ചൊവ്വയിലുണ്ടോ ജീവികളുടെ ഫോസില്‍?; തെളിവ് തരാന്‍ 350 കോടി വര്‍ഷം പഴക്കമുള്ള ‘നദി’
നാസയുടെ നേതൃത്വത്തില്‍ പണ്ട് ക്യൂരിയോസിറ്റി, സ്പിരിറ്റ് എന്നീ പേടകങ്ങള്‍ ചൊവ്വയിലേക്ക് അയച്ചിരുന്നു. ചുവപ്പന്‍ ഗ്രഹമെന്നറിയപ്പെടുന്ന അവിടെ വെള്ളമുണ്ടോയെന്നറിയുകയായിരുന്നു ലക്ഷ്യം. കോടിക്കണക്കിനു വര്‍ഷം മുന്‍പ് ചൊവ്വയില്‍ തടാകവും സമുദ്രവും വരെയുണ്ടായിരുന്നതായി അവ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് മാര്‍സ് റിക്കണസെന്‍സ് ഓര്‍ബിറ്റര്‍ എന്ന പേടകം അയയ്ക്കുന്നത്. ഇതിന്റെ ലക്ഷ്യം ചൊവ്വയിലെ ധാതുക്കളെപ്പറ്റിയും മറ്റും പഠിക്കുകയെന്നതായിരുന്നു. എംആര്‍ഒ എന്നും അറിയപ്പെടുന്ന ഈ പേടകമാണ് ചൊവ്വയില്‍ നിര്‍ണായകമായ ഒരു കണ്ടെത്തല്‍ നടത്തിയത്. ചൊവ്വയിലെ ജെസീറോ എന്നറിയപ്പെടുന്ന ക്രേറ്ററിന്റെ ഓരത്ത് വന്‍തോതില്‍ കാര്‍ബണേറ്റ് നിക്ഷേപം ഉണ്ടെന്നായിരുന്നു അത്.
ഭൂമിയില്‍ ഈ കാര്‍ബണേറ്റ് കൊണ്ടുള്ള ഗുണം എന്താണെന്നറിയാമോ? കാര്‍ബണേറ്റുകളാണ് ചില ഫോസിലുകളെ കോടിക്കണക്കിനു വര്‍ഷം യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കുന്നത്. പണ്ടുകാലത്തെ ചിപ്പിയും ശംഖുമൊക്കെ ഇങ്ങനെയാണു സംരക്ഷിക്കപ്പെടുന്നത്. കൂട്ടത്തില്‍ സ്‌ട്രൊമറ്റലൈറ്റ്‌സ് എന്ന തരം ഫോസിലുകളെ സംരക്ഷിക്കുന്നതിലും കാര്‍ബണേറ്റുകള്‍ക്കു സുപ്രധാന പങ്കുണ്ട്. എന്താണീ സ്‌ട്രൊമറ്റലൈറ്റ്‌സ് എന്നല്ലേ? കോടിക്കണക്കിനു വര്‍ഷം മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഒറ്റക്കോശം മാത്രമുള്ള സയനോബാക്ടീരിയങ്ങള്‍ കൂട്ടത്തോടെ ഒരു പാളിക്കു മുകളില്‍ ഒന്നായി സംരക്ഷിക്കപ്പെട്ടതാണ് സ്‌ട്രൊമറ്റലൈറ്റ്‌സ്. ഇത്തരത്തിലുള്ള ഫോസിലുകള്‍ക്ക് ഏകദേശം 350 കോടി വര്‍ഷത്തെ പഴക്കം വരെ കണ്ടെത്തിയിട്ടുണ്ട്.
സമാനമായ അവസ്ഥയാണ് ചൊവ്വയിലും. അവിടെ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നെങ്കില്‍ അവയുടെ ഫോസിലുകള്‍ ഈ കാര്‍ബണേറ്റുകളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് നാസ പറയുന്നത്. വിള്ളലിനു ചുറ്റുമുള്ള ഭാഗത്തിന് ‘ബാത്ത്ടബ് റിങ് ഓഫ് കാര്‍ബണേറ്റ്‌സ്’ എന്നാണു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേരു തന്നെ. ഇവിടെ ഗവേഷണം നടത്താനുള്ള പേടകമൊന്നും തല്‍ക്കാലത്തേക്ക് ചൊവ്വയില്‍ എത്തിയിട്ടില്ല. പക്ഷേ അടുത്ത വര്‍ഷം ജൂലൈയില്‍ പറന്നുയരുന്ന മാര്‍സ് 2020 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ജെസീറോ ക്രേറ്ററിലെ കാര്‍ബണേറ്റുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന സൂക്ഷ്മ ജീവികളുടെ ഫോസില്‍ കണ്ടെത്തുകയെന്നതാണ്. അതായത്, ചൊവ്വയില്‍ ഇന്നേവരെയുണ്ടായിരിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.
ജെസീറോ വിള്ളലിലൂടെ ഏകദേശം 350 കോടി വര്‍ഷം മുൻപ് ഒരു നദി ഒഴുകിയിരുന്നെന്നാണു കണ്ടെത്തിയിട്ടുള്ളത്. അന്നത്തെ ഒഴുക്കില്‍പ്പെട്ട് പലതരത്തിലുള്ള മണ്ണും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടി ആകെ അഴകുഴമ്പന്‍ മട്ടിലാണു പ്രദേശം. ഈ മണ്ണില്‍ പണ്ടത്തെ, അതായത് കോടിക്കണക്കിനു വര്‍ഷം മുന്‍പത്തെ, ജൈവ തന്മാത്രകളുടെ അവശിഷ്ടങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കലാണ് മാര്‍സ് 2020 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ക്രേറ്ററിലെ മണ്ണിന്റെ ഘടന സംബന്ധിച്ച ഏകദേശ ചിത്രം പലതരം സാറ്റലൈറ്റ് ഫോട്ടോകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ക്രേറ്ററില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ക്ക് അത്രയേറെ വ്യക്തതയില്ല. അതിനാല്‍ത്തന്നെ അവിടെയെത്തി ഗവേഷണം നടത്താന്‍ ഒരു റോബട്ടിക് റോവര്‍ അത്യാവശ്യവുമാണ്.
നേരത്തേ നദി ഒഴുകിയിട്ടുള്ളതിനാലും കാര്‍ബണേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതിനാലും ക്രേറ്ററില്‍ സൂക്ഷ്മജീവികളുടെ ഫോസിലുകൾ ഉറപ്പായും കാണുമെന്ന് നാസ പ്രതീക്ഷിക്കുന്നു. ഫോസില്‍ ഉണ്ടാകുമോയെന്ന് പ*േ ഉറപ്പിച്ചു പറയാനാകില്ല. നിലവിലെ തെളിവുകള്‍ അനുസരിച്ച് ചൊവ്വയില്‍ എവിടെയെങ്കിലും ഫോസിലുകള്‍ക്കായി പരിശോധന നടത്തേണ്ടതുണ്ടെങ്കില്‍ അത് ജെസീറോയിലാണെന്ന് ഉറപ്പിച്ചു പറയുന്നു നാസ. ‘ഇക്കറസ്’ ജേണലില്‍ ഇതു സംബന്ധിച്ച വിശദ പഠനമുണ്ട്. നമുക്കും കാത്തിരിക്കാമല്ലേ, മാര്‍സ് 2020 കൊണ്ടുവരുന്ന ഫോസിൽ വാര്‍ത്തകള്‍ക്കായി...
Summary : Minerals detected in Jezero Crater to preserve tiny fossils