ഭൂമിക്കടുത്തേക്ക് തുരുതുരാ ഛിന്നഗ്രഹങ്ങൾ; ഭയപ്പെടുത്താൻ ആപൊഫീസ്!
സിനിമയിൽ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ ഭൂമിക്കു നേരെ ചറപറ പാഞ്ഞു വരുന്ന ഉൽക്കകളും ഛിന്നഗ്രഹങ്ങളും. പക്ഷേ യഥാർഥത്തിലും അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. ഭൂമിയിൽ വന്നിടിക്കുന്നില്ലന്നേയുള്ളൂ, നമ്മുടെ ഗ്രഹത്തിനു തൊട്ടടുത്തു കൂടെ പലപ്പോഴും ഒട്ടേറെ ഛിന്നഗ്രഹങ്ങൾ കടന്നുപോകാറുണ്ട്. ഇപ്പോഴാകട്ടെ അതിന്റെ ‘സീസണാ’ണെന്നു തന്നെ പറയേണ്ടി വരും. ഒരു ഡസനിലേറെ ഛിന്നഗ്രഹങ്ങളാണ് ഒക്ടോബർ ആദ്യ ആഴ്ചകളില്‍ ഭൂമിക്കു സമീപത്തു കൂടെ പാഞ്ഞു പോകുന്നത്. ഇത്തിരിക്കുഞ്ഞന്‍ ഛിന്നഗ്രഹം മുതൽ ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്ഷ്യന്‍ പിരമിഡിന്റെ അത്രയും പോന്നതു വരെയുണ്ട് ഇത്തരത്തില്‍ ഭൂമിയൊ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പായുന്നവരുടെ കൂട്ടത്തിൽ.
ഇത്തിരിക്കുഞ്ഞൻ എന്നു വിശേഷിപ്പിക്കുന്നത് മറ്റു ഛിന്നഗ്രഹങ്ങളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോഴാണു കേട്ടോ. ഏറ്റവും ചെറുതിനു വരെ വലുപ്പം ഒരു ഡബിൾ ഡെക്കർ ബസിനോളം വരും. ഒക്ടോബർ 8 ചൊവ്വാഴ്ചയാണ് ആദ്യ സംഘം ഛിന്നഗ്രങ്ങൾ ഭൂമിക്ക് സമീപത്തു കൂടെ പോയത്. 2019 ടിയു, 2019 ടിഡബ്ല്യു1, 2019 ആർകെ, 2019 ടിസി1, 2019 എസ്ബി6, 2019 ടിഎം, 2019 ടിഎസ് എന്നീ ഛിന്നഗ്രഹങ്ങളാണ് അന്നു പോയതെന്ന് നാസ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും വമ്പൻ 2019 ടിഎം ആണ്. ഇവൻ എന്നെങ്കിലും വന്നു ഭൂമിയിലിടിച്ചാൽ ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകും. എന്നാലും ഭൂമിക്കു മുഴുവൻ ഭീഷണിയാകുന്ന പ്രശ്നങ്ങളൊന്നും 2019 ടിഎമ്മിനു സൃഷ്ടിക്കാനാകില്ല.
ഒക്ടോബർ ഒൻപതിന് മൂന്നു ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ കടന്നു പോയത്– 2019ടിവി1, 2019ടിഇസഡ്, 2019 എസ്എൽ7 എന്നിവയാണവ. പിരമിഡിനോളം പോന്ന ഛിന്നഗ്രഹം ഭൂമിയെ കടന്നു പോയത് ഒക്ടോബർ 10നാണ്. അവന്റെ പേരാണ് 2019 എസ്എക്സ്5. ശനിയാഴ്ച 2019 ടിഎൻ1, 2019എസ്കെ8, 2019എസ്‌വി9, 2019 എസ്ഇ2 എന്നീ ഛിന്നഗ്രങ്ങളും ഭൂമിക്കു സമീപത്തുകൂടെ പോകും. ഞായറാഴ്ച 2019 ടിഎച്ച്2, 2019ടിടി1 എന്നീ ഛിന്നഗ്രഹങ്ങളും കൂടി കടന്നുപോകുന്നതോടെ നാസയിലെ സെന്റർ ഫോർ നിയർ–എർത്ത് സ്റ്റഡീസിലെ ഗവേഷകർക്കു ശ്വാസം വിടാം.
ഇവയിൽ 2019 എസ്എൽ7 എന്ന ഛിന്നഗ്രഹമാണ് ഭൂമിയുടെ ഏറ്റവും സമീപത്തു കൂടെ പോകുക. അതായത് ഏകദേശം 3.37 ലക്ഷം മൈൽ ദൂരത്തിലൂടെ. ഇനിയും 10 വർഷം കൂടി കഴിഞ്ഞാലേ കൂടുതൽ അടുത്ത് ഗവേഷകർക്ക് ഒരു ഛിന്നഗ്രഹത്തെ ലഭിക്കുകയുള്ളൂ. ആപൊഫീസ് എന്നാണ് ആ ഭീകരന്റെ പേര്. സംഘർഷങ്ങളുടെ ഈജിപ്ഷ്യൻ ദേവന്റെ പേരാണ് ഈ ഛിന്നഗ്രഹത്തിനിട്ടിരിക്കുന്നത്. 2029 ഏപ്രിൽ 13നായിരിക്കും ഇത് ഭൂമിക്ക് ഏറ്റവും അടുത്തെത്തുക, ഏകദേശം 19,000 മൈൽ അകലെ. 340 മീറ്റർ വിസ്തൃതിയുള്ള ഈ ഭീമനെ ഭൂമിയിൽ നിന്നു നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുമെന്നതാണു പ്രത്യേകത.
ഒരുകാലത്ത് നാസ കരുതിയിരുന്നത് 2036ൽ ആപൊഫീസ് ഭൂമിയിൽ വന്നിടിക്കുമെന്നായിരുന്നു. അങ്ങനെ വന്നിടിച്ചാൽ ദശലക്ഷക്കണക്കിനു പേരായിരിക്കും മരിക്കുക. ഇടിയുടെ ആഘാതത്തിൽ മൂന്നുമൈൽ വിസ്തൃതിയിൽ വിള്ളൽ വരെ രൂപപ്പെടുമെന്നും നാസ കണക്കുകൂട്ടുന്നു. എന്നാൽ 2029ലെ ആപൊഫീസിന്റെ വരവ് കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ ഭാവിയിൽ ഭൂമിക്കു നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹ ഭീഷണികളെ കൃത്യമായി കണ്ടെത്തി ആകാശത്തുവച്ചു തന്നെ തകർക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനാകുമെന്നാണു ഗവേഷകർ പറയുന്നത്.