അന്നം തരുന്നവയെ കൊന്നുകളയില്ല നമ്മൾ; തേനീച്ചകൾക്ക് ഇനി സ്വന്തം ഹോട്ടൽമുറി!
നവീൻ മോഹൻ
അമേരിക്കയിൽ ഒരു വമ്പൻ ഹോട്ടലിന്റെ മുകളിലെ നിലയിൽ തേനീച്ചകൾക്കായി പ്രത്യേക കൂടുകൾ തയാറാക്കുന്നു, ഇംഗ്ലണ്ടിലാകട്ടെ വിവിധ ഭാഗങ്ങളിലായി ഒന്നരക്കോടിയോളം കാട്ടുപൂച്ചെടികൾ വച്ചു പിടിപ്പിക്കുന്നു... ചുമ്മാതല്ല, ഭൂമിയിലെ മനുഷ്യരുടെ അന്നം മുട്ടാതിരിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്. തേനീച്ചകളും നമ്മുടെ ഭക്ഷണം തമ്മിൽ എന്തു ബന്ധം എന്നാണോ? സത്യം പറഞ്ഞാൽ ലോകത്തിലുള്ള 20,000ത്തോളം ഇനം തേനീച്ചകൾ പണി മുടക്കിയാൽ പട്ടിണിയായിപ്പോകും മനുഷ്യർ. തേനീച്ചകൾ പൂക്കളിൽ നിന്നു പൂക്കളിലേക്കു പാറിപ്പറന്നു പരാഗണം നടത്തുന്നതു കൊണ്ടാണു പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള പല ഭക്ഷ്യവസ്തുക്കളും നമുക്ക് ഉൽപാദിപ്പിക്കാൻ തന്നെ സാധിക്കുന്നത്. ലോകത്തിൽ ആകെ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിളകളിൽ മൂന്നിലൊന്നും അങ്ങനെ ലഭിക്കുന്നതാണ്.
പക്ഷേ കീടനാശിനികളുടെ അമിതോപയോഗവും ജനിതക പരിവർത്തനം നടത്തിയ വിളകളും ഭൂമിയിലെ കാലാവസ്ഥ മാറിമറിയുന്നതുമെല്ലാം കാരണം പല ഇനം തേനീച്ചകളും വംശനാശ ഭീഷണിയിലാണ്. അവയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരം പുതിയ പദ്ധതികൾ രൂപപ്പെടുത്തുന്നത്. സ്വീഡനിലുമുണ്ടായി അത്തരമൊരു പദ്ധതി. ഫാസ്റ്റ് ഫൂഡ് നിർമാതാക്കളായ മക് ഡൊണാൾഡ്സായിരുന്നു തേനീച്ചകൾക്കു കൂടു കൂട്ടാൻ വേറിട്ടൊരു വഴി കണ്ടെത്തിയത്. സ്വീഡന്റെ പല ഭാഗങ്ങളിലും അവർ തേനീച്ചകൾക്കായി കൊച്ചു ഹോട്ടലുകളുണ്ടാക്കി. ഇതിനായുള്ള സ്ഥലം എങ്ങനെ കണ്ടെത്തിയെന്നല്ലേ?
സ്വീഡനിൽ പലയിടത്തും മക് ഡൊണാൾഡ്സിന്റെ പരസ്യ ബോർഡുകളുണ്ടായിരുന്നു. ബോർഡിനു മുന്നിൽ വലിയ പരസ്യ വാചകങ്ങൾ, പക്ഷേ പിന്നിലെ സ്ഥലം ഒഴിഞ്ഞു കിടക്കും. ആ ഒഴിഞ്ഞ സ്ഥലത്തായിരുന്നു ‘തേനീച്ച ഹോട്ടലു’കളുണ്ടാക്കിയത്. തേനീച്ചകൾക്കു പ്രിയപ്പെട്ട വടക്കു ദിശയിലേക്കു തിരിച്ചാണ് എല്ലാ കൂടുകളും നിർമിച്ചിരിക്കുന്നത്. പരസ്യങ്ങൾക്കു യാതൊരു കുഴപ്പവും സംഭവിക്കാതെ ഒരു ഡിസൈൻ കമ്പനിയെ പ്രത്യേകമായി ഏൽപിച്ചാണ് മരം കൊണ്ടുള്ള തേനീച്ചഹോട്ടലുകൾ സ്ഥാപിച്ചത്. യഥാർഥ തേനീച്ചക്കൂട് പോലെത്തന്നെ ഈ ‘ഹണീബീ ഹോട്ടലുകളിലും’ നിറയെ ദ്വാരങ്ങളാണ്. ഓരോ ഹോട്ടലിലും ആറു തരം മുറികളുമുണ്ടാകും.
സ്വീഡനിലെ 30% വരുന്ന കാട്ടുതേനീച്ചകളും നാശത്തിന്റെ വക്കിലാണെന്ന് അടുത്തിടെ ഗവേഷകർ കണ്ടെത്തിയിരുന്നു. അവയ്ക്കു വിശ്രമിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്നായിരുന്നു അത്. അങ്ങനെയാണ് ഇത്തരമൊരു ഐഡിയ മക് ഡൊണാൾഡ്സിനു ലഭിച്ചത്. റോഡരികിൽ ഉപയോഗശൂന്യമായി കിടക്കുന്ന പരസ്യബോർഡുകൾ കണ്ടെത്തി അവയ്ക്കു പിന്നിലും സൗജന്യമായി തേനീച്ച ഹോട്ടലുകൾ സ്ഥാപിക്കുന്നുണ്ട്. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമിലെ ആറു വമ്പൻ പരസ്യ ബോർഡുകളിൽ ഇതിനോടകം കൂടുകൾ സ്ഥാപിച്ചു കഴിഞ്ഞു. സംഗതി വിജയിച്ചാൽ അടുത്ത വർഷത്തോടെ സ്വീഡനിലാകെ ഇത്തരം ഹോട്ടലുകൾ ആരംഭിക്കാനാണു കമ്പനി തീരുമാനം. നേരത്തേ തങ്ങളുടെ റസ്റ്ററന്റുകളുടെ മാതൃകയിൽ തേനീച്ചക്കൂടുണ്ടാക്കിയും കമ്പനി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.