വരുമോ തോക്കുകൾ സംസാരിക്കാത്ത ഒരു കാലം' മാർട്ടിൻ ലൂഥർ കിങിന്റെ കൊച്ചുമകളുടെ പ്രസംഗം വൈറൽ

''തൊലിനിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്നമുണ്ട്''. എന്ന മാർട്ടിൻ ലൂഥർ കിങിന്റെ വിഖ്യാതമായ പ്രസംഗം ഇന്നും കാലഹരണപ്പെട്ടിട്ടില്ല. വെളുത്തവന്റെ വെടിയേറ്റ് മാർട്ടിൻ ലൂഥർ എന്ന കറുത്തവൻ അന്തരിച്ചിട്ടു അമ്പതു വർഷങ്ങൾ തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ആ പ്രാസംഗികന്റേയും പ്രസംഗത്തിന്റേയും മഹത്വത്തെ ഒന്നുകൂടി ഉയർത്തിപിടിക്കുകയാണ് ആ കുടുംബത്തിൽ നിന്നുതന്നെയുള്ള ഒരു കൊച്ചുപെൺകുട്ടി. തോക്കുകൾ സംസാരിക്കാത്ത ഒരു കാലത്തെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടു മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ കൊച്ചുമകൾ നടത്തിയ പ്രസംഗത്തിന് ഈ ലോകം മുഴുവൻ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മാർച്ച് ഫോർ ഔർ ലൈവ്സ്, എന്ന റാലിയാണ് യോലാൻഡ റെനേ കിംഗ് എന്ന ഒമ്പതു വയസ്സുകാരിയുടെ ലോകശ്രദ്ധ ക്ഷണിച്ച പ്രസംഗത്തിന് വേദിയായത്. നിരവധി പ്രസംഗങ്ങൾ കൊണ്ട് എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട് മാർച്ച് ഫോർ ഔർ ലൈവ്സ് എന്ന യു എസിലെ റാലി. വളരെ വികാരഭരിതവും ഹൃദയത്തിൽ തൊടുന്നതുമായിരുന്നു യോലാൻഡയുടെ വാക്കുകൾ . എനിക്കൊരു സ്വപ്നമുണ്ടെന്ന മുത്തച്ഛന്റെ വാക്കുകൾ പോലെ തന്നെ കൊച്ചുമകളുടെ പ്രസംഗവും ചരിത്രത്താളുകളിൽ ഇടംപിടിക്കുമെന്നു തന്നെയാണ് അതിന്റെ അന്തഃസത്ത ലോകത്തോട് വിളിച്ചുപറയുന്നത്.

സ്കൂളുകളിൽ പോലും വിദ്യാർത്ഥികൾ തോക്കുമായി വന്നു സഹപാഠികളെ നിസാരകാര്യങ്ങളുടെ പേരിൽ വെടിവെക്കുന്ന അനവധി സംഭവങ്ങൾ ഈ അടുത്തകാലത്തു യു എസ്സിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സാധാരണ ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത ഈ കാലത്തു തോക്കുകൾക്കു എതിരെ എല്ലാവരും ഒരുമിക്കണമെന്ന ആഗ്രഹമാണ് യോലാൻഡ തന്റെ പ്രസംഗത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നത്.

യോലാൻഡയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

''ഞാൻ യോലാൻഡ റെനെ കിങ്, മാർട്ടിൻ ലൂഥർ കിങ്ങിന്റെയും കോറേറ്റെ സ്കോട്ട് കിങ്ങിന്റെയും പൗത്രിയാണ്. എന്റെ മുത്തച്ഛനൊരു സ്വപ്നമുണ്ടായിരുന്നു, നിറത്തിന്റെ പേരിലല്ലാതെ, തങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്തു തന്റെ നാലുമക്കളും ജീവിക്കണമെന്നതായിരുന്നു അത്. എനിക്കുമൊരു സ്വപ്നമുണ്ട്. തോക്കില്ലാത്തൊരു ലോകത്തെക്കുറിച്ച്. നമുക്ക് മതിയാക്കാം...എന്റെ കൂടെ അണിചേരൂ..എന്റെ സ്വപ്നം പങ്കുവെയ്ക്കു..എന്റെ വാക്കുകൾക്ക് ശേഷവും നിങ്ങൾ ഇത് തുടർന്ന് പറയൂ.. ലോകം മുഴുവൻ ഇത് വ്യാപിക്കട്ടെ ...നിങ്ങൾ ഈ വാക്കുകൾ കേൾക്കുന്നുണ്ടോ? ഇത് ഈ ലോകം മുഴുവൻ പടരട്ടേ..നമുക്ക് അണിചേരാം..ഒരു മഹത്തായ തലമുറയാകാം. ഇത് പറയുന്നത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുതന്നെയാകട്ടെ..നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ ഈ വാക്കുകൾ വ്യാപിക്കട്ടെ...ലോകം മുഴുവൻ ഇത് കേൾക്കട്ടെ..നമ്മൾ ഒരു മഹത്തായ തലമുറയാകും. ഈ വിശ്വം മുഴുവൻ ഇത് കേൾക്കട്ടെ... ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ ഈ വാക്കുകൾ നിങ്ങളോടു ചേരട്ടെ...വരൂ..നമുക്ക് കൈകൾ കോർക്കാം.''

ഈ ഒമ്പതുവയസ്സുകാരിയുടെ വാക്കുകൾ ലോകം മുഴുവൻ ഇപ്പോൾ കേൾക്കുന്നുണ്ട്. പലരും ആ വാക്കുകളും പ്രസംഗവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുമുണ്ട്. യോലാൻഡയുടെ ഈ സ്വപ്നവും മഹാനായ ആ മുത്തച്ഛന്റെ സ്വപ്നം പോലെ ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ ...വിശ്വമുണരട്ടെ...കുഞ്ഞുങ്ങൾ തോക്കുകളെ പേടിക്കാതെ ഉറങ്ങട്ടെ...