പരുന്തിന്റെ ചിത്രവുമായി ഈജിപ്ഷ്യൻ ശവപ്പെട്ടി; സിടി സ്കാനിൽ കണ്ടത് മനുഷ്യക്കുഞ്ഞിനെ!, Misidentified Egyptian hawk mummy, human baby, Padhippura, Manorama Online

പരുന്തിന്റെ ചിത്രവുമായി ഈജിപ്ഷ്യൻ ശവപ്പെട്ടി; സിടി സ്കാനിൽ കണ്ടത് മനുഷ്യക്കുഞ്ഞിനെ!

ഇംഗ്ലണ്ടിലെ കെന്റിലുള്ള മെയ്ഡ്സ്റ്റോൺ മ്യൂസിയത്തിൽ ഒരു ചെറിയ ശവപ്പെട്ടിയുണ്ട്. ഈജിപ്തിൽനിന്നു ലഭിച്ച് രാജ്യത്തേക്ക് എത്തിച്ചതാണ്. ഏകദേശം 2100 വർഷത്തെ പഴക്കമുണ്ട്. ശവപ്പെട്ടിയുടെ മുകളിൽ ഒരു പ്രാപ്പിടിയൻ പരുന്തിന്റെ പടവുമുണ്ട്. പെട്ടിക്കാകട്ടെ ഒരു പക്ഷിയുടെ വലുപ്പമേയുള്ളൂ. പുരാതന ഈജിപ്തിൽ മൃഗങ്ങളെയും മനുഷ്യരെയുമൊക്കെ മമ്മികളാക്കി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ കെന്റിലെ മ്യൂസിയത്തിലെ പെട്ടിയിലും ഏതെങ്കിലും ഒരു പക്ഷിയുടെ മമ്മിയായിരിക്കുമെന്ന് അധികൃതരും കരുതി. കാര്യമായ പരിശോധനയും നടത്തിയില്ല. അതിനിടെയാണ് മനുഷ്യമമ്മിയെ അടക്കം ചെയ്ത ഒരു ശവപ്പെട്ടി സിടി സ്കാൻ വഴി പരിശോധിക്കാൻ 2016ൽ മ്യൂസിയം അധികൃതർ തീരുമാനിച്ചത്. അതോടൊപ്പം മറ്റു ചില പെട്ടികളിലും സിടി സ്കാനിങ് നടത്താനും തീരുമാനമുണ്ടായി. പക്ഷിയുടെ ചിത്രം വരച്ച ശവപ്പെട്ടിയായിരുന്നു അതിലൊന്ന്.

സിടി സ്കാൻ വഴി ലഭിച്ച ചിത്രം കണ്ടപ്പോഴാണ് ഗവേഷകർക്ക് ഒരു കാര്യം മനസ്സിലായത്. അതിനകത്ത് പക്ഷിയുടെ മമ്മിയായിരുന്നില്ല! നെഞ്ചിൽ കൈകൾ പിണച്ചു ചേർത്തുവച്ച നിലയിലായിരുന്നു മൃതദേഹം. വലുപ്പക്കുറവ് കാരണം അതൊരു കുരങ്ങന്റെ മമ്മിയായിരിക്കുമെന്നും മ്യൂസിയം അധികൃതർ കരുതി. പക്ഷേ മമ്മിയുടെ രൂപം കുരങ്ങുമായി ചേരുന്നില്ല. അങ്ങനെയാണ് കാനഡയിലെ പ്രശസ്ത ആന്ത്രപ്രോളജിസ്റ്റായ ആൻഡ്രൂ നെൽസനെ വിളിച്ചുവരുത്തിയത്. മമ്മികളെപ്പറ്റി വിശദമായി പഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സംഘംതന്നെ ആ സിടി സ്കാൻ ചിത്രം പരിശോധിച്ചു. അങ്ങനെയാണ് അക്കാര്യം കണ്ടെത്തിയത്–ആ മമ്മി ഒരു മനുഷ്യക്കുഞ്ഞിന്റെ ഭ്രൂണമായിരുന്നു.


ഏകദേശം 22–28 ആഴ്ച പ്രായമുള്ള ആ കുഞ്ഞിന്റെ മസ്തിഷ്കത്തിനും തലയോട്ടിക്കും പൂർണ വളർച്ചയുണ്ടായിരുന്നില്ല. നട്ടെല്ലിനും വളർച്ചയെത്താതെ ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. തലയ്ക്കു പിറകിലായിരുന്നു ചെവികൾ! ചുണ്ടിനും താടിയെല്ലിനുമെല്ലാം പ്രശ്നമുണ്ടായിരുന്നു. തലയോട്ടിയും മസ്തിഷ്കവും പൂർണവളർച്ചയെത്താതാകുന്ന അനൻസെഫലി എന്ന അവസ്ഥയായിരുന്നു കുട്ടിക്കെന്നും കണ്ടെത്തി. എന്നാൽ കൈകാൽ വിരലുകളെല്ലാം കൃത്യമായി രൂപപ്പെട്ടിരുന്നു. സാധാരണ ഇത്തരം കുട്ടികൾ മരിക്കുമ്പോൾ പ്രത്യേക മൺപാത്രത്തിലാക്കി വീടിനകത്തുതന്നെ സംസ്കരിക്കുകയായിരുന്നു ഈജിപ്തിലെ രീതി. എന്നാൽ ഈ കുട്ടി കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നിരിക്കണമെന്നാണു ഗവേഷകർ പറയുന്നത്. അതിനാലാണ് എല്ലാ ബഹുമതികളോടെയും മമ്മിഫിക്കേഷൻ നടത്തിയത്.

അനൻസെഫലി ബാധിച്ച ഒരു കുട്ടിയുടെ മമ്മി 1826ലും കണ്ടെത്തിയിരുന്നു. അതിനു ശേഷം ഈ മമ്മി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭ്രൂണം മമ്മിഫിക്കേഷന് വിധേയമാക്കുന്നതും ഈജിപ്തിൽ അപൂർവമാണ്. അത്തരത്തിൽ ലഭിച്ച എട്ട് മമ്മികളിൽ ഒന്നാണിത്. എന്തുകൊണ്ടാണ് ഈ കുട്ടിക്ക് കുടുംബം ഇത്രയേറെ പ്രാധാന്യം നൽകിയതെന്നത് ഇപ്പോഴും ദുരൂഹമാണ്. ശവപ്പെട്ടിയിൽ പ്രാപ്പിടിയന്റെ ചിത്രം വരച്ചതിനും ഉത്തരമില്ല. മാത്രവുമല്ല ഈജിപ്ഷ്യൻ ദൈവമായ ഹോറസിനെപ്പറ്റിയും ഹൈറോഗ്ലിഫിക്സ് ലിപിയിൽ ശവപ്പെട്ടിയിൽ രേഖപ്പെടുത്തിയിരുന്നു. ഫാൽക്കൺ പക്ഷിയുടെ മുഖവും മനുഷ്യന്റെ ശരീരവുമുള്ള ദൈവമായിരുന്നു ഹോറസ്. ഇത്തരം മമ്മികൾക്കൊപ്പം അടക്കം ചെയ്യുന്ന മറ്റു വസ്തുക്കളിൽനിന്ന് അവയുടെ ചരിത്രം സംബന്ധിച്ച ഉത്തരം ലഭിക്കേണ്ടതാണ്. എന്നാൽ നിർഭാഗ്യവശാൽ അത്തരം വിവരങ്ങളൊന്നും ഈ മമ്മിക്കൊപ്പമുണ്ടായിരുന്നില്ല.