ഒരു മീനിന് ദേഷ്യം വന്നാൽ മിന്നിത്തിളങ്ങുന്ന ക്രിസ്മസ് ട്രീ കണ്ടിട്ടുണ്ടോ?, Migue electric eel, Shocking christmas tree. video, Padhippura, Manorama Online

ഒരു മീനിന് ദേഷ്യം വന്നാൽ മിന്നിത്തിളങ്ങുന്ന ക്രിസ്മസ് ട്രീ കണ്ടിട്ടുണ്ടോ?

നവീൻ മോഹൻ

ബസ്‌സ്‌സ്‌സ്... ബ–ബാങ്...ക്രസ്‌നപ്പ ടാട്ട്...സിങ്... പിങ്...ബൂം...സൂം സൂം... ഏതോ അന്യഗ്രഹത്തിലെ ഭാഷയാണോ എന്നായിരിക്കും സംശയം അല്ലേ? ഒന്നുമല്ല, ഒരു അക്വേറിയത്തിൽ നിന്ന് ഇടയ്ക്കിടെ പുറത്തു വരുന്ന ട്വീറ്റുകളാണിത്. ട്വീറ്റ് ചെയ്യുന്നതാകട്ടെ ഒരു ഇലക്ട്രിക് ഈലും. സ്വന്തം ശരീരത്തിൽ നിന്നു പുറത്തുവിടുന്ന വൈദ്യുതി ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്ന ഈ ഈലിന്റെ പേരാണ് മിഗേൽ. യുഎസിലെ ടെന്നസിയിലെ ഒരു അക്വേറിയത്തിലാണ് പുള്ളിക്കാരനുള്ളത്.

ടെന്നസി ടെക് യൂണിവേഴ്‌സിറ്റിയിലെ ഐക്യൂബ് സെന്ററാണ് മിഗേലിന്റെ ശരീരത്തിൽ നിന്നു പുറത്തുവരുന്ന വോൾട്ടേജിന്റെ അളവനുസരിച്ച് പലതരം ട്വീറ്റ് പോസ്റ്റ് ചെയ്യാനുള്ള സംവിധാനമൊരുക്കിക്കൊടുത്തത്. ഇടയ്ക്കിടെ രാജ്യാന്തര വിഷയങ്ങളും വിഡിയോകളുമൊക്കെ മിഗേൽ ട്വീറ്റ് ചെയ്യും. 30,000ത്തോളം ഫോളോവർമാരുമുണ്ട്. 2015 മുതൽ ട്വീറ്റ് തുടങ്ങിയതാണ് മിഗേൽ. ഇങ്ങനെ പലതരം പരീക്ഷണങ്ങൾക്കു നിന്നുകൊടുക്കുകയെന്നതാണു പുള്ളിക്കാരന്റെ ഹോബി. പുതിയൊരു പരീക്ഷണത്തിന്റെ വിഡിയോയും കഴിഞ്ഞ ദിവസം മിഗേൽ തന്റെ @EelectricMiguelഎന്ന അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തു.


ക്രിസ്മസ് ഇങ്ങെത്തിയല്ലോ, എന്നാൽപ്പിന്നെ ഒരു ക്രിസ്മസ് ട്രീയിൽ അല്‍പം ദീപാലങ്കാരം നടത്തിയേക്കാമെന്നു കരുതിയതാണു കക്ഷി. അതിനുവേണ്ടി ഗവേഷകർ ഒരു പ്രത്യേക സംവിധാനം തയാറാക്കി ടാങ്കിലേക്കിട്ടു. അതിനെ സമീപത്തെ ഒരു ക്രിസ്മസ് ട്രീയുമായും ഘടിപ്പിച്ചു. മിഗേലിന്റെ സ്വഭാവം ഇടയ്ക്കിടെ മാറും. അതിനനുസരിച്ച് കറന്റ് പുറത്തുവിടുകയും ചെയ്യും. വെള്ളത്തിലിട്ട പ്രത്യേക സംവിധാനം വഴി കറന്റ് ക്രിസ്മസ് ട്രീയിലെത്തും. അതോടെ ദീപാലങ്കാരങ്ങൾ മിന്നിത്തിളങ്ങും. ടാങ്കിലേക്ക് ഭക്ഷണം എന്തെങ്കിലും ഇട്ടാൽ കൂടുതൽ ശോഭയോടെ വിളക്കുകൾ കത്തും. കാരണം, ഭക്ഷണം കഴിക്കുമ്പോഴും ദേഷ്യം വരുമ്പോഴുമാണ് മിഗേൽ ഏറ്റവും കൂടുതൽ കറന്റ് പുറത്തുവിടുക.

സന്ദർശകർ വരുമ്പോൾ ഈലിന് കുശാലാണെന്നു ചുരുക്കം. ഇടയ്ക്കിടെ നല്ല കിടിലൻ ഭക്ഷണം ടാങ്കിലേക്കു വന്നുകൊണ്ടേയിരിക്കും. ടാങ്കിലെ ഗ്ലാസിൽ ചെറുതായി തട്ടിയാലും ഈൽ കറന്റ് പുറത്തുവിടും. അങ്ങനെ മിഗേലിന്റെ സ്വഭാവമനുസരിച്ചായിരിക്കും മിന്നിത്തിളങ്ങിയും വമ്പൻ ഫ്ലാഷ് തെളിച്ചുമൊക്കെ ക്രിസ്മസ് ട്രീയും പ്രതികരിക്കുക. കുട്ടികൾ ഉൾപ്പെടെ മിഗേലിന്റെ ‘ഷോക്കിങ് ക്രിസ്മസ് ട്രീ’ കണ്ട് അമ്പരക്കുകയാണിപ്പോൾ. ഷോക്കേൽക്കുന്നതിനാൽ പലർക്കും പേടിയാണ് ഈലുകളെ– ഈ പേടി മാറ്റുകയെന്ന ലക്ഷ്യവും ഇത്തരമൊരു രസികൻ നീക്കത്തിനു പിന്നിലുണ്ട്.

Summary: Migue electric eel and shocking christmas tree