ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ മീഥെയ്ൻ ‘അപ്രത്യക്ഷം’; എന്തു പറ്റി? നാസയ്ക്കും അറിയില്ല!, NASA, Mars, Methane, Padhippura, Manorama Online

ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ മീഥെയ്ൻ ‘അപ്രത്യക്ഷം’; എന്തു പറ്റി? നാസയ്ക്കും അറിയില്ല!

പണ്ടൊരിക്കൽ, അതായത് 2011ൽ, ചൊവ്വാ ഗ്രഹത്തിലേക്ക് ക്യൂരിയോസിറ്റി എന്നൊരു പേടകം നാസ അയച്ചിരുന്നു. പല പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമെല്ലാമായി ചൊവ്വയിലെ പ്രശസ്തമായ ഗെയ്‌ൽ വിള്ളലിനു സമീപമായിരുന്നു പേടകം ചുറ്റിക്കറങ്ങിയിരുന്നത്. അതിനിടെയായിരുന്നു ഒരു കാറിന്റെ മാത്രം വലുപ്പമുള്ള ആ പേടകം ഒരു ഗംഭീര കണ്ടെത്തൽ നടത്തിയത്. ഭൂമിയിലെ ഗവേഷകരെയെല്ലാം സന്തോഷം കൊണ്ടു കോരിത്തരിപ്പിക്കുന്ന കണ്ടെത്തൽ. കാരണം, ചൊവ്വയിൽ ജീവനു സാധ്യതയുണ്ടെന്നു വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ കണ്ടെത്തലായിരുന്നു അത്. മീഥെയ്ൻ വാതകത്തിന്റെ സാന്നിധ്യമാണ് ക്യൂരിയോസിറ്റി കണ്ടെത്തിയത്. ഭൂമിയിൽ ജൈവ വസ്തുക്കൾ വിഘടിച്ചാണ് മീഥെയ്ൻ വാതകമുണ്ടാകുന്നത്. അങ്ങനെയെങ്കിൽ സൂക്ഷ്മമായിട്ടെങ്കിലും ചൊവ്വയിൽ ജൈവ സാന്നിധ്യം ഉണ്ടാകുമെന്നത് ഉറപ്പ്.

വർഷങ്ങളായി ചൊവ്വയിൽ മീഥെയൻ വാതകത്തിന്റെ സാന്നിധ്യവും ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞു. പക്ഷേ ഭൂമിയിലെ ഒരുകൂട്ടം ഗവേഷകർ സമ്മതിച്ചില്ല– അവർ ഇതിനെപ്പറ്റി കനത്ത ചർച്ച തുടർന്നു. അങ്ങനെയിരിക്കെ ദാ വരുന്നു അടുത്ത കണ്ടെത്തൽ. യൂറോപ്യൻ സ്പെയ്സ് ഏജൻസി അയച്ച മാർസ് എക്സ്പ്രസ് പേടകത്തിന്റെ വകയായിരുന്നു അത്. ക്യൂരിയോസിറ്റി കണ്ടെത്തിയ അളവിലുള്ളത്രയും മീഥെയ്ന്റെ സാന്നിധ്യമാണ് എക്സ്പ്രസും തിരിച്ചറിഞ്ഞത്. പലതരം ടെലസ്കോപ്പുകളുടെ സഹായത്തോടെയായിരുന്നു നിരീക്ഷണം. അതോടെ ഏകദേശം തീരുമാനമായി– ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ട്. നിരീക്ഷണങ്ങളെല്ലാം ആ വഴിക്ക് നീങ്ങുന്നതിനിടെയാണ് ഞെട്ടിക്കുന്ന അടുത്ത റിപ്പോർട്ടെത്തിയത്. ചൊവ്വയിൽ കണ്ടെത്തിയെന്നു പറയപ്പെടുന്ന മീഥെയന്റെ അൽപം പോലും ഒരിടത്തും ബാക്കിയില്ല!

യൂറോപ്യൻ സ്പെയ്സ് ഏജൻസിയും റഷ്യയും സംയുക്തമായി തയാറാക്കിയ ട്രെയ്സ് ഗ്യാസ് ഓർബിറ്ററാണ്(ടിജിഒ) ഈ കണ്ടെത്തൽ നടത്തിയത്. ചൊവ്വയിലെ വാതകങ്ങളുടെ സാന്നിധ്യം കൂടുതൽ വ്യക്തമായി പഠിക്കാനായിരുന്നു ഈ ഉപകരണം അയച്ചത്. ഏതെല്ലാം വാതകങ്ങൾ ഉണ്ട് എന്നതു സംബന്ധിച്ച് കൃത്യമായ പഠനത്തിനും ഇത് ഉപകാരപ്പെടുമായിരുന്നു. സൂര്യപ്രകാശത്തെ എങ്ങനെയാണ് അന്തരീക്ഷത്തിലെ ഓരോ വാതകവും വലിച്ചെടുക്കുന്നതെന്നു നിരീക്ഷിച്ചായിരുന്നു ഓരോന്നിനെയും തരംതിരിച്ചിരുന്നത്. 2018 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നടത്തിയ നിരീക്ഷണത്തിന്റെ ഫലം ഭൂമിയിലേക്ക് അയച്ചപ്പോഴാണ് ഗവേഷകര്‍ ഞെട്ടിയത്. ഇക്കാലയളവിലൊന്നും ചൊവ്വയിലൂടെ പലതവണ സഞ്ചരിച്ചിട്ടും മീഥെയ്ൻ വാതകത്തിന്റെ പൊടിപോലും കണ്ടുപിടിക്കാൻ ‍ടിജിഒക്ക് സാധിച്ചില്ല. ടിജിഒയുടെ നിർമാണത്തിനു നേതൃത്വം നൽകിയ ഡോ.മനീഷ് പട്ടേൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും.

എന്തായാലും ഒന്നുറപ്പ് ചൊവ്വയിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്ന മനുഷ്യനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരിക്കും. കണ്ണടച്ചു തുറക്കും മുന്‍പ് അന്തരീക്ഷം മാറുന്ന ഗ്രഹമാണത്. ഇപ്പോഴിതാ ഒരിക്കല്‍ കണ്ടെത്തിയ മീഥെയ്ൻ തന്നെ പാടെ അപ്രത്യക്ഷമായിരിക്കുന്നു. ഇതൊന്നും ഭൂമിയിലെ സാഹചര്യത്തിൽ ഇത്രപെട്ടെന്ന് ഒരിക്കലും സംഭവിക്കാത്തതാണ്. മീഥെയ്നെ ‘തുരത്താൻ’ തക്ക എന്തു പ്രതിഭാസമാണ് ചൊവ്വയിലുണ്ടായത്? ഗവേഷകർ ആശയക്കുഴപ്പത്തിലാണ്. ‘ഓരോ തവണയും പുതിയ രഹസ്യങ്ങൾ സമ്മാനിച്ച് ചൊവ്വ ഞങ്ങളെ കുഴക്കുകയാണ്. പലതിനും ഉത്തരം പോലും കണ്ടെത്താനാകുന്നില്ല...’ മനീഷ് പറയുന്നു. മീഥെയ്ന്റെ സാന്നിധ്യം ഇനി കണ്ടെത്തിയാലും പ്രശ്നമാണ്. ജീവനെ ഇല്ലാതാക്കാനും തിരികെ കൊണ്ടുവരാനും സാധിക്കുന്ന എന്തു പ്രതിഭാസമാണ് ചൊവ്വയിൽ നടക്കുന്നതെന്നായിരിക്കും അപ്പോഴത്തെ ചോദ്യം!

Summary : NASA, Mars, Methane