കാത്തിരിക്കുക, വരുന്നൂ ബഹിരാകാശ ചരിത്രത്തിലെ വമ്പൻ ഹെലികോപ്ടർ പറക്കൽ!, Mars, Helicopter project, Padhippura, Manorama Online

കാത്തിരിക്കുക, വരുന്നൂ ബഹിരാകാശ ചരിത്രത്തിലെ വമ്പൻ ഹെലികോപ്ടർ പറക്കൽ!

നവീൻ മോഹൻ

ഏകദേശം 320 ദിവസമെടുത്തു ഇന്ത്യ അയച്ച പര്യവേക്ഷണ പേടകമായ മംഗൾയാൻ ചൊവ്വാ ഗ്രഹത്തിൽ എത്തിച്ചേരാൻ. ഭൂമിയുടെ അയൽഗ്രഹമെന്നൊക്കെയാണു പേരെങ്കിലും ചൊവ്വയിലെത്തണമെങ്കിൽ ഒരു വർഷത്തോളം സമയമെടുക്കുമെന്നു ചുരുക്കം. അപ്പോഴാണ് ചൊവ്വയിലേക്കൊരു ഹെലികോപ്ടർ അയയ്ക്കാൻ നാസ പദ്ധതിയിട്ടത്. ഈ ഹെലികോപ്ടർ പക്ഷേ ചൊവ്വയിലേക്കു പറന്നു പോവുകയല്ല കേട്ടോ, ചൊവ്വയിലെത്തിയതിനു ശേഷം പറക്കാനാണു പദ്ധതി. പേര് മാർസ് ഹെലികോപ്ടർ എന്നാണെങ്കിലും കാഴ്ചയിൽ ഒരു ഡ്രോണ്‍ പോലെയാണിത്. മാത്രവുമല്ല ഭാരവും വളരെ കുറവ്– ആകെ 1.8 കിലോഗ്രാം. കാർബൺ ഫൈബറും അലൂമിനിയവും സിലിക്കണും ചെമ്പുമെല്ലാം ഉപയോഗിച്ചു പരമാവധി ഭാരം കുറച്ചാണു നിർമാണം.

‘ചുവപ്പൻ ഗ്രഹ’ത്തിലേക്ക് ഇതിനെ എത്തിക്കുന്നത് മറ്റൊരു പേടകമാണ്. മാർസ് 2020 എന്ന പേരിൽ അടുത്ത വർഷം ജൂലൈയിൽ നാസ നടത്തുന്ന യാത്രയിലാണ് ഹെലികോപ്ടറും ഒപ്പം പോവുക. ഇതിന്റെ ഭാഗമായി അയയ്ക്കുന്ന പേടകത്തിൽ ഹെലികോപ്ടറും ഘടിപ്പിച്ചായിരിക്കും വിക്ഷേപണം. ഏകദേശം ആറു മാസം കൊണ്ടു പേടകം ചൊവ്വയിലെത്തുമെന്നും നാസ വ്യക്തമാക്കുന്നു. ചൊവ്വയിൽ മനുഷ്യന് ജീവിക്കാനാകുമോ, അവിടത്തെ മണ്ണിലും പാറയിലുമൊക്കെ എന്തെല്ലാം രാസവസ്തുക്കളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് മാർസ് 2020 വഴി പഠിക്കുക. അതെല്ലാം കഴിഞ്ഞ് പേടകം ‘വിശ്രമിക്കാനിരിക്കുന്ന’ ഒരു ദിവസം ഈ ഹെലികോപ്ടറിനെ പറത്തിവിടും. ചൊവ്വയുടെ ആകാശദൃശ്യം ശേഖരിക്കലാണു പ്രധാന ജോലി. ഒപ്പം മനുഷ്യൻ ചൊവ്വയിലെത്തിയാലും അന്തരീക്ഷം എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് അറിയുകയും.
ചരിത്രത്തിലാദ്യമായിട്ടായിരിക്കും ചൊവ്വാപര്യവേക്ഷണത്തിന്റെ ഭാഗമായി ഒരു വസ്തു അതിന്റെ ആകാശത്തു പറക്കുക. ഇതുവരെയുള്ള പേടകങ്ങളെല്ലാം മണ്ണു കുഴിക്കാനും പാറ പൊട്ടിക്കാനും മണൽ ശേഖരിക്കാനുമൊക്കെയാണു സമയം ചെലവഴിച്ചത്. എന്നാൽ ഭൂമിയിൽ ഹെലികോപ്ടർ പറത്തുന്നതു പോലെ അത്ര എളുപ്പമല്ല ചൊവ്വയിൽ. രണ്ടിടത്തെയും അന്തരീക്ഷത്തിലുള്ള വ്യത്യാസം തന്നെ പ്രധാന പ്രശ്നം. കൊടുംതണുപ്പാണു ചൊവ്വയിൽ. രാത്രിയിൽ ചിലപ്പോളൊക്കെ മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാറുണ്ട്. അതായത് ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനിലയേക്കാളും താഴെ! ഈ തണുപ്പിനെ മറികടന്നു വേണം ഹെലികോപ്ടർ പറക്കാൻ.
ഏതു നിമിഷവും മാറുന്ന ചൊവ്വയിലെ കാലാവസ്ഥയും പ്രശ്നമാണ്. ചൊവ്വയിലെ അന്തരീക്ഷത്തിനു കനം തീരെ കുറവാണ്–അതായത് സാന്ദ്രത കുറവ്. ഭൂമിയിൽ നിന്നു വ്യത്യസ്തമാണ് അവിടത്തെ ഗുരുത്വാകർഷണ ബലവും. ഇതെല്ലാം പരിഹരിക്കാനായി ചൊവ്വയിലെ അന്തരീക്ഷം കലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഗവേഷകർ അതേപടി പുനഃസൃഷ്ടിച്ചു. ലബോറട്ടറിയിലെ ഒരു ചേംബറിൽ നിന്ന് ഓക്സിജനും നൈട്രജനും ഉൾപ്പെടെയുള്ള വാതകങ്ങളെല്ലാം വലിച്ചുകളഞ്ഞു പകരം കാർബൺ ഡൈ ഓക്സൈഡ് നിറച്ചായിരുന്നു പരീക്ഷണം. ഇക്കഴിഞ്ഞ ജനുവരി മുതൽ ഇതിന്റെ പരീക്ഷണപ്പറക്കൽ നടക്കുകയായിരുന്നു. അടുത്തിടെ പരീക്ഷണം വിജയം കണ്ടു, ഗവേഷകർ ഉറപ്പിച്ചു– ഇനി ഹെലികോപ്ടർ ചൊവ്വയിലേക്ക് അയയ്ക്കാം. ചൊവ്വയുടെ ആകാശത്ത് ഏതാനും അടി ഉയരത്തിൽ മാത്രമേ ഹെലികോപ്ടർ പറക്കൂ. പക്ഷേ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തിൽ അതൊരു ഒന്നൊന്നര പറക്കലായിരിക്കുമെന്നത് ഉറപ്പ്.

Summary : Mars, Helicopter project