്നെ ഏറെ വൈകിയിട്ടാണെന്നാണു ഗവേഷകരുടെ പക്ഷം.

എന്തായാലും ബുദ്ധി ഉപയോഗിച്ച് ഉപകരണങ്ങളുണ്ടാക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നത് ഉറപ്പ്. അങ്ങനെയെങ്കിൽ മാംഗോക്കാക്കയും കൂട്ടുകാരും അതീവ ബുദ്ധിമാന്മാരാണ്. പക്ഷേ ഈ ബുദ്ധിക്കു പിന്നിലുള്ള രഹസ്യം മാത്രം ഗവേഷകർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എങ്ങനെയാണ് ഈ കാക്കകൾക്കു മാത്രം ഇങ്ങനെ ഓരോന്നും കണ്ടുമനസ്സിലാക്കി പഠിക്കാനാകുന്നെന്നും അറിയാനായിട്ടില്ല. ഇനി അതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.